ജമ്മു: ജമ്മു കാശ്മീരില്‍ കുപ്വാരയില്‍ പഞ്ച്ഗാവ് സൈനിക ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം. നിയന്ത്രണ രേഖക്കു സമീപം ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ നടന്ന ആക്രമണത്തില്‍ ആര്‍മി ക്യാപ്റ്റന്‍ ഉള്‍പ്പടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. 4 മണിക്കൂറോളം നീണ്ടുനിന്ന ആക്രമണത്തില്‍ രണ്ട് ഭീകരരെ വധിച്ചുവെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.

അഞ്ചോളം സൈനികര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കനത്ത മൂടല്‍ മഞ്ഞിന്റെ മറവില്‍ എത്തിയ തീവ്രവാദികള്‍ ഉറക്കത്തിലായിരുന്ന സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

അക്രമണം നടത്തിയവര്‍ക്കായി സൈന്യം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ 19 സൈനികര്‍ കൊല്ലപ്പെട്ട ഉറിയിലെ തീവ്രവാദി ആക്രമണം നടന്ന സൈനിക താവളത്തിന് നൂറുമീറ്റര്‍ അടുത്താണ് പഞ്ച്ഗാവ് സൈനിക ക്യാംപ്. ഉറി ആക്രമണത്തിനു ശേഷം സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ നിയന്ത്രണരേഖയിലെ ഭീകര ക്യാംപുകള്‍ തകര്‍ക്കപ്പെട്ടെങ്കിലും ഇവ സമീപകാലത്ത് വീണ്ടും സജീവമായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.