ലണ്ടന്‍: യുകെയില്‍ നിന്ന് തിരികെ പോകുന്ന യൂറോപ്യന്‍ പൗരന്‍മാരുടെ എണ്ണം പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ യുകെ വിട്ടത് 1,30,000 യൂറോപ്യന്‍ പൗരന്‍മാരാണെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു. ഇതേ കാലയളവില്‍ യുകെയിലെത്തിയ യൂറോപ്യന്‍ പൗരന്‍മാരുടെ എണ്ണം 2,20,000 വരും. രാജ്യത്തേക്ക് എത്തുന്നവരുടെയും തിരിക പോകുന്നവരുടെയും എണ്ണത്തിലുള്ള വ്യത്യാസം 90,000 വരും. അഞ്ച് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.

യുകെ വിടാനുള്ള യൂറോപ്യന്‍ പൗരന്‍മാരുടെ തീരുമാനത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കാനാകുന്നത് ബ്രെക്‌സിറ്റാണ്. ഇതു കൂടാതെ മറ്റ് വിവിധ കാരണങ്ങളും കുടിയേറ്റത്തെയും തിരികെയുള്ള പോക്കിനെയും ബാധിക്കാമെന്ന് ഒഎന്‍എസ് ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഹെഡ് നിക്കോള വൈറ്റ് പറഞ്ഞു. ബ്രിട്ടീഷ് പൗരന്‍മാര്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നതിന്റെ നിരക്കിലും വര്‍ദ്ധനയുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. തിരിച്ചെത്തുന്ന കുടിയേറ്റക്കാരേക്കാള്‍ കൂടുതലാണ് ഇത്.

ഇപ്പോള്‍ യുകെയിലേക്ക് എത്തുന്ന യൂറോപ്യന്‍ പൗരന്‍മാരില്‍ തൊഴില്‍ തേടിയെത്തുന്നവരുടെ എണ്ണം കുറഞ്ഞതായും കണക്ക് വ്യക്തമാക്കുന്നു. യൂറോപ്പിതര രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തില്‍ വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. 2014ലെ നിരക്കിന് സമാനമാണ് ഈ വര്‍ദ്ധന. 2,85,000 നോണ്‍ യൂറോപ്യന്‍ പൗരന്‍മാര്‍ ഒരു വര്‍ഷക്കാലയളവില്‍ യുകെയില്‍ എത്തിയിട്ടുണ്ട്. 80,000 പേര്‍ മാത്രമാണ് തിരികെ പോയത്. വിദ്യാഭ്യാസാവശ്യത്തിനായാണ് ഈ കുടിയേറ്റമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.