കാരൂർ സോമൻ

കേരളത്തിലും ലോകമെങ്ങും വായനവാരവുമായി സാഹിത്യ കൂട്ടായ്‌മ “ആധുനികതയും വായനയും” എന്ന വിഷയം തെരഞ്ഞെടുത്തത് കരുത്തുറ്റ കാൽവെയ്‌പ്പോടെയായാണ് കാണുന്നത്. വായന ഒരിക്കലും പൂർണ്ണമല്ല. അത് യാത്രപോലെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വായനയിൽകൂടി ലഭിക്കുന്ന അറിവ് ജീവിതത്തെ മൂല്യബോധത്തോടെ ചിട്ടപ്പെടുത്തിയെടുക്കാൻ വളരെ സഹായിക്കുക്കുക മാത്രമല്ല അത് നമ്മെ എത്തിക്കുന്നത് ഉയരങ്ങളിലാണ്. ഈ കാലത്ത് കൊറോണ ദുഷ്ട ദൈവം നമ്മെ അത്യാധുനികതയിൽ എത്തിച്ചതുകൊണ്ടാണല്ലോ അദ്ധ്യാപനം ഓൺലൈൻ വഴി നടത്താൻ ഇടവന്നതും കുട്ടികൾ കംപ്യൂട്ടറിന്റ മുന്നിൽ ഇരിക്കാൻ ഇടയായതും. ഈ രംഗത്ത് നമ്മൾ എത്ര മികവുള്ളവരായാലും നമ്മുടെ മനസ്സിൽ ആഴത്തിൽ വേരുറയ്ക്കുന്നതാണ് വായന. അത് ആർജ്ജിച്ചെടുത്തവരാണ് നമ്മൾ കണ്ടിട്ടുള്ള മഹാന്മാർ. ചിന്തകനായ കൺഫ്യൂഷ്യസ് പറയുന്നു. “ചിന്ത കൂടാതെയുള്ള പഠനം നിഷ്‌ഫലമാണ്. പഠനം കൂടാതെയുള്ള ചിന്ത അപകടകരവും. തെറ്റുകളിൽ വീഴാതിരിക്കുന്നതിലല്ല വീഴ്ച്ചയിൽ നിന്ന് എഴുന്നേൽക്കുന്നതിലാണ് മനുഷ്യന്റെ മഹത്വ൦”. ഈ ചിന്താശകലങ്ങൾ നമുക്ക് തരുന്നത് വായനയാണ്. അതുകൊണ്ടാണ് ചിന്തകനായ പ്ലേറ്റോ പറഞ്ഞത് “തങ്ങൾക്ക് മനസ്സിലാകാത്ത കാര്യങ്ങളെപ്പറ്റി, അനീതികളെപ്പറ്റി ആധികാരികമായി എഴുതുന്നവരാണ് സർഗ്ഗ സാഹിത്യകാരന്മാർ, കവികൾ.

