ഇന്ത്യ വികസന പാതയില്‍ തന്നെയെന്ന് മോദി; നോട്ട് നിരോധനവും ജിഎസ്ടിയും ശരിയായ തീരുമാനമെന്നും പ്രധാനമന്ത്രി

ഇന്ത്യ വികസന പാതയില്‍ തന്നെയെന്ന് മോദി; നോട്ട് നിരോധനവും ജിഎസ്ടിയും ശരിയായ തീരുമാനമെന്നും പ്രധാനമന്ത്രി
February 11 09:26 2018 Print This Article

അബുദാബി: ഇന്ത്യ വികസനത്തിന്റെ പാതയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കാലത്ത് ഇന്ത്യയെ കുറിച്ച് ആശങ്കയും സംശയവുമാണ് മറ്റ് രാജ്യങ്ങള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അതില്‍നിന്നും ഒട്ടേറെ മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദരിദ്രജനങ്ങള്‍ പോലും നോട്ട് നിരോധനം ശരിയായ നീക്കമാണെന്ന് പറയുന്നു. ജി.എസ്.ടിയും ശരിയാണെന്ന് ഏഴ് വര്‍ഷത്തിന് ശേഷം തിരിച്ചറിയുമെന്നും മോദി പ്രസംഗത്തിനിടെ പറഞ്ഞു. നിങ്ങള്‍ ഇവിടെ കാണുന്ന ഓരോ സ്വപ്നവും ഇന്ത്യയില്‍ നടപ്പാക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്നും മോദി പറഞ്ഞു.

30 ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് സ്വന്തം വീടിനു സമമായ അന്തരീക്ഷമൊരുക്കിയ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. യു.എ.ഇ.യില്‍ ആദ്യമായി നിര്‍മിക്കുന്ന ഹിന്ദുക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ദുബൈ ഒപ്പേറയില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചത്. പ്രത്യേകം ക്ഷണിക്കപ്പെട്ട 1800 ഇന്ത്യക്കാരായ പ്രവാസി പ്രതിനിധികളെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്.

ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യക്ക് ശക്തമായ ബന്ധമാണുള്ളത്. മുപ്പത് ലക്ഷം ഇന്ത്യക്കാരെ അവരുടെ നാടായി ഗള്‍ഫ് രാജ്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഞാന്‍ നന്ദി പറയുന്നു. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനം വെറും കച്ചവടം മാത്രമല്ല. യഥാര്‍ത്ഥ പങ്കാളിത്തം കൂടിയാണെന്നും കല്ലിടല്‍ കര്‍മ്മത്തിന് ശേഷം ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.

അബുദാബിയിലെ ക്ഷേത്രം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ഒരു പാലമാണ്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളേയും പ്രതിനിധാനം ചെയ്യുന്നവരാണ് നിങ്ങള്‍, അതുകൊണ്ടു തന്നെ ഇന്ത്യയുടെ വികസനം എങ്ങനെയാണെന്ന് നിങ്ങള്‍ക്കറിയുന്നതാണെന്നും അദ്ദേഹം ഇന്ത്യന്‍ സമൂഹത്തോടായി പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles