പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ പിതാവും അമേരിക്കന്‍ ടാലന്റ് മാനേജറുമായ ജോസഫ് ജാക്‌സനെന്ന ജോയ് ജാക്‌സണ്‍ അന്തരിച്ചു. മൈക്കള്‍ ജാക്‌സന്‍ മരിച്ച് ഒന്‍പത് വര്‍ഷം തികഞ്ഞ് രണ്ട് ദിവസം പിന്നിടുമ്പോഴാണ് പിതാവിന്റെ അന്ത്യം. ആഗ്നേയഗ്രന്ഥിയിലെ അര്‍ബുദ ബാധയെ തുടര്‍ന്ന ദീര്‍ഘകാലങ്ങളായി ചികിത്സയിലായിരുന്നു ജോസഫ്. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 22ാം തിയ്യതി മുതല്‍ ലാസ്‌വേഗാസിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. മൈക്കിള്‍ ജാക്‌സന്റെ വക്താവായിരുന്ന റെയ്മണ്‍ ബെയിന്‍ ആണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

സാമുവല്‍ ജാക്‌സണ്‍- ക്രിസ്റ്റല്‍ ലീ കിംങ് ദമ്പതികളുടെ അഞ്ചുമക്കളില്‍ ഇളയവനായി 1928ല്‍ യു.എസിലെ ഫൗണ്ടണ്‍ ഹില്ലിലാണ് ജോസഫിന്റെ ജനനം. മൈക്കിള്‍ ജാക്‌സന്റെ സംഗീത ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തികളിലൊരാളാണ് ജോസഫ്. മക്കളായ മൈക്കിള്‍, ജാക്കി, ടിറ്റോ, ജെര്‍മെയ്ന്‍, മാര്‍ലണ്‍, എന്നിവരെ ഉള്‍പ്പെടുത്തി 1965ല്‍ ജോസഫ് ഒരു സംഗീത ബാന്‍ഡ് രൂപീകരിച്ചു. ഈ സംഗീത ബാന്‍ഡിലൂടെയാണ് മൈക്കിള്‍ പേരെടുത്തത്. ജോസഫിന്റെയും കാതറിന്‍ എസ്റ്റര്‍ ജാക്‌സന്റെയും പത്തുമക്കളില്‍ എട്ടാമത്തെ മകനായിരുന്നു മൈക്കിള്‍ ജാക്‌സണ്‍. ഗായികയും നടിയുമായ ജാനറ്റ് ജാക്‌സണ്‍ ജോസഫിന്റെ മകളാണ്.