സാഹിത്യത്തിന്റ മണിമുറ്റത്ത് ഓരോരുത്തരുടെ മനോസുഖത്തിനായി പുതിയ പുതിയ അനുഭൂതി ആവിഷ്കാരങ്ങൾ ആധുനികകാലത്ത് വികസിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് 19 ജൂൺ 2020 പി.എൻ.പണിക്കരെ സ്മരിച്ചുകൊണ്ടുള്ള വായനാദിനം നമ്മൾ ആചരിക്കുന്നത്. മാർച്ച് ഒന്ന് 1909 ൽ നിലംപൂരിലാണ് അദ്ദേഹം ജനിച്ചത്. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റ പിതാവായി അദ്ദേഹം അറിയപ്പെടുന്നു. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ, മലയാള പത്രപ്രവർത്തനത്തിന്റ പിതാവ് ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ ഇങ്ങനെ നല്ല പിതാക്കന്മാരുടെ പാതകളാണ് നമ്മൾ പിന്തുടരുന്നത്. പി. എൻ.പണിക്കർ ഗ്രന്ഥശാല 1945 ലാണ് ആരംഭിച്ചത്. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകളാണ് “വായിച്ചു വളരുക. അറിവ് നേടാനാണ് നാം വായിക്കുന്നത്”. ജൂൺ 19, 1995 ന് അദ്ദേഹം ഈ ലോകത്തോട് വിടപറയുമ്പോൾ 6000 ത്തിലധികം ഗ്രന്ഥശാലകൾ കേരളത്തിലെങ്ങും അദ്ദേഹം വഴി ഉടലെടുത്തു. മുപ്പത്തിരണ്ട് വർഷങ്ങൾ ഗ്രന്ഥശാല സംഘത്തിന്റ സെക്രട്ടറിയായിരിന്നു. പിന്നീടത് കേരളസർക്കാർ ഏറ്റെടുത്തു. ഇന്ത്യയിലെ ആദ്യ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി തിരുവനന്തപുരത്താണ്. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയുള്ളത് കൊൽക്കത്തയിലെ ആലിപ്പൂരിലാണ്. കേരളത്തിലാകമാനം ഒരു വിപ്ലവകരമായ സാമുഹ്യ സാംസ്കാരിക മാറ്റമാണ് ഗ്രന്ഥശാലകൾ വഴി അദ്ദേഹമുണ്ടാക്കിയത്. 1975 ൽ യുനെസ്കോയുടെ “കൃപസ്കയ പുരസ്‌കാരം” ലഭിച്ചു. 2004 കേന്ദ്രസർക്കാർ അദ്ദേഹത്തിന്റ പേരിൽ അഞ്ചു രൂപയുടെ പോസ്റ്റൽ സ്റ്റാമ്പ് ഇറക്കി ആദരിച്ചു. കേരളവും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ആത്മാവിനെ അറിവിന്റ മൂല്യബോധത്തിൽ വളർത്തികൊണ്ടുവരാൻ തറക്കല്ലിട്ടവരാണ് നമ്മുടെ ആദിമ സർഗ്ഗ പ്രതിഭകളായ വ്യാസമഹർഷി, വാല്മികിമഹർഷി തുടങ്ങിയവർ. ഇന്ന് ഇന്ത്യയുടെ മുക്കിലും മൂലയിലും എഴുത്തും വായനയുമില്ലത്ത ജനകോടികൾ ജീവിക്കുന്നു. മനുഷ്യമനസ്സിന്റ ചാലകശക്തിയാണ് വായന എന്നറിഞ്ഞിട്ടും ഇന്ത്യയുടെ ആത്മാവിനെ വരിഞ്ഞുമുറുക്കി ബോധപൂർവ്വം പാവങ്ങളെ അറിവില്ലായ്മയുടെ പടുകുഴിയിലേക്ക് ഭരണകൂടങ്ങൾ തള്ളിവിടുന്നു. മനുഷ്യമനസ്സിന്റ പ്രേരണകൾ ആത്മാവിന്റ പാതയിലാണ് സഞ്ചരിക്കുന്നത്. അവർ യാഥാർഥ്യത്തിലേക്ക് സഞ്ചരിക്കുമെന്നറിഞ്ഞിട്ടാണ് അവർക്ക് മതിയായ വായന സാഹചര്യങ്ങൾ ഇന്ത്യയിൽ സൃഷ്ടിക്കാത്തത്. അറിവുള്ളവരായാൽ സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ മാത്രമല്ല ജാതിമതരാഷ്‌ട്രീയം കൂട്ടികുഴച്ചുള്ള ജനാധിപത്യവും അവസാനിക്കും. ഈ കൂട്ടരെ പാടി പുകഴ്ത്തുന്ന എഴുത്തുകാർക്ക് പ്രതിഫലവും കിട്ടുന്നുണ്ട്. അവരുടെ കർത്തവ്യബോധം മതരാഷ്ട്രിയ പ്രമാണിമാർക്ക് പണയം വെച്ചിരിക്കുന്നു. സത്യം പറയുന്നവന് ഭീഷണികളും വെടിയുണ്ടകളും ലഭിക്കുന്നു.

