ഇടപ്പള്ളി ദേശീയ പാതയിലുള്ള ദിലീപിന്റെ ദേ പുട്ട് എന്ന റെസ്‌റ്റോറന്റ് ജനക്കൂട്ടം അടിച്ചുതകര്‍ത്തു. ദിലീപിനെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത പുറത്തുവന്നയുടനെയാണ് ദേപുട്ട് അടിച്ചുതകര്‍ക്കപ്പെട്ടത്. ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുള്‍പ്പെടെ ഇറങ്ങിയോടി. കലി തീരാതെ ജനക്കൂട്ടം വലിയ അതിക്രമമാണ് ഹോട്ടലിന് വരുത്തിവച്ചത്. ജനപ്രിയ നായകന്‍ എന്ന പ്രതിഛായ നിലനിര്‍ത്തിക്കൊണ്ട് ചെയ്ത ദിലീപിന്റെ പ്രവര്‍ത്തികളോടെല്ലാമുള്ള ദേഷ്യം ജനക്കൂട്ടം ഇവിടെ തീര്‍ത്തു.

അറസ്റ്റ് ചെയ്തതിന് ശേഷം ദിലീപിനെ ആലുവ പൊലീസ് ക്ലബിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെയും ജനക്കൂട്ടം പെരുമാറിയത് ഇങ്ങനെതന്നെ. ദിലീപ് പൊലീസ് ക്ലബിലേക്ക് കയറിയ ഉടനെ പ്രതിഷേധ പ്രകടനം തന്നെ നടക്കുകയുണ്ടായി. ഇപ്പോഴും തടിച്ചുകൂടിയ ജന സാഗരം പിരിയാതെ നില്‍ക്കുകയാണ് ആലുവയില്‍. ദേ പുട്ടിലും സ്ഥിതി വ്യത്യസ്ഥമല്ല.

അതേസമയം, തങ്ങളുടെ നാട്ടുകാരനായ ഒരാള്‍ ഇത്തരത്തില്‍ ചെയ്തുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ഇവരെയൊക്കെ ജനങ്ങള്‍ തെരുവില്‍ കൈകാര്യം ചെയ്യുകയാണ് വേണ്ടതെന്നും പോലീസ് ക്ലബിന് മുന്നില്‍ കൂടിയ ചിലര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന കേരളാ പോലീസിനെ നാട്ടുകാര്‍ അഭിനന്ദിക്കുന്നുമുണ്ടായിരുന്നു.

രാവിലെ ദിലീപിനെ അതീവരഹസ്യമായി രഹസ്യ കേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.