വാഹനങ്ങളില്‍ നടത്തുന്ന എംഒടി പരിശോധനയ്ക്ക് സമാനമായ ടെസ്റ്റ് പ്രോപ്പര്‍ട്ടികള്‍ക്കും ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. ലക്ഷക്കണക്കിന് വാടകവീടുകള്‍ ഈ പരിശോധനയ്ക്ക് വിധേയമാകേണ്ടി വരുമെന്നാണ് സൂചനകള്‍. ഇത് നടപ്പിലായാല്‍ ശോചനീയാവസ്ഥയിലുള്ള വീടുകള്‍ വാടകയ്ക്ക് നല്‍കാന്‍ ഉടമസ്ഥര്‍ക്ക് സാധിക്കില്ല. പ്രോപ്പര്‍ട്ടി എംഒടി ടെസ്റ്റ് എന്ന ഓമനപ്പേരിലാണ് ഈ പരിശോധന അറിയപ്പെടുന്നത്. സ്വകാര്യ വാടക വീടുകളുടെ മേഖലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് യോര്‍ക്ക് നടത്തിയ പ്രൈവറ്റ് റെന്റഡ് സെക്ടര്‍ റിവ്യൂ പറയുന്നു. ഈ വിലയിരുത്തലിന്റെ ഭാഗമായി തയ്യാറാക്കുന്ന പ്രൈവറ്റ് റെന്റഡ് സെക്ടര്‍ റിപ്പോര്‍ട്ടിലാണ് പ്രോപ്പര്‍ട്ടി എംഒടി ടെസ്റ്റ് നടപ്പാക്കണമെന്ന് ഗവണ്‍മെന്റിനോട് ശുപാര്‍ശ ചെയ്യുന്നത്.

പ്രോപ്പര്‍ട്ടികള്‍ക്ക് വാര്‍ഷിക പരിശോധന നടത്തി സ്റ്റാന്‍ഡാര്‍ഡൈസ് ചെയ്യുന്ന രീതിക്കാണ് നിര്‍ദേശം. ഇലക്ട്രിക്കല്‍, ഗ്യാസ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റുകള്‍ പോലെയുള്ള നിലവിലെ അവശ്യരേഖകള്‍ പരിശോധിക്കുക മാത്രമല്ല പുതിയ സംവിധാനത്തില്‍ ചെയ്യുന്നത്. ഒരു ബേസിസ് മിനിമം സ്റ്റാന്‍ഡേര്‍ഡിന്റെ അടിസ്ഥാനത്തിലായിരിക്കും വിലയിരുത്തല്‍ നടത്തുന്നത്. സ്വതന്ത്ര ഇന്‍സ്‌പെക്ടര്‍മാരായിരിക്കും പ്രോപ്പര്‍ട്ടികള്‍ പരിശോധിച്ച് വിലയിരുത്തല്‍ നടത്തുക. സ്വകാര്യ വാടക വീടുകളില്‍ താമസിക്കുന്നവരുടെ എണ്ണത്തില്‍ അടുത്തയിടെ സാരമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് റിവ്യൂ റിപ്പോര്‍ട്ട് തയ്യാറാക്കിയ യൂണിവേഴ്‌സിറ്റി ഓഫ് യോര്‍ക്കിലെ സെന്റര്‍ ഓഫ് ഹൗസിംഗ് പോളിസി റിസര്‍ച്ച് ഫെലോ ജൂലി റഗ്ഗ് പറയുന്നു.

വാടകയ്ക്ക് വീടുകള്‍ എടുക്കുന്നവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ളവയായിരിക്കണം പ്രോപ്പര്‍ട്ടികള്‍ എന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണെന്ന് അവര്‍ തുടര്‍ന്നു. പ്രോപ്പര്‍ട്ടി എംഒടി ഇക്കാര്യം ഉറപ്പു വരുത്തുമെന്ന് അവര്‍ വ്യക്തമാക്കി. മാനദണ്ഡങ്ങളനുസരിച്ചുള്ള വീടുകള്‍ വാടകക്കാര്‍ക്ക് ലഭിക്കുന്നതിനൊപ്പം വീട്ടുടമകള്‍ക്ക് പ്രോസിക്യൂഷനില്‍ നിന്ന് സുരക്ഷയും ഇത് നല്‍കും.