ലണ്ടന്‍: അമേരിക്കന്‍ സുഹൃത്തിന്റെ ഡിമന്‍ഷ്യ ബാധിച്ച പിതാവിനെ യു.കെയില്‍ ഉപേക്ഷിക്കാന്‍ സഹായിച്ച ബ്രിട്ടീഷ് പൗരന് രണ്ടര വര്‍ഷം തടവ് ശിക്ഷ. സിമണ്‍ ഹെയ്‌സ് എന്ന ബ്രിട്ടീഷ് പൗരനാണ് രണ്ടര വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. സിമണ്‍ ഹെയ്‌സ് തന്റെ സുഹൃത്തിന്റെ വയോധികനായ പിതാവിനെ യു.കെയില്‍ ഉപേക്ഷിക്കാന്‍ സഹായിക്കുകയും അതുവഴി 20,000 പൗണ്ടിന്റെ നഷ്ടം എന്‍.എച്ച്.എസിന് വരുത്തിവെക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. ഹെല്‍ത്ത് കെയര്‍ സൗകര്യം സൗജന്യമായി ഉപയോഗപ്പെടുത്താനായിരുന്നു ഇത്തരമൊരു തട്ടിപ്പ് നടത്തിയതെന്നും തെളിഞ്ഞിട്ടുണ്ട്.

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സിമണ്‍ ഹെയ്‌സ് 2015ലാണ് ആത്മാര്‍ത്ഥ സുഹൃത്തായ കെവിന്‍ കറിയെന്ന അമേരിക്കന്‍ പൗരന്റെ പിതാവ് റോജര്‍ കറിയെ യു.കെയില്‍ ഉപേക്ഷിക്കാന്‍ പദ്ധതിയൊരുക്കുന്നത്. ഈ സമയത്ത് റോജര്‍ കറി ഡിമന്‍ഷ്യ ബാധിതനായിരുന്നു. അമേരിക്കയിലെ ഹെല്‍ത്ത് കെയര്‍ സംവിധാനങ്ങള്‍ പണച്ചെലവുള്ളതിനാല്‍ റോജര്‍ കറിയെ യു.കയില്‍ ഉപേക്ഷിച്ച് എന്‍.എച്ച്.എസ് സേവനം സൗജന്യമായി ലഭ്യമാക്കാനായിരുന്നു പദ്ധതി. ഇതുപ്രകാരം റോജര്‍ കറിയെ മകനും ഭാര്യയും ചേര്‍ന്ന് യു.കെയിലെത്തിക്കുകയും ചെയ്തു. യുകെയില്‍ പിതാവിനെ ഉപേക്ഷിച്ച് കെവിന്‍ കറി തിരിച്ച് അമേരിക്കയിലേക്ക് പറന്നു.

വയോധികനായ വ്യക്തി തെരുവില്‍ നിന്ന് ലഭിച്ചുവെന്ന് കാണിച്ച് റോജര്‍ കറിയെ പിന്നീട് സിമണ്‍സ് അധികൃതരെ ഏല്‍പ്പിക്കുകയും ചെയ്തു. ഡിമന്‍ഷ്യ ബാധിതനായ റോജര്‍ കറിക്ക് തന്റെ പേരോ സ്ഥലമോ മറ്റു വിവരങ്ങളോ ഓര്‍മ്മയില്‍ ഇല്ലായിരുന്നു. കൂടാതെ വ്യക്തിവിവരങ്ങള്‍ അടങ്ങിയ യാതൊരു ഐ.ഡിയും അധികൃതര്‍ക്ക് കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിമണ്‍സിന്റെ പങ്ക് വ്യക്തമാവുന്നത്. 2016ല്‍ റോജര്‍ കറി സുരക്ഷിതമായി അമേരിക്കയിലെത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കെയറിന് വേണ്ടി എന്‍.എച്ച്.എസ് 20,000 പൗണ്ട് അപ്പോഴേക്കും ചെലവാക്കിയിരുന്നു. പിതാവിനെ ഉപേക്ഷിച്ച കെവിന്‍ റോജര്‍ അമേരിക്കയില്‍ നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇയാള്‍ക്കെതിരെ ഗുരുതര വകുപ്പുകളാണ് ചാര്‍ത്തിയിരിക്കുന്നത്.