സെക്യൂരിറ്റി സര്‍വീസുകള്‍ക്കും പോലീസിനും പ്രത്യേക അധികാരങ്ങള്‍ നല്‍കിക്കൊണ്ട് പുതിയ തീവ്രവാദവിരുദ്ധ നയം. ചില കമ്യൂണിറ്റികളെ പ്രത്യേകമായി ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ നയം തയ്യാറാക്കിയിരിക്കുന്നത്. ജനങ്ങള്‍ തീവ്രവാദത്തിലേക്ക് ചായാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള കമ്യൂണികളിലെ ആളുകളെ സംശയമുണ്ടെങ്കില്‍ പിടികൂടാന്‍ ഈ നയം അനുമതി നല്‍കുന്നു. ഭീകരാക്രമണങ്ങള്‍ക്ക് അന്തിമ പദ്ധതി തയ്യാറാക്കുന്നതിനു മുമ്പുതന്നെ ഗൂഢാലോചന നടത്തുന്നവരെ പിടികൂടാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിശദീകരണം. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഈ വിധത്തിലുള്ള ഒരു ചുവടുമാറ്റം അനിവാര്യമാണെന്ന് സെക്യൂരിറ്റി മേധാവിമാര്‍ കരുതുന്നതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തീവ്രവാദത്തിനും തീവ്രവാദ ആശയങ്ങള്‍ക്കും പടരാന്‍ കൂടുതല്‍ സാഹചര്യങ്ങളുള്ള കമ്യൂണിറ്റികളില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും ഏതെങ്കിലും വിധത്തിലുള്ള ഭീകരാക്രമണ പദ്ധതികള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവ തടയുന്നതിന് എംഐ 5നും ഡിറ്റക്ടീവുകള്‍ക്കും പ്രത്യേക അധികാരങ്ങള്‍ നല്‍കുമെന്നും ഭീകരവിരുദ്ധനയത്തിന്റെ പുറത്തായ രേഖകള്‍ വ്യക്തമാക്കുന്നു. ഈ വിധത്തില്‍ ചില സമൂഹങ്ങളെ മാത്രം ലക്ഷ്യമിടുന്നത് ഈ നയത്തെ വിവാദത്തിലേക്ക് നയിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്റര്‍, വെസ്റ്റ്മിന്‍സ്റ്റര്‍, ലണ്ടന്‍ ബ്രിഡ്ജ് എന്നിവിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നയത്തിന് രൂപം നല്‍കിയിരിക്കുന്നത്. ഈ ആക്രമണങ്ങളില്‍ 35 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

സുരക്ഷാ സര്‍വീസുകളുടെ നിരീക്ഷണത്തിലുണ്ടായിരുന്ന 23,000 തീവ്രവാദികളില്‍പ്പെടുന്നവരായിരുന്നു ആക്രമണങ്ങളില്‍ പങ്കെടുത്ത മൂന്ന് പേര്‍. അവരില്‍ ഒരാളുടെ പേരില്‍ മാത്രമായിരുന്നു എംഐ5 അന്വേഷണം നടത്തി വന്നിരുന്നത്. പുതിയ പദ്ധതിയനുസരിച്ച് തീവ്രവാദത്തിനുള്ള ജയില്‍ ശിക്ഷ വര്‍ദ്ധിപ്പിക്കുകയും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവരെ കര്‍ശന നിരീക്ഷണത്തിന് വിധേയരാക്കുകയും ചെയ്യും. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും കൗണ്‍സിലുകള്‍ക്കും പ്രവിശ്യാ സര്‍ക്കാരുകള്‍ക്കും തങ്ങളുടെ നിരീക്ഷണത്തിലുള്ള വ്യക്തികളേക്കുറിച്ച് പോലീസിനും എംഐ 5നും വിവരങ്ങള്‍ കൈമാറാനും കഴിയും. പുതിയ നയം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടപ്പാകുമെന്നാണ് കരുതുന്നത്.