വായനയെ ഹൃദയത്തോടെ ചേർത്ത് പിടിച്ചു ജീവിക്കുന്നവരാണ് ബ്രിട്ടീഷുകാർ. അതിന് അടിത്തറയിട്ടത് 1066 -1087 ൽ ഇംഗ്ലണ്ട് ഭരിച്ച വില്യം ഒന്നാമൻ രാജാവാണ്. സമൂഹത്തിൽ എഴുത്തും വായനയും അദ്ദേഹം നിർബന്ധമാക്കി. അതാണ് ബ്രിട്ടന്റെ ഓരോ കോണിലും ലൈബ്രറികൾ കാണാൻ സാധിക്കുന്നത്. ലോകമെങ്ങും ഇംഗ്ലീഷ് ഭാഷയും സാഹിത്യവും വളർത്തുന്നതിൽ രാജകുടുംബത്തിന്റ പങ്ക് വളരെ വലുതാണ്. രാജകുടുംബത്തിൽ നിന്ന് തന്നെ പല സാമൂഹ്യവിഷയങ്ങളെ കോർത്തിണക്കിയുള്ള ആദ്യ പുസ്തകം “ഡോമസ് ഡോ ഡേ” പുസ്തകം പുറത്തിറങ്ങി. മാത്രവുമല്ല ബ്രിട്ടീഷ് അധീനതയിലുള്ള എല്ലാം രാജ്യങ്ങളോടും കർശനമായി അറിയിച്ചു. “ഇറങ്ങുന്ന ആദ്യ പുസ്തകം ഇംഗ്ലണ്ടിന് നൽകണം”. അങ്ങനെയാണ് ലോകത്ത് മുൻനിരയിൽ നിൽക്കുന്ന ബ്രിട്ടീഷ് ലൈബ്രറിയിൽ നമ്മുടെ മഹാഭാരതവും, രാമായണവും, മലയാളിയുടെ താളിയോല ഗ്രന്ഥങ്ങളും ഇന്ദുലേഖയൊക്കെ എനിക്കും കാണാൻ സാധിച്ചത്. ആ പൂർവ്വപിതാക്കന്മാരുടെ പാത ഇന്നത്തെ ഭരണകൂടങ്ങളും പിന്തുടരുന്നു. ഒരു സമൂഹത്തിന്റ വളർച്ചയിൽ പ്രധാനപങ്കുള്ളവരാണ് ഭാഷ രംഗത്തുള്ള സർഗ്ഗപ്രതിഭകൾ, മറ്റ് എഴുത്തുകാർ. ഒരു ഭരണകൂടം എങ്ങനെ ഇടപെടുന്നുവെന്ന് ബ്രിട്ടൻ ഭരിച്ചിരുന്ന ഹെൻഡ്രി എട്ടാമൻ രാജാവിനെ പഠിച്ചാൽ മതി. നമ്മുടെ ജവഹർലാൽ നെഹ്‌റു പഠിച്ച കേ൦ബ്രിഡ്ജ് ഡ്രിനിറ്റി കോളേജ് സ്ഥാപിച്ചത് ഈ രാജാവാണ്. ലോകത്ത് ആദ്യമായി പാവപ്പെട്ട കുട്ടികളിൽ നിന്ന് ഫീസ് വാങ്ങാതെ പഠിപ്പിച്ചു. അത് പല രാജ്യങ്ങൾക്കും മാതൃകയായി മാറി. ആ കുട്ടത്തിൽ ഒരു പാവപ്പെട്ട കുട്ടിയുണ്ടായിരുന്നു. ഗുരുത്വാകർഷണ സിദ്ധാന്തം കണ്ടുപിടിച്ച മഹാനായ ഐസക്ക് ന്യൂട്ടൻ. മലയാളി വായനാദിനം ആചരിക്കുമ്പോൾ ലോകമെങ്ങും ഇംഗ്ലണ്ടുകാരനായ വില്യം ഷേക്‌സ്‌പിയറുടെ ജനനമരണ തീയതി ഏപ്രിൽ 23 ലോക പുസ്തകദിനമായി യുനെസ്കോ ആചരിക്കുന്നു.

