കുട്ടികളില്‍ കാണപ്പെടുന്ന എക്സിമയ്ക്കും മുതിര്‍ന്നവരുടെ സോറിയാസിസിനും ബേബി മോയ്‌സ്ചുറൈസര്‍ ഫലപ്രദമായ മരുന്നാണെന്ന് റിപ്പോര്‍ട്ടുകള്‍. വെറും 3.99 പൗണ്ടിന് വിപണിയില്‍ ലഭിക്കുന്ന ചൈല്‍ഡ്‌സ് ഫാമിന്റെ ബേബി മോയ്‌സ്ചുറൈസറാണ് അദ്ഭുത മരുന്നായി നവമാധ്യമങ്ങളില്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. ചെറുകിട കമ്പനി നിര്‍മ്മിക്കുന്ന ചൈല്‍ഡ്‌സ് ഫാം ആസ്ഡ സൂപ്പര്‍ മാര്‍ക്കറ്റിലും മറ്റു കടകളിലും ലഭ്യമാകുന്ന സാധാരണ ക്രീമുകളിലൊന്നാണ്. സോറിയാസിസ് ബാധിതയായ ലോറ ഗ്രേ തന്റെ അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ചതോടു കൂടിയാണ് ക്രീമിന്റെ സാധ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്.

‘കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സോറിയാസിസ് രോഗം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നയാളാണ് ഞാന്‍. കൈകളിലും നെഞ്ചിലും കഴുത്തിലുമൊക്കെ രോഗ ബാധയുണ്ട്. കഴിഞ്ഞ ദിവസം വരെ ഹൈഡ്രോകോര്‍ട്ടിസോണ്‍ ക്രീമാണ് ഉപയോഗിച്ചിരുന്നത്. മെഡിക്കല്‍ സ്‌റ്റോറുകളില്‍ മാത്രമെ ഈ ക്രീമുകള്‍ ലഭിക്കുകയുള്ളു. കഴിഞ്ഞ ദിവസം അമ്മയുടെ നിര്‍ദേശപ്രകാരം ഞാന്‍ ചൈല്‍ഡ് ഫാം മോയ്‌സ്ചുറൈസര്‍ ക്രീം ഉപയോഗിച്ചു നോക്കിയിരുന്നു. 24 മണിക്കൂറിന് ശേഷം എന്റെ സോറിയാസിസ് ഭേദമായി. ഇതോരു തമാശയല്ല യാഥാര്‍ഥ്യമാണ്. എക്സിമയും സോറിയാസിസും മൂലം ബുദ്ധിമുട്ടുന്നവര്‍ എന്തായാലും ഈ ക്രീം ഉപയോഗിച്ചു നോക്കണം’-ലോറ ഗ്രേ ഫേസ്ബുക്കില്‍ കുറിച്ചു.

മൂന്ന് വയസ്സുകാരിയുടെ അമ്മയായ പെയിജ് സ്വീനിയെന്ന് യുവതിയും കഴിഞ്ഞ വര്‍ഷം സമാന അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. സ്വീനിയുടെ മൂന്ന് വയസ്സുകാരി മകള്‍ക്ക് എസ്‌കിമയുണ്ടായിരുന്നു. വിവിധ ആശുപത്രികളില്‍ ചികിത്സിക്കുകയും വ്യത്യസ്ത മരുന്നുകള്‍ പരീക്ഷിക്കുകയും ചെയ്തിട്ടും കുട്ടിയുടെ അസുഖത്തിന് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ മോയ്‌സ്ചുറൈസര്‍ ഉപയോഗിച്ചതോടെ വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതായി സ്വീനി സാക്ഷ്യപ്പെടുത്തുന്നു. മകളെ രക്ഷിക്കാന്‍ ഞാനെല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. ജനിച്ചപ്പോള്‍ മുതല്‍ അവള്‍ക്ക് എക്സിമ ഉണ്ടായിരുന്നു. ശരീരം ചൊറിഞ്ഞ് പൊട്ടുകയും അസഹനീയമായ വേദന സമ്മാനിക്കുകയും ചെയ്ത രോഗം മകളെ ഉറങ്ങാന്‍ വരെ അനുവദിച്ചിരുന്നില്ലെന്ന് സ്വീനി പറയുന്നു. എന്നാല്‍ ചൈല്‍ഡ് ഫാം ക്രീം ഉപയോഗിക്കാന്‍ തുടങ്ങിയതോടെ കുട്ടിയുടെ രോഗത്തിന് ശമനമുണ്ടെന്നും അവള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നുവെന്നും സ്വീനി വ്യക്തമാക്കി.

പെയിജ് സ്വീനി ഫേസ്ബുക്കില്‍ കുറിച്ച അനുഭവം ഏതാണ്ട് 40000ത്തോളം പേരാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. മൂന്ന് കുട്ടികളുടെ അമ്മയായ ജോആന്‍ മോയിസ്ചുറൈസര്‍ ഉപയോഗിച്ചതിന്റെ മറ്റൊരു അനുഭവം പങ്കുവെച്ചു. ജോആന്റെ ഇളയ മകള്‍ക്ക് ജനിച്ച നാള്‍ മുതല്‍ക്കെ എസ്‌കിമ ഉണ്ടായിരുന്നു. തലയിലും മുഖത്തും ചൂട് വെള്ളം വീണുണ്ടായ പൊള്ളല്‍ പോലെയുള്ള അടയാളങ്ങളായിരുന്നു നിറയെ. നിരവധി ഡോക്ടര്‍മാരെ ചികിത്സയ്ക്കായി സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ചൈല്‍ഡ് ഫാം ക്രീമിനെക്കുറിച്ചുള്ള ഒരു ലേഖനം വായിക്കാനിടയായ ജോആന്‍ ക്രീം ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടിയുടെ രോഗാവസ്ഥയില്‍ വലിയ മാറ്റമുണ്ടായെന്ന് അവര്‍ പറയുന്നു. ചൈല്‍ഡ് ഫാം ക്രീമിന്റെ ഉപയോഗത്തില്‍ രോഗത്തില്‍ നിന്ന് മോചിതരായ നിരവധി പേരാണ് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നത്.