പിറവം: പോലീസിനെതിരെ ആരോപണവുമായി കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സിഎ വിദ്യര്‍ഥിനി മിഷേല്‍ ഷാജിയുടെ കുടുംബം രംഗത്ത്. പോലീസ് അന്വേഷണത്തില്‍ അനാസ്ഥ കാണിച്ചുവെന്നാണ് മിഷേലിന്റെ കുടുംബം പറയുന്നത്. പെണ്‍കുട്ടിയുടെ ദുരൂഹ മരണം പുറത്തു കൊണ്ടു വരണമെന്നാവശ്യപ്പെട്ട് പിറവത്ത് വിവിധ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധയോഗത്തില്‍ പങ്കെടുക്കവെ മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസാണ് ഇക്കാര്യം പറഞ്ഞത്.
‘പ്രേരണയുടെ പേരിലുള്ള അറസ്റ്റുകൊണ്ട് കാര്യമില്ല, മോളെ അപായപ്പെടുത്തിയവരെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസ് തയ്യാറാവണം’, മകൾ മിഷേലിന്റ മരണവുമായി ബന്ധപ്പെട്ട് പിറവം പാലച്ചുവട് സ്വദേശി മോളയിൽ ബേബിയുടെ മകൻ ക്രോണിനെ(25)പൊലീസ് അറസ്റ്റു ചെയ്തതിനോട് പിതാവ് പെരിയപ്പുറം എണ്ണക്കാപ്പിള്ളീൽ ഷാജി വർഗീസിന്റെ പ്രതികരണം ഇങ്ങനെ. ക്രോണിനുമായി തന്റെ കുടുംബത്തിന് ബന്ധമില്ലെന്നും മാധ്യമങ്ങൾ വഴി പുറത്തു വന്നപ്പോഴാണ് ഇക്കാര്യം താൻ അറിയുന്നതെന്നും ഷാജി വ്യക്തമാക്കി. മകളുടെ മൊബൈൽ, ബാഗ് എന്നിവ ഇനിയും കണ്ടെത്തിയിട്ടില്ല. സംഭവ ദിവസം ബൈക്കിൽ പിന്നാലെയെത്തി പിൻതുടർന്നവരെ കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസ് കസ്റ്റഡിയിലുള്ള തലശേരിക്കാരൻ പെൺകുട്ടിയെ പിൻതുടർന്നോ എന്ന കാര്യം വ്യക്തമല്ല. മൃതദേഹത്തിന്റെ മുഖത്ത് മൂക്കിനു സമീപം നഖം കൊണ്ടതുപോലെ തോന്നിക്കുന്ന ഒരുപാട് ഉണ്ടായിരുന്നു. ഇത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഉണ്ടായതാണോ എന്നും സംശയം ഞങ്ങൾക്കെല്ലാവർക്കുമുണ്ട്.

ഇതിലും ഉപരിയായി കാണാതായി നേരത്തോടു നേരം പിന്നിട്ട് കൊച്ചിയിൽ നിന്നും മൃതദേഹം കണ്ടെടുത്തപ്പോൾ നിറവ്യത്യാസമുണ്ടാവുകയോ വികൃതമാവുകയോ ചെയ്തിരുന്നില്ല. വെള്ളം ഉള്ളിൽ ചെന്ന ലക്ഷണവും ഉണ്ടായിരുന്നില്ല. പഠനകേന്ദ്രത്തിൽ കൊണ്ടുവിടുമ്പോഴും തിരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുമ്പോഴും ഭാര്യയോ ഞാനോ ആണ് കൂട്ടുപോകാറുള്ളത്. കൊച്ചിയിലെ സ്ഥലങ്ങളെക്കുറിച്ച് യാതൊരെത്തും പിടിയുമില്ലാത്ത അവളെങ്ങനെ വെണ്ടുരുത്തി പാലത്തിലും ഗോശ്രീ പാലത്തിലുമൊക്കെ എത്തും.