ഒരു ദേശത്തിന്റ വളർച്ചയും സാമൂഹ്യ സാംസ്കാരിക പുരോഗതിയും കൈവരിക്കുന്നത് അറിവിലൂടെയാണ്. ആ അറിവ് കേരളം നേടിയിട്ടുള്ളത് പുസ്തകങ്ങളിലൂടെയാണ്. അതിന് നമ്മുടെ വായനശാലകൾ വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിലെ ഓരോ വാർഡുകളിലും ഒരു ഗ്രന്ഥശാലയുണ്ടാക്കാൻ കേരള സർക്കാർ മുന്നോട്ട് വരണം. മുൻപുണ്ടായിരുന്ന വായനശീലം യവ്വനക്കാരിൽ കുറഞ്ഞതുമൂലം നമ്മുടെ നാട്ടിൽ അന്ധവിശ്വാങ്ങൾ, അനാചാരങ്ങൾ, അനീതി, അഴിമതി, മതമൗലികവാദികളുടെ രാഷ്ട്രീയ ഇടപെടൽ, വർഗ്ഗിയത, പണാധിപത്യം, ജാതിചിന്ത, അധികാരചൂഷണം തുടങ്ങിയ ധാരാളം ജീർണ്ണതകൾ കാണുന്നുണ്ട്.. ഇതൊക്കെ സംഭവിക്കുന്നത് വായനയുടെ കുറവും വിജ്ഞാനയാപനം ഇല്ലാത്തതുമാണ്. ജനങ്ങളെ മദ്യപന്മാരാക്കി വളർത്താതെ അറിവിൽ വളർത്തുകയാണ് വേണ്ടത്.

പുതിയ സാങ്കേതിക വിദ്യകൾ കണ്മുന്നിൽ തുറന്നിടുമ്പോൾ വായന നമ്മിൽ വികസിക്കുന്നുണ്ടോ എന്നൊരു ചോദ്യമാണുയരുന്നുണ്ട്. കാളിദാസന്റെ ഭാഷയിൽ പറഞ്ഞാൽ വാകപ്പൂവിന് ചിത്രശലഭത്തിന്റ ഭാരം താങ്ങാനാവും എന്നാൽ പക്ഷികളുടെ ഭാരം താങ്ങാനാവില്ല. സാങ്കേതിക വിദ്യകൾ അധികകാലം ജീവിതഭാരം താങ്ങാൻ നമുക്കൊപ്പം സഞ്ചരിക്കില്ല. ചുരുക്കിപ്പറഞ്ഞാൽ കൊറോണ നമ്മെ ഭരിക്കുന്നതുപോലെ ആധുനിക സാങ്കേതികവിദ്യകൾ നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ സാങ്കേതിക വിദ്യകളിൽ നമ്മൾ ആറാടുമ്പോൾ കാലത്തിന്റ പരുക്കുകളേറ്റു കിടക്കുന്ന, ജീവിതം അലങ്കോലപ്പെട്ടുകിടക്കുന്ന പലരെയും കാണാൻ സാധിക്കും. ഒരാൾ അപകടത്തിൽ കിടന്ന് രകതം വാർന്നൊഴുകുമ്പോൾ അതിന്റ ഫോട്ടോയെടുത്തു് രസിക്കുന്ന സാങ്കേതിക വളർച്ചയാണോ നമ്മുക്ക് വേണ്ടതെന്ന് ചിന്തിക്കണം. ആ ചിന്ത നമ്മെ എത്തിക്കുന്നത് വായനയിലാണ്. നമ്മൾ അറിയേണ്ടത് ഹ്ര്യദയാനുഭൂതികളുടെ ചേതോഹരമായ സൃഷ്ടിയാണ് സാഹിത്യം അല്ലാതെ സ്‌ക്രീനിൽ തെളിയുന്ന മായാപ്രപഞ്ചമല്ല. ഉപരിതലത്തിൽ കാണിക്കുന്ന മായാജാലമാണ് ഒരു കൂട്ടർക്ക് ഇഷ്ടവിനോദം. ഒരു സിനിമയെടുക്കു. അതിലെ നായകൻ പത്തുപേരെ ഇടിച്ചുവീഴ്ത്തുന്നത് കണ്ടിരുന്ന രസിക്കാൻ അറിവിൽ വരണ്ടുണങ്ങിപോയ അന്ധകാരത്തിലുലാത്തുന്നവർക്ക് മാത്രമേ സാധിക്കു. അറിവുള്ളവർക്ക് സാധിക്കില്ല. കാരണം. അത് ജീവിതത്തിൽ നടപ്പുള്ള കാര്യമല്ലെന്ന് വിവേകികൾക്കറിയാം. എന്നാൽ സാഹിത്യ സൃഷ്ടികൾ ആത്മാവിന്റ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതാണ്. സമൂഹത്തിൽ ചൂഴ്ന്നു നിൽക്കുന്ന ധാരാളം തിന്മകളുണ്ട്. ആ കൂട്ടരേ നശിപ്പിക്കാൻ മൂർച്ചയേറിയ ആയുധം ലോകചരിത്രത്തിൽ സാഹിത്യമാണ്. ലോകത്തുണ്ടായ വിപ്ലവങ്ങൾ അതിനുദാഹരണങ്ങളാണ്. ആധുനികത അവകാശപ്പെടുന്നവർക്ക് ഇതിന് സാധിക്കുന്നുണ്ടോ എന്നത് ഒരു ചോദ്യചിഹ്നമാണ്. ആധുനികത്വത്തിന്റ ചൈതന്യമുള്ള സൃഷ്ടികൾ ഇന്നല്ല ഇതിന് മുൻപും മലയാള ഭാഷയ്ക്ക് ലഭിച്ചിട്ടുണ്ട്. അത് ചൂഷണം, ഹിംസ,അനീതി, അന്ധതക്കെതിരെയുള്ള പോരാട്ടമായിരിന്നു.

പൗരാണികാലത്തായാലും ആധുനിക കാലത്തായാലും ആധുനികരായാലും അത്യാധുനികരായാലും ഒരു വ്യക്തിയുടെ മാഹാത്മ്യം നിലകൊള്ളുന്നത് അവന്റെ അറിവിലാണ്. അറിവുണ്ടാകണമെങ്കിൽ നല്ല സാഹിത്യകൃതികൾ വായിക്കണം. ഇന്നത്തെ സ്കൂൾ കുട്ടികളടക്കം ഇൻറർനെറ്റിൽ നിന്ന് പകർത്തുകയാണ്. വായിച്ചു പഠിക്കേണ്ടതില്ല. ഈ വിദ്യാവിവരണത്തിലൂടെ അറിവിനെ അളന്നെടുക്കാൻ സാധിക്കുമോ? ഇതിനെയാണോ ആധുനികതയെന്ന് വിശേഷിപ്പിക്കുന്നത്? ഇതുപോലെയാണ് ശൈലീപരമായ അക്ഷരങ്ങളെ അളന്നെടുത്തു രൂപപരമായ അഭ്യാസങ്ങൾ നടത്തി ആധുനികത്വ൦ സൃഷ്ടിക്കാൻ ഭാഷയിൽ ഒരു കൂട്ടർ ശ്രമിക്കുന്നത്. ഈ കൂട്ടർക്ക് സ്തുതിപാടാൻ സോഷ്യൽ മീഡിയ പോലുള്ള തലച്ചോറില്ലാത്ത പ്രചാര തന്ത്രങ്ങളുണ്ട്. ഇന്നത്തെ ചില കവിതകൾ ഒന്നെടുക്കു. സുഗതകുമാരി ടീച്ചർ പറയുന്നതുപോലെ നാട്ടിലെങ്ങും കവികളുടെ പ്രളയമാണ്. കുട്ടികൾ കടൽപ്പുറത്ത് മണലുകൊണ്ട് വീട് തീർക്കുന്നതുപോലെയാണ് പല കവിതകൾ വായിക്കുമ്പോൾ തോന്നുന്നത്. നല്ല കവിതകൾ നല്ല അടിത്തറയിൽ പടുത്തുയർത്തുന്നതാണ്. കടലിലെ തിരമാലകൾ വന്ന് ആ വീട് കൊണ്ടുപോകുമ്പോൾ വീണ്ടും ഈ മണൽ കവികൾ വീടുണ്ടാക്കി ലൈക്കുകൾ നേടുന്നു. അവരെയും ആധുനിക കവികൾ എന്ന് ചിലരൊക്ക വിളിക്കുന്നുണ്ട്. ഇതുപോലുള്ള പരീക്ഷണങ്ങൾ പലരും സാഹിത്യരംഗത്ത് നടത്തി രസിക്കുന്നു. സ്വാധീനമുള്ളവർ അതൊക്കെ പ്രസിദ്ധപ്പെടുത്തി ധാരാളം ഫേസ് ബുക്ക് പോലുള്ള ലൈക്കുകൾ വാങ്ങുന്നു. രാഷ്ട്രീയ രംഗത്തുള്ളവരെങ്കിൽ പദവിയും പത്രാസും അവരെ തേടിയെത്തും.

ഇംഗ്ലീഷ് സാഹിത്യകാരനായ ക്രിസ്റ്റഫർ മോർളി പറയുന്നത് “പുസ്തകങ്ങളില്ലാത്ത മുറി ആത്മാവില്ലാത്ത ശരീരംപോലെയാണ് “. ഇവിടെയാണ് നമ്മുടെ ആത്മാവിനെ തട്ടിയുണർത്താൻ കാലമായിരിക്കുന്നത്. നമുക്ക് ചുറ്റും എന്തെല്ലാം തിന്മകൾ നടമാടുന്നു. കൺമുന്നിൽ കണ്ടാലും പ്രതികരിക്കില്ല. നമ്മൾ ഒരു ശരീരം വലിച്ചുകൊണ്ട് നടക്കുന്നു. ആത്മാവ് പോലും പ്രതികരിക്കുന്നില്ല. കുറെ ചത്ത ശവങ്ങൾ എന്ന് പറഞ്ഞാലും തെറ്റില്ല. സാഹിത്യ രംഗത്തും ഇത്തരക്കാരുണ്ട്. സമൂഹത്തിന് വേണ്ടിയാണ് സർഗ്ഗസൃഷ്ഠി നടത്തുന്നതെങ്കിൽ നായുടെ സ്വഭാവമുള്ളവനെ നായെന്ന് വിളിക്കാനുള്ള ചങ്കൂറ്റം കാണിക്കണം. ഇന്നത്തെ ആധുനിക അത്യാധുനിക എഴുത്തുകാർ പൊൻകുന്നം വർക്കിയെ പഠിക്കണം. കത്തോലിക്ക മതമേധാവികൾ വർക്കി സഭയെ കരിവാരിത്തേക്കുന്നുവെന്ന് പരാതി പറഞ്ഞപ്പോൾ അദ്ദേഹം കൊടുത്ത മറുപടി “ആ കരി ഞാൻ തേച്ചതല്ല അത് നിങ്ങളുടെ മുഖത്തുള്ളതാണ്”. ഇങ്ങനെ ധീരമായ മറുപടികൊടുക്കാൻ ചങ്കൂറ്റമുള്ള എത്ര എഴുത്തുകാർ നമ്മുക്കുണ്ട്? നല്ല സാഹിത്യകൃതികൾ മനുഷ്യരെ വാരിപുണരുന്നതാണ്. കാളിദാസൻ നടത്തിയ ചാട്ടവാറടിപോലെ കേരളത്തിലും എത്രയോ കവികൾ, സാഹിത്യമാരന്മാർ അടിയേറ്റു പിടഞ്ഞവന്റെ ഒപ്പം നിന്നു. ഇന്ന് മതരാഷ്ട്രീയത്തിൽ നടക്കുന്ന അധാർമിക്കതിരെ തൂലിക ചലിപ്പിക്കാൻ എത്രപേരുണ്ട്? ചങ്കുറപ്പുള്ള സർഗ്ഗ പ്രതിഭകൾ ഉയർത്തെഴുനേൽക്കാൻ കാലമായിരിക്കുന്നു.