കുട്ടികളെ ബലാത്സംഗം ചെയുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയാണെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡനത്തിനു വിധേയരാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമഭേദഗതിയാണ് കേന്ദ്രം പരിഗണിക്കുന്നത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് നിലവിലുള്ള പോക്സോ നിയമം പരിഷ്ക്കരിച്ചായിരിക്കും പുതിയ ഭേദഗതികള്‍ വരുത്തുന്നത്.

സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ അഭിപ്രായം ആരാഞ്ഞപ്പോഴാണ് കേന്ദ്രം ഇത്തരത്തിലൊരു അഭിപ്രായം കോടതിയെ അറിയിച്ചത്.

നേരെത്ത കത്വ സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി പറഞ്ഞിരുന്നു. കത്വയിലും രാജ്യത്ത് കുട്ടികള്‍ക്കതിരെ നടക്കുന്ന മറ്റു സംഭവങ്ങളും എന്റെ ഉറക്കം കെടുത്തുന്നു. 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും മേനക ഗാന്ധി പറഞ്ഞിരുന്നു.

സമീപ കാലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നിയമം വേണമെന്ന ആവശ്യം പൊതുസമൂഹത്തില്‍നിന്ന് ഉയരുന്നത്.