വ്രതാനുഷ്ഠാനത്തിന്‍റെ വിശുദ്ധിയിലാണ് ഇസ്ലാം മത വിശ്വാസികള്‍. ഇനിയുള്ള ഒരു മാസം ഉപവാസത്തിന്‍റെയും ഉപാസനയുടെയും നാളുകള്‍. ആത്മസംസ്കരണത്തിന്‍റെ മഹനീയ പാഠങ്ങള്‍ ചിട്ടയാര്‍ന്ന ജീവിതക്രമമാക്കി സമര്‍പ്പിക്കുന്ന റമസാന്‍ സമസ്ത മേഖലകളിലും ലോക സമാധാനംകൂടിയാണ് ലക്ഷ്യമാക്കുന്നത്.

വിശുദ്ധ ഖുര്‍ആന്‍റെ അവതരണവും നിര്‍ബന്ധ വ്രതാനുഷ്ഠാനവും കൊണ്ട് അനുഗ്രഹിച്ച മാസമാണ് റമസാന്‍. ഭൗതിക ലോകത്തിലെ ആകര്‍ഷണങ്ങളില്‍നിന്ന് മനസിനെ വിലക്കി ആത്മീയതയുടെ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന പുണ്യ ദിനങ്ങള്‍. ഈ മാസത്തില്‍ ജീവിച്ചിരിക്കുന്നവര്‍ വ്രതാനുഷ്ഠാനത്തിലൂടെ പാപമുക്തി നേടിയിരിക്കണമെന്ന് സാരം. പാപരഹിതമായ ജീവിതം നയിക്കുക വഴി വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും നന്മയുടെ പ്രസരണം ഉണ്ടാകണം എന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഇസ്ലാമി‍ന്‍റെ അഞ്ചു അടിസ്ഥാന ശിലകളില്‍ നാലാമത്തേതാണ് റമസാനിലെ വ്രതാനുഷ്ഠാനം. പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള വിശ്വാസിക്ക് നോമ്പെടുക്കല്‍ നിര്‍ബന്ധം. ദൈവത്തിന്‍റെ വിധിവിലക്കുകള്‍ അനുസരിച്ച് പുലര്‍ച്ചെ മുതല്‍ സന്ധ്യ വരെ അന്ന പാനീയങ്ങള്‍ വെടിയുന്നതോടെ ഒരു ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാകും. ദൈവത്തിന്‍റെ കാരുണ്യവര്‍ഷത്തിനായി വ്രതമെടുക്കുന്ന വിശ്വാസികള്‍ അഞ്ചു നേരത്തെ നമസ്കാരത്തിലും അനുബന്ധ പ്രാര്‍ഥനകളിലുമായി മുഴുകുന്നു. റമസാനില്‍ പ്രത്യേകമായുള്ള തറാവീഹ് നമസ്കാരത്തില്‍ പങ്കെടുക്കാനെത്തുന്ന വിശ്വാസികളെ കൊണ്ട് ഭക്തിസാന്ദ്രമാണ് ആരാധനാലയങ്ങള്‍.
കേവലം ഉപവാസം കൊണ്ട് മാത്രം വ്രതാനുഷ്ഠാനം പൂര്‍ണമാകില്ല. ഒപ്പം ശരീരത്തിലും മനസിലും വാക്കിലും പ്രവൃത്തിയിലും വിശുദ്ധി നിലനിര്‍ത്തുമ്പോഴേ അത് സാര്‍ഥകമാകൂ. നോമ്പടുക്കുന്നതുപോലെ തന്നെ പുണ്യമേറിയതാണ് നോമ്പ് തുറപ്പിക്കുന്നതും. പങ്കുവയ്ക്കലിന്‍റെ മഹത്തായ സന്ദേശമാണ് സമൂഹ നോമ്പുതുറ ലോകത്തിന് സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ സമഭാവനയും സമത്വവും സാഹോദര്യവും കുടികൊള്ളുന്ന ഇഫ്താര്‍ ടെന്‍റുകളിലേക്ക് ജാതിമത ഭേദമന്യെ ഏവരെയും സ്വാഗതം ചെയ്യുന്ന കാഴ്ച ഗള്‍ഫിന്‍റെ പ്രത്യേകതയാണ്.