റഫാല്‍ കരാറില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്ന് ആശ്വാസം. ഇടപാടില്‍ അന്വേഷണം വേണമെന്ന ആവശ്യം കോടതി തള്ളി. ഇടപാടിലും കരാറിലും സംശയങ്ങളില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വന്‍ ആശ്വാസമാണ് വിധി.

റഫാല്‍ ജെറ്റിന്റെ ഗുണനിലവാരത്തിലും സംശയമില്ല. പ്രതിരോധ ഇടപാടുകളില്‍ കോടതി പരിശോധനയ്ക്ക് പരിധിയുണ്ട്. കരാറില്‍ തൃപ്തി അറിയിച്ചു.
വില താരതമ്യം ചെയ്യുക കോടതിയുടെ ഉത്തരവാദിത്തമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. റഫാല്‍ ഇടപാട് അന്വേഷിക്കണമെന്ന പൊതുതാല്‍പര്യഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ വന്‍അഴിമതിയാരോപിച്ച് ബി.ജെ.പി വിമതനേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. റിലയന്‍സിന് ഓഫ്സെറ്റ് കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നും ആരോപിച്ചു. യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് 126 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് കരാറൊപ്പിട്ടത്. എന്നാല്‍, ബി.ജെ.പി സര്‍ക്കാര്‍ ഇത് 36 വിമാനങ്ങളായി വെട്ടിചുരുക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് പദ്ധതിയിലെ മാറ്റം പ്രഖ്യാപിച്ചത്. മുന്‍കരാറില്‍ നിന്ന് വിഭിന്നമായി വന്‍തുക അധികം നല്‍കിയാണ് വിമാനം വാങ്ങിയതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.

എന്നാല്‍, ഹര്‍ജിയിലെ ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. രാജ്യത്തെ വ്യോമസേനയുടെ ഇപ്പോഴത്തെ സ്ഥിതി വ്യോമസേനാ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അന്വേഷിക്കുകയുണ്ടായി. പോര്‍വിമാനങ്ങളുടെ അഞ്ചാംതലമുറ ആവശ്യമാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. ഇടപാടില്‍ പങ്കാളിയെ കണ്ടെത്താനുള്ള ഒാഫ് സെറ്റ് കരാറിന്‍റെ മാനദണ്ഡത്തില്‍ മാറ്റം വരുത്തിയത് എന്തിന് തുടങ്ങിയ ചോദ്യങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ഇടപാടുമായി ബന്ധപ്പെട്ട രേഖകളും കോടതി വിളിച്ചുവരുത്തിയിരുന്നു. ഇതടക്കം പരിശോധിച്ചാണ് വിധി പറഞ്ഞത്.