മാഞ്ചസ്റ്റർ∙ മാഞ്ചസ്റ്റർ മലയാളികളുടെ അഭിമാനമായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ (എംഎംസിഎ) 15–ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന കീബോർഡ് ക്ലാസുകളുടെ ഉദ്ഘാടനം നാളെ (2/2/18) വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് വിഥിൻഷോ പോർട്ട് വേയിലുള്ള ലൈഫ് സ്റ്റൈൽ സെന്ററിൽ മുൻ പ്രസിഡന്റ് ജോബി മാത്യു ഉദ്ഘാടനം ചെയ്യും. പ്രസ്തുത ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് അലക്സ് വർഗ്ഗീസ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിക്കും. വൈസ് പ്രസിഡന്റ് ഹരികുമാർ.പി.കെ, ട്രഷറർ സാബു ചാക്കോ, ജോയിന്റ് സെക്രട്ടറി സജി സെബാസ്റ്റ്യൻ മറ്റ് കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

2003-ൽ സ്ഥാപിതമായ എംഎംസിഎ ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോൾ യുകെയിലെ ഒന്നാം നിരയിലുള്ള അസോസിയേഷനുകളിലൊന്നായി മാറിക്കഴിഞ്ഞു. 150 ൽ പരം കുടുംബംങ്ങൾ ഈ സംഘടനയിൽ അംഗങ്ങളായുണ്ട്. രൂപം കൊണ്ട നാൾ ഇന്നുവരെ ഒന്നിനൊന്നു മികച്ച പ്രവർത്തനങ്ങളാൽ സംഘടനയെ മുന്നോട്ട് കൊണ്ടു പോകുവാൻ സംഘടനക്ക് നേതൃത്വം കൊടുത്ത ഭാരവാഹികൾ പരിശ്രമിച്ചതിന്റെ ഫലമായാണ് അസോസിയേഷൻ ഇത്രയും ശക്തമായ നിലയിലെത്തിയത്.

“ക്രിസ്റ്റൽ ഇയർ” വിപുലമായ പരിപാടികളോടെ ആഘോഷിക്കുവാനാണ് ടീം എംഎംസിഎ ആലോചിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. കരാട്ടേ ക്ലാസ്സുകളും ബോളിവുഡ് ഡാൻസ് ക്ലാസ്സുകളും നിലവിൽ എംഎംസിഎയുടെ കീഴിൽ നടന്നുവരുന്നുണ്ട്. അതാതു തലങ്ങളിൽ കഴിവു തെളിയിച്ച പ്രഗത്ഭരായ അധ്യാപകരാണ് ഓരോ ക്ലാസ്സുകളും നയിക്കുന്നത്. നാളെ വെള്ളിയാഴ്ച നടക്കുന്ന കീബോർഡ് ക്ലാസ്സുകളുടെ ഉദ്ഘാടന ചടങ്ങുകളിലേക്ക് എവരേയും സ്വാഗതം ചെയ്യുന്നതായി ടീം എംഎംസിഎയ്ക്ക് വേണ്ടി ജനറൽ സെക്രട്ടറി ജനീഷ് കുരുവിള അറിയിക്കുന്നു.