ഇതെല്ലാം കണക്കിലെടുത്താണ് മകൾ ആത്മഹത്യചെയ്തതല്ലന്ന് താനും കുടുംബവും വിശ്വസിക്കുന്നതെന്നും ഇക്കാര്യത്തിൽ വിശ്വാസയോഗ്യമായ വിവരങ്ങൾ നൽകാത്തിടത്തോളം കാലം പൊലീസ് നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും ഷാജി പറഞ്ഞു. കൊച്ചി സെൻട്രൽ പൊലീസ് ഇന്നലെയാണ് മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രോണിൻ അലക്‌സാണ്ടർ ബേബിയെ അറസ്റ്റു ചെയ്തത്. രണ്ടുവർഷമായി മിഷേലുമായി ഇയാൾ അടുപ്പത്തിലായിരുന്നെന്നാണ് പൊലീസ് പുറത്തുവിട്ട വിവരം. അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് കലൂർ പള്ളിക്ക് മുന്നിൽ വച്ച് കൈയേറ്റം ചെയ്തതോടെ മിഷേൽ ഇയാളുമായി തെറ്റി.

ദുഃസ്വഭാവങ്ങൾക്കടിമയും വിശ്വസിക്കാൻ കൊള്ളാത്തവനാണെന്നും തിരിച്ചറിഞ്ഞതോടെ പെൺകുട്ടി ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചെന്നും ഇതേത്തുടർന്ന് ഇയാൾ ഫോൺവിളിച്ചും മെസേജുകളയച്ചും ഭീഷിണിപ്പെടുത്തിയിരുന്നെന്നും ശല്യം സഹിക്കവയ്യാതായതോടെ പെൺകുട്ടി ആത്മഹത്യ ചെയ്തതാവാമെന്നുമാണ് പൊലീസ് നിഗമനം. വെണ്ടുരുത്തി പാലത്തിൽ നിന്നോ ഗോശ്രീ പാലത്തിൽ നിന്നോ ആകാം മിഷേൽ വെള്ളത്തിലേക്ക് ചാടിയതെന്ന സംശയവും പൊലീസ് വീട്ടുകാരുമായി പങ്കുവച്ചിരുന്നു. മിഷേലിന്റെ കുടുംബാംഗങ്ങളുടെ ദുഃഖഃത്തിൽ പങ്കുചേർന്നും നിലപാടുകളിൽ പിൻതുണ അറിയിച്ചും സിനിമാമേഖലകളിൽ നിന്നുള്ളവരുൾപ്പെടെ നിരവധി പ്രമുഖരും സൈബർ ലോകവും രംഗത്തുവന്നതോടെയാണ് ആലസ്യത്തിലായിരുന്ന പൊലീസ് ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്.

ഇപ്പോൾ നാടാകെ ഈ കുടുംബത്തിന് പിൻതുണ അറിയിച്ച് രംഗത്തുണ്ട്. ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ പിറവത്ത് കടകളടച്ചിട്ടാണ് സംഭവത്തിൽ വ്യാപാരിസമൂഹം പ്രതിഷേധിക്കുന്നത്. ഇന്നലെ പിറവത്ത് ചേർന്ന സർവ്വകക്ഷി യോഗതീരുമാന പ്രകാരമാണ് ഹർത്താൽ. സംഭവത്തിൽ പൊലീസിന്റെ അനാസ്ഥക്കെതിരെ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതി നൽകാനുള്ള മിഷേലിന്റെ കുടുംബത്തിന്റെ നീക്കത്തിന് സർവ്വവിധ പിൻതുണയും നൽകാൻ യോഗം തീരുമാനിച്ചു. മകളെ കാണാനില്ലെന്ന് പരാതിപ്പെടാൻ കൊച്ചി സെൻട്രൽ സ്‌റ്റേഷനിൽ ചെന്നപ്പോൾ തങ്ങൾക്കുണ്ടായ ദുരനുഭവം വിതുമ്പലോടെ മിഷേലിന്റെ പിതാവ് ഷാജി വിവരിച്ചപ്പോൾ സദസ്സ് അല്പനേരത്തേക്ക് ശോകമൂകമായി.

മകളെ കാണാത്ത വിഷമത്തിൽ മനസ്സും ശരീരവും ഒരുപോലെ തളർന്ന നിലയിലായിരുന്ന തന്നെയും ഭാര്യയെയും പൊലീസ് ‘ഓട്ടപ്രദക്ഷിണം ‘നടത്തിച്ചെന്നായിരുന്നു ഷാജിയുടെ വെളിപ്പെടുത്തൽ. നാളെ സർവ്വകക്ഷിയോഗം രൂപം നൽകിയ കർമസമിതി ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്കും. നഗരസഭ വിളിച്ചുകൂട്ടിയ സർവകക്ഷി യോഗത്തിൽ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും സാമുദായിക സംഘടനാ പ്രതിനിധികളും പങ്കെടുത്തു. നഗരസഭാചെയർമാൻ സാബു കെ. ജേക്കബ് അധ്യക്ഷനായി.