അധികൃതരുടെ അനാസ്ഥമൂലം കണ്ണൂര്‍ കൊട്ടിയൂരില്‍ പിഞ്ചുബാലന് ജീവന്‍ നഷ്ടമായി. റോഡിന് മുകളിലുള്ള പോസ്റ്റുകള്‍ മാറ്റിയിടാന്‍ പലതവണ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടിട്ടും മാറ്റാത്തതാണ് കുട്ടിയുടെ ദാരുണമരണത്തിനിടയാക്കിയത്.
ഗൂഡല്ലൂര്‍ സ്വദേശി സിബി (13) യാണ് കഴിഞ്ഞദിവസം തല പോസ്റ്റിലിടിച്ച് മരിച്ചത്. ബസ് യാത്രയ്ക്കിടെ ഛര്‍ദിക്കാനായി തലപുറത്തിട്ടപ്പോള്‍ റോഡരികിലെ പോസ്റ്റിലിടിക്കുകയായിരുന്നു.
ബസിന്റെ ഇടതുഭാഗത്ത് ഏറ്റവും പിറകിലെ സീറ്റിലായിരുന്നു സിബി. എതിരെ വന്ന സ്വകാര്യബസിന് സൈഡ് കൊടുക്കാന്‍ ഇടതുഭാഗത്തേക്ക് കെഎസ്ആര്‍ടിസി വെട്ടിച്ചപ്പോള്‍ റോഡരികിലെ സ്റ്റീല്‍ തൂണില്‍ സിബിയുടെ തലയിടിച്ചു.
ഇടിയുടെ ആഘാതത്തില്‍ തല വേര്‍പെട്ട് എതിര്‍ഭാഗത്തെ കാനയിലേക്ക് തെറിച്ചുവീണു. നാട്ടുകാര്‍ തെരച്ചില്‍ നടത്തിയാണ് തല കണ്ടെത്തിയത്. ഗൂഡല്ലൂരിലെ പരേതനായ ജയറാമിന്റെയും ഡെയ്‌സിയുടെയും മകനായ സിബി അടുത്ത ബന്ധുവായ ജൂലിക്കൊപ്പം ആറളത്തെ ബന്ധുവീട്ടിലേക്ക് പോകാന്‍ മാനന്തവാടിയില്‍നിന്നാണ് ബസില്‍ കയറിയത്. പുത്തൂര്‍വയല്‍ സ്‌കൂളില്‍ എട്ടാംക്‌ളാസ് വിദ്യാര്‍ഥിയാണ്.
നാല് വര്‍ഷം മുമ്പ് ടാറിങ് പൂര്‍ത്തിയായ മണത്തണ അമ്പായത്തോട് മലയോര ഹൈവേയുടെ അരികിലുള്ള വൈദ്യുതിപോസ്റ്റ് മാറ്റിസ്ഥാപിക്കാന്‍ പലതവണ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
ഈ റൂട്ടില്‍ ഇതിനകം നിരവധി വാഹനങ്ങള്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടത്തില്‍പെട്ടിട്ടുണ്ട്. അപകടത്തില്‍പെട്ട വാഹന ഉടമകളോട് പോസ്റ്റിന്റെ തുക ഈടാക്കി മാറ്റിസ്ഥാപിക്കാറുണ്ടെന്നതൊഴിച്ചാല്‍ അപകട ഭീഷണി ഉയര്‍ത്തുന്ന പോസ്റ്റുകള്‍ മാറ്റാന്‍ വൈദ്യുതി വകുപ്പധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും ആരോപണമുണ്ട്.
ദിവസേന നൂറുകണക്കിന് വാഹങ്ങള്‍ പോകുന്ന റൂട്ടില്‍ റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന വൈദ്യുതിപോസ്റ്റുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തത് അനാസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
മണത്തണ മുതല്‍ അമ്പായത്തോട് വരെയുള്ള പതിമൂന്ന് കിലോമീറ്റര്‍ മലയോര ഹൈവേയിലെ പോസ്റ്റുകള്‍ മാറ്റാന്‍ 50 ലക്ഷം രൂപയായിരുന്നു വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടത്. അഞ്ച് ലക്ഷം രൂപ കരാറുകാരന്‍ അടച്ചതിനാല്‍ കൂടുതല്‍ അപകടഭീഷണി ഉയര്‍ത്തുന്ന ഏതാനും ചില പോസ്റ്റുകള്‍മാറ്റി സ്ഥാപിച്ചിരുന്നു. ഇനിയും അപകട ഭീഷണി ഉയര്‍ത്തുന്ന നിരവധി പോസ്റ്റുകളുണ്ട്. അവ എത്രയും പെട്ടന്ന് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.