ത്രിപുരയിലെ പത്താമത്തെ മുഖ്യമന്ത്രിയായി ബിപ്ലവ് കുമാർ ദേവ്(48) സ്ഥാനമേറ്റ് കാൽനൂറ്റാണ്ടു കാലത്തെ സിപിഎം ഭരണത്തിനു വിരാമമിട്ട ചരിത്ര മുഹുർത്തത്തിൽ ബിജെപിയെ തിരിഞ്ഞു കൊത്തി വിവാദം. സത്യപ്രതിജ്ഞാ ചടങ്ങിനിടെ ബിജെപിയുടെ മുതിർന്ന നേതാവും രാഷ്ട്രീയ ഗുരുവുമായ എൽ. കെ അദ്വാനിയെ പൊതുവേദിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ചുവെന്നാണ് ആരോപണം.മോദി വേദിയിൽ എത്തിയതോടെ വേദിയിലുളളവരെല്ലാം എഴുന്നേറ്റ് നിന്ന് ആദരം പ്രകടിപ്പിച്ചു. ഓരോരുത്തരെയായി അഭിവാദ്യം ചെയ്ത മോദി അദ്വാനിയെ പരിഗണിക്കാതെ കടന്നു പോയി. വേദിയിൽ അദ്വാനിക്ക് സമീപമുണ്ടായിരുന്ന ത്രിപുര മുൻ മുഖ്യമന്ത്രി മാണിക് സർക്കാരിനോട് ദീർഘനേരം സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുരളി മനോഹര്‍ ജോഷി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്ത വേദിയായിലാണ് അദ്വാനി അപമാനിക്കപ്പെട്ടത്. തിരഞ്ഞെടുപ്പിനുശേഷമുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സഹകരണത്തിന്റെ ഭാഷയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. സിപിഎമ്മിനെ പ്രതിനിധീകരിച്ചു മുൻമുഖ്യമന്ത്രി മണിക് സർക്കാർ മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളൂ.

സംഭവത്തിന്റെ വിഡിയോ പുറത്ത് വന്നതോടെ മോദിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാകുകയും ചെയ്തു. രാഷ്ട്രീയ ഗുരുവിന് ശിഷ്യന്റെ ദക്ഷിണ എന്ന പേരിൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തു. വേദിയിലേയ്ക്ക് കയറി വന്ന മോദിയെ കൈകൂപ്പി അഭിവാദ്യം ചെയ്ത അദ്വാനിയെ കണ്ടില്ലെന്ന് നടിച്ച് മോദി നടന്നു പോകുന്നത് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തവുമാണ്.