ഐസിസില്‍ നിന്ന് തിരികെയെത്തുന്ന ബ്രിട്ടീഷുകാര്‍ രാജ്യത്തിന് ഭീഷണിയാകുമെന്ന് എംഐ6 തലവന്‍ അലക്‌സ് യംഗര്‍. എന്നാല്‍ അവര്‍ രാജ്യത്തേക്ക് തിരികെയെത്തുന്നതിനെ തടയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക പരിശീലനവും തീവ്രവാദ ബന്ധങ്ങളുമുള്ള ഇവര്‍ തിരിച്ചെത്തുന്നത് വലിയ ഭീഷണിയായിരിക്കും സൃഷ്ടിക്കുകയെന്ന് അപൂര്‍വമായി മാത്രം നടത്തുന്ന പൊതു പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി. ലണ്ടനില്‍ നിന്ന് റഖിലെത്തി ഐസിസ് വധുവായ ഷമീമ ബീഗം എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി തിരികെ യുകെയില്‍ എത്തണമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് വന്‍ ചര്‍ച്ചകളാണ് ഇക്കാര്യത്തില്‍ നടക്കുന്നത്. 2015ല്‍ ഐസിസില്‍ ചേര്‍ന്ന ഷമീമയ്ക്ക് യുകെയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് കുടുംബം ആവശ്യമുന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്റലിജന്‍സ് തലവന്റെ പ്രസ്താവന.

അതേസമയം ഷമീമയ്ക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കില്ലെന്നാണ് ഹോം സെക്രട്ടറി സാജിദ് ജാവീദ് കഴിഞ്ഞ ദിവസം പറഞ്ഞത്. സിറിയയില്‍ അന്തിമ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ ഐസിസ് കേന്ദ്രങ്ങളില്‍ നിന്ന് ആയിരക്കണക്കിന് തീവ്രവാദികള്‍ രക്ഷപ്പെട്ടിട്ടുണ്ട്. ഐസിസിന്റെ ഏറ്റവും അവസാനത്തെ ശക്തികേന്ദ്രത്തിനെതിരെ ശക്തമായ യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഭീകര സംഘടനയില്‍ നിന്ന് ഒട്ടേറെപ്പേര്‍ തിരികെയെത്താന്‍ സാധ്യതയുണ്ട്. ഷമീമയുടെ പേര് എടുത്തു പറയാതെയാണ് യംഗര്‍ പ്രസ്താവന നടത്തിയതെന്ന് ഈവനിംഗ് സ്റ്റാന്‍ഡാര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുജനങ്ങളുടെ സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും മ്യൂണിക്ക് സെക്യൂറിറ്റി കോണ്‍ഫറന്‍സില്‍ അദ്ദേഹം വ്യക്തമാക്കി. യുകെയില്‍ തിരികെയെത്തുന്നവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും അവരെ ചോദ്യം ചെയ്യുമെന്നും യംഗര്‍ പറഞ്ഞു. അവര്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന് നേരത്തേയുള്ള അനുഭവങ്ങളാണ് ഇത്തരമൊരു നിലപാടിലേക്ക് തങ്ങളെ എത്തിക്കുന്നത്. തീവ്രവാദ സംഘങ്ങളുമായി ബന്ധപ്പെടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തവര്‍ അപകടകാരികളായി മാറിയ അനുഭവമാണ് ഉള്ളത്. ഭാവിയില്‍ എന്താണ് സംഭവിക്കുക എന്നത് പ്രവചിക്കാനാകില്ല. പക്ഷേ സങ്കീര്‍ണ്ണമായ ഒരു സാഹചര്യമാണ് ഇത്. പക്ഷേ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് രാജ്യത്തേക്ക് തിരിച്ചു വരാന്‍ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഈ വിധത്തില്‍ തിരിച്ചെത്തുന്നവര്‍ അന്വേഷണങ്ങളെ നേരിടാനും കടുത്ത നിയന്ത്രണത്തിലും നിരീക്ഷണത്തിലും ജീവിക്കാനും തയ്യാറായി വേണം മടങ്ങാനെന്ന് കൗണ്ടര്‍ ടെററിസം പോലീസിംഗ് അസിസ്റ്റന്റ് കമ്മീഷണര്‍ നീല്‍ ബസു മുന്നറിയിപ്പ് നല്‍കി.