കാര്യവട്ടം ക്യാംപസിൽ ഒരാഴ്ച മുൻപ് ദുരൂഹസാഹചര്യത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി

കാര്യവട്ടം ക്യാംപസിൽ ഒരാഴ്ച മുൻപ് ദുരൂഹസാഹചര്യത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം  ജീർണിച്ച നിലയിൽ കണ്ടെത്തി
July 16 03:51 2019 Print This Article

തിരുവനന്തപുരം കാര്യവട്ടം ക്യാംപസിൽ ജീർണിച്ച നിലയിൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഒരാഴ്ച മുൻപ് ദുരൂഹസാഹചര്യത്തിൽ കാണാതായ കോളജ് ഓഫ് എൻജിനീയറിങ് (സിഇടി) രണ്ടാം വർഷ എംടെക് വിദ്യാർഥി കോഴിക്കോട് വടകര സ്വദേശി ശ്യാൻ പത്മനാഭന്റെ(27) മൃതദേഹമാണ് ക്യാംപസിലെ കാടിനുള്ളിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചന. കോഴിക്കോട് വടകര പുത്തൂർ വരദയിൽ പത്മനാഭന്റെയും ശൈലജയുടെയും മകനാണ്. ടെക്നോപാർക്കിലെ ജീവനക്കാരിയായ സഹോദരിക്കും ഭർത്താവിനുമൊപ്പം പാങ്ങപ്പാറയിലെ ഫ്ലാറ്റിലായിരുന്നു ശ്യാൻ താമസിച്ചിരുന്നത്.

തിങ്കളാഴ്ച രാവിലെ പത്തരയോടെ ലൈബ്രറിയിൽ പോകുന്നുവെന്നു പറഞ്ഞ് ശ്യാൻ വീട്ടിൽ നിന്നിറങ്ങിയിരുന്നു. രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെതുടർന്ന് ബന്ധുക്കൾ കഴക്കൂട്ടം സൈബർ സിറ്റി അസി.കമ്മിഷണർക്കു പരാതി നൽകി. അന്വേഷണത്തിൽ ശ്യാനിന്റെ മൊബൈൽഫോൺ കാര്യവട്ടം-തൃപ്പാദപുരം പ്രദേശത്തെവിടെയോ ഉള്ളതായി വിവരം ലഭിച്ചു. ജൂലൈ എട്ടിന് ഉച്ചയ്ക്ക് 12.14 മുതൽ പിറ്റേന്ന് വൈകിട്ട് അഞ്ചു വരെ മൊബൈൽ ഓണായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടയിൽ ഫോൺ ഓഫായതോടെ ഈ വഴിക്കുള്ള അന്വേഷണം അസാധ്യമായി. ഈ സമയത്തെല്ലാം മൊബൈല്‍ ഒരേ ലൊക്കേഷൻ പരിധിയിലായിരുന്നതോടെയാണ് പൊലീസ് ക്യാംപസ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.

തുടർന്ന് കാര്യവട്ടം ക്യാംപസിലെ സിസിടിവി ക്യാമറ പരിശോധിക്കുമ്പോൾ സഞ്ചിതൂക്കിയ ഒരു യുവാവ് ക്യാംപസിനുള്ളിലെ ഹൈമവതീകുളത്തിന്റെ ഭാഗത്തേക്കു പോകുന്നതായി കണ്ടെത്തി. ഇദ്ദേഹം തിരിച്ചു പോകുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നുമില്ല. ബന്ധുക്കൾ ഈ ദൃശ്യം ശ്യാനിന്റേതാകാമെന്നു പറഞ്ഞതോടെ പൊലീസ് ആ വഴിക്ക് അന്വേഷണം തുടങ്ങി. പൊലീസ് നായ എത്തി കുളത്തിനു സമീപം പോയി നിന്നു. തുടർന്ന് അഗ്നിശമനസേനയുടെ സ്കൂബാ ടീം കുളത്തിലിറങ്ങി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ക്യാംപസിലെ കാട് വളർന്നുകി‌ടക്കുന്ന സ്ഥലങ്ങളിൽ പൊലീസും കൂട്ടുകാരും ചേർന്ന് അന്വേഷിച്ചിട്ടും ഫലം കണ്ടില്ല. അന്നു തിരച്ചിൽ നടത്തിയതിന് ഒരു കിലോമീറ്റർ മാറിയാണ് ഇപ്പോൾ മൃതദേഹം ലഭിച്ചത്. ബിടെക് പാസായശേഷം ബെംഗളൂരൂവിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ശ്യാൻ കുറേ നാൾ ജോലി ചെയ്തിരുന്നു. ശ്യാൻ സംസ്ഥാനം വിട്ടോ എന്നറിയാൻ റെയിൽവേ‍ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകളും മറ്റും പരിശോധിക്കുകയും അന്വേഷണം ബെംഗളൂരൂവിലേക്കു വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles