ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനായി മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ ബിൽ ഗേറ്റ്സ് ഡയറക്ടർ ബോർഡിൽ നിന്നും രാജിവെച്ചു. മൈക്രോസോഫ്റ്റ് തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നുവെന്ന് പറഞ്ഞ ബിൽ ഗേറ്റ്സ്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നഥല്ലയുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും ടെക്‌നോളജി അഡ്‌വൈസറായി തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

64 കാരനായ ബിൽ ഗേറ്റ്സ് ഒരു ദശാബ്ദത്തിനു മുൻപുതന്നെ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിർത്തിയിരുന്നു. ഭാര്യ മെലിൻഡയ്‌ക്കൊപ്പം ആരംഭിച്ച സന്നദ്ധ സംഘടനയുടെ പ്രവർത്തതാനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അദ്ദേഹം. ‘വർഷങ്ങളായി ബിൽ ഗേറ്റ്‌സിനൊപ്പം പ്രവർത്തിക്കാനും പഠിക്കാനും സാധിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന്’ മൈക്രോസോഫ്റ്റ് ചീഫ് എക്സിക്യൂട്ടീവും കമ്പനി വെറ്ററനുമായ സത്യ നാഡെല്ല പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ‘ജനാധിപത്യവൽക്കരണത്തിൽ സോഫ്റ്റ്‌വെയറിന്റെ ശക്തിയിലുള്ള വിശ്വാസവും സമൂഹത്തിന്റെ ഏറ്റവും വലിയ വെല്ലുവിളികൾ പരിഹരിക്കാനുള്ള അഭിനിവേശവുമാണ്’ ബില്ലിനെ മൈക്രോസോഫ്റ്റ് പോലൊരു കമ്പനിക്ക് രൂപം നൽകാൻ പ്രാപ്തനാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാങ്കേതിക ഉപദേഷ്ടാവെന്ന നിലയിൽ ഗേറ്റ്സിന്റെ സാങ്കേതിക അഭിനിവേശവും ഉപദേശവും മൈക്രോസോഫ്റ്റ് ലഭിക്കുന്നത് തുടരുമെന്നും നാഡെല്ല പറഞ്ഞു. ചാരിറ്റബിൾ ഫൗണ്ടേഷനിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനായി കമ്പനിയുടെ നിയന്ത്രണം സ്റ്റീവ് ബാൽമറിന് നൽകികൊണ്ട് 2000-ലാണ് ഗേറ്റ്സ് തന്റെ സിഇഒ സ്ഥാനം ഉപേക്ഷിക്കുന്നത്.