അധികാരത്തിൽ എത്തിയാൽ രാജ്യത്ത് മിനിമം വേതനം ഉറപ്പാക്കുമെന്ന് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. കോൺഗ്രസിന്റെ പ്രകടന പത്രിക നാളെ പുറത്തുവരിനിരിക്കെ ഇന്ന് പത്രസമ്മേളനം വിളിച്ചാണ് രാഹുൽ ഈ പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഈ പദ്ധതി ഗുണം ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്ന മുദ്രാവാക്യമാണ് ഞങ്ങള്‍ ഉയര്‍ത്തുന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇന്ത്യയിലെ പാവപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരുമാസം 6000 രൂപ മുതൽ 12,000 രൂപ വരെ പ്രതിമാസ വരുമാനം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിന്റെ അവസാന ഘട്ടം എന്നാണ് ഇതിനെ രാഹുൽ വിശേഷിപ്പിച്ചത്.
പാവപ്പെട്ടവർക്ക് 72,000 രൂപ വീതം വാർഷിക വരുമാനം ലഭ്യമാകുന്ന വിധത്തിലാണ് പദ്ധതിയെന്ന് എ ഐ സി സി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
അഞ്ചു കോടി കുടുംബങ്ങൾക്കും 25 കോടി വ്യക്തികൾക്കും നേരിട്ട് പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് കണക്കുകൾ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
എന്നാൽ വയനാട്ടിൽ മത്സരിക്കുന്നതുൾപ്പടെ മറ്റൊരു ചോദ്യത്തിനും അദ്ദേഹം ഉത്തരം നൽകിയില്ല. മിനിമം വേതനം എന്ന വിഷയത്തിൽ മാത്രം ഊന്നിയാണ് അദ്ദേഹം സംസാരിച്ചത്.