അഭയാർത്ഥി ദുരിതത്തിൽ നിന്നും ജീവിതത്തിന്റെ മറുകര േതടിയിറങ്ങിയ അച്ഛനും മകൾക്കും പാതിവഴിയിൽ ജീവൻ നഷ്ടപ്പെട്ട കാഴ്ച്ച ആരുടെയും ഉള്ളുലയ്ക്കുന്നതായിരുന്നു. അച്ഛന്റെ ടീഷർട്ടിനുളളിൽ കരുതൽ തേടിയ കുഞ്ഞുവലേറിയയും കുഞ്ഞോമനയെ കൈവിടാതെ അടക്കിപ്പിടിച്ച അച്ഛൻ മാർടിനസും അമേരിക്കൻ പ്രസിഡണ്ട് ഡോണൽഡ് ട്രംപിന്റെയും മനസ്സിന് വേദനയായി മാറിയെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ വ്യക്തമാണ്. ‘ഞാൻ ആ ചിത്രത്തെ വെറുക്കുന്നു, അയാൾ നല്ലൊരു അച്ഛനാണ്. ഇതാണ് ആ ഫോട്ടോ കണ്ട ട്രംപിന്റെ പ്രതികരണം. ട്രംപിന്റെ കടുത്ത അതിർത്തി നയം ലോകത്തിന് മുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നു ഡെമോക്രാറ്റുകൾ വിമർശനം അഴിച്ചു വിടുന്നതിനിടെയാണ് കുഞ്ഞു വലേറിയയ്ക്ക് മുൻപിൽ ട്രംപും നിശബ്ദനായത്.

അഭയാര്‍ത്ഥി പ്രവാഹം രാജ്യത്തിന്‍റെ തെക്കൻ അതിർത്തി നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയാണെന്നും അതിനെ നേരിടേണ്ടത് അത്യാവശ്യമാണെന്നും ട്രംപ് പറഞ്ഞു. അതിർത്തി നയങ്ങളെ പിന്തുണയ്ക്കാൻ പ്രതിപക്ഷം വിസമ്മതിക്കുന്നതാണ് അനധികൃത കുടിയേറ്റക്കാരുടെ മരണത്തിന് കാരണമാകുന്നതെന്ന തൊടുന്യായവും ട്രംപ് പറഞ്ഞു.
രണ്ടു മാസത്തിലേറായി ഈ കുടുംബം മെക്സിക്കോയിൽ എത്തിയിട്ട്. കൊടുംചൂടിൽ വെന്തുരുകുന്ന അഭയാർഥി ക്യാംപിലെ താമസം തന്നെ ഈ കുടുംബത്തിന് തീരാദുരിതമാണ് സമ്മാനിച്ചത്. ക്യാംപിലെ താമസം അസഹനീയമായപ്പോൾ നദി കടന്ന് അക്കരെ പോകാൻ തീരുമാനിക്കുകയായിരുന്നു. മകളെയും കൊണ്ട് ആദ്യം നദി നീന്തിക്കടന്ന റാമിറസ് ഭാര്യയെ കൊണ്ടുപോകാൻ തിരികെ പോവുന്നത് കണ്ട മകള്‍ നദിയിലേക്ക് ചാടുകയായിരുന്നു. വെള്ളത്തില്‍ വീണ മകളെ പിതാവ് മുറുകെ പിടിച്ചെങ്കിലും കുത്തൊഴുക്കിനെ മറികടക്കാന്‍ സാധിച്ചില്ല

മെക്സിക്കൻ പത്രഫോട്ടോഗ്രാഫർ ജൂലിയ ലെ ഡ്യൂക്ക് പകർത്തിയ ചിത്രം പുറത്തെത്തിയതോടെ ലോകം കുഞ്ഞു വലേറിയയുടെ മരണത്തിൽ വേദനിച്ചു. ഇനിയൊരു കുഞ്ഞിനും ഇത്തരം ഗതി വരരുതെന്ന് ആഗ്രഹിച്ചു. ‘ഈ ഫോട്ടോ കണ്ടെങ്കിലും ആരെങ്കിലും എന്തെങ്കിലും ചെയ്തെങ്കില്‍. അതിര്‍ത്തിയിലെ നദിയില്‍ ഇങ്ങനെ മുങ്ങി മരിക്കുന്ന അഭയാര്‍ഥികളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇനിയും ആവില്ല’ ജൂലിയ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്ക് തടയുന്നതിനായി യുഎസും മെക്സിക്കോയും കർശനമായ നയങ്ങൾ നടപ്പിലാക്കി തുടങ്ങിയതിനു പിന്നാലെ ഇവിടെ മരിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. ഹോണ്ടുറാസ്, ഗ്വാട്ടിമാല, എൽസാൽവഡോർ എന്നിവിടങ്ങളിലെ അനിയന്ത്രിതമായി തുടരുന്ന അക്രമങ്ങളും ദാരിദ്ര്യവുമാണ് യുഎസിനെ സ്വപ്നം കാണാൻ പലരെയും പ്രേരിപ്പിക്കുന്നത്. കുടിയേറ്റത്തിനെതിരെ കർശന നിലപാടെടുക്കുന്ന ട്രംപിന്റെ നിലപാടുകളാണ് കുടിയേറ്റക്കാരെ കൂടുതൽ സാഹസത്തിലേക്കും അപടകടത്തിലേക്കും തള്ളിവിടുന്നതെന്നാണ് രാഷ്ട്രീയ വിമർശകർ ഉയർത്തുന്ന ആരോപണം.