ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി വികസനനേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പുറത്തിറക്കിയ പരസ്യത്തില്‍ ശ്രീലങ്കയിലെ ട്രെയിന്‍ സര്‍വ്വീസിന്റെ ഉദ്ഘാടന ചിത്രവും. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിവരിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ ‘ഭാരതത്തിന്റെ ഭാവി ഉജ്ജ്വലം’ പരസ്യമാണ് വിവാദമായിരിക്കുന്നത്. ബുധനാഴ്ച്ച വിവിധ മാധ്യമങ്ങളില്‍ വന്ന പരസ്യത്തിലാണ് ശ്രീലങ്കയിലെ തലൈമന്നാറില്‍ രണ്ട് വര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ സര്‍വ്വീസ് ഉദ്ഘാടനം ചെയ്യുന്ന ചിത്രവും ഇന്ത്യയുടെ അഭിമാനനേട്ടമായി ചിത്രീകരിച്ചിരിക്കുന്നത്.

2015 മാര്‍ച്ച് 14ന് നടന്ന പ്രധാനമന്ത്രിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു നരേന്ദ്ര മോദി ട്രെയിന്‍ സര്‍വ്വീസിന്റെ ഉദ്ഘാടനം നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ റെയില്‍ മേഖലയുടെ വികസനം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള റെയില്‍ ശൃംഖലകളുടെ നിര്‍മ്മാണം അതിവേഗത്തില്‍, ആറു പുതിയ നഗരങ്ങള്‍ക്ക് മെട്രോ സൗകര്യം എന്ന വാചകങ്ങള്‍ക്കൊപ്പമാണ ഈ ചിത്രം വന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രയിന്‍ സര്‍വ്വീസിന്റെ ഫ്‌ളാഗ് ഓഫ് ചെയ്യുന്നതായുള്ള ചിത്രത്തില്‍ വലത്തേ മൂലയില്‍ തലൈമന്നാര്‍ പിയര്‍ എന്ന് എഴുതിയിരിക്കുന്ന ബോര്‍ഡ് വ്യക്തമാണ്.

സിംഹളഭാഷയിലും തമിഴിലും ഇംഗ്ലീഷിലുമായാണ് ട്രെയിനിലെ എഴുത്തുകള്‍. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും ചിത്രത്തില്‍ മോദിയോടൊപ്പമുണ്ട്. കേന്ദ്ര സര്‍ക്കാരിന് റെയില്‍വേ മേഖലയില്‍ ചൂണ്ടിക്കാണിക്കാന്‍ നേട്ടങ്ങളില്ലാത്തതാണ് ശ്രീലങ്കയിലെ ചിത്രം ഉപയോഗിച്ചതിലൂടെ വ്യക്തമാവുന്നതെന്നാണ് വിമര്‍ശകരുടെ ആരോപണം.