ഹൈദരാബാദ്: എയര്‍ ഇന്ത്യ ജീവനക്കാരനെ തല്ലിയ കേസില്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ള എംഎല്‍എ പി. മിഥുന്‍ റെഡ്ഡിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ നവംബറില്‍ തിരുപ്പതി വിമാനത്താവളത്തില്‍ വെച്ചാണ് എയര്‍ ഇന്ത്യ ജീവനക്കാരനെ നിയമസഭ സാമാജികന്‍ കൈയ്യേറ്റം ചെയ്തത്. ഇന്നലെ അര്‍ദ്ധരാത്രിയില്‍ ചെന്നൈയിലെ വിമാനത്താവളത്തില്‍ നിന്നാണ് മിഥുന്‍ റെഡ്ഡിയെ അറസ്റ്റ് ചെയ്തത്.
വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവായ മിഥുന്‍ റെഡ്ഡി തിരുപ്പതി എയര്‍പോര്‍ട്ട് മാനേജര്‍ രാജശേഖറിനെയാണ് തല്ലിയത്. ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ പോകേണ്ട ബന്ധുക്കള്‍ക്ക് ബോര്‍ഡിംഗ് പാസ് അനുവദിക്കാത്തതിലാണ് രാഷ്ട്രീയ നേതാവിന് ദേഷ്യം പിടിച്ചത്. താമസിച്ചെത്തിയതിനാല്‍ പാസ് നല്‍കാനാവില്ലെന്ന് മാനേജര്‍ അറിയിച്ചതാണ് എംഎല്‍എയെ ചൊടിപ്പിച്ചത്.

ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത എംഎല്‍എയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നെല്ലൂര്‍ ജയിലിലേക്ക് അയച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗമോഹന്‍ റെഡ്ഡി കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ചു. എന്നാല്‍ വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ എംഎല്‍എയുടെ കൈയ്യേറ്റം വ്യക്തമാണ്. രാജശേഖരന്റെ മെഡിക്കല്‍ പരിശോധനയില്‍ നിന്നും ആക്രമണമേറ്റത് സത്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്.