അനയാസ വിജയം തേടിയിറങ്ങിയ ഇന്ത്യയെ വിറപ്പിച്ച അഫ്ഗാനിസ്ഥാന്. ലോകകപ്പില്‍ അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് 11 റണ്‍സ് ജയം. ലോകകപ്പിൽ ഇന്ത്യയുടെ 50ാം വിജയമാണിത്. ഇന്ത്യയുർത്തിയ 225 റണ്‍സ് പിന്തുടര്‍ന്ന അഫ്ഗാന്‍ 213 റണ്‍സിന് പുറത്തായി. മുഹമ്മദ് ഷമിക്ക് ഹാട്രിക് മികവാണ് ഇന്ത്യൻ വിജയം കരുത് പകർന്നത്. മല്‍സരത്തില്‍ ഷമി നാല് വിക്കറ്റ് നേടിയിരുന്നു.

ജയസാധ്യത ഇരുപക്ഷത്തേക്കും മാറിമാറിഞ്ഞ മൽസരമായിരുന്നു. ബാറ്റ്സ്മാൻമാരുടെ അപ്രതീക്ഷിത വീഴ്ചയിലും പതറാതെ ആവേശത്തോടെ പന്തെറിഞ്ഞ ബോളർമാരാണ് ഇന്ത്യയ്ക്ക് 11 റൺസിന്റെ വിജയം സമ്മാനിച്ചത്. അവസാന പന്തുവരെ ഇന്ത്യയെ മുൾമുനയിൽ നിർത്തിയ അഫ്ഗാൻ, ഒടുവിൽ ഒരു പന്തു ബാക്കിനിൽക്കെ 212 റൺസിന് പുറത്താവുകയായിരുന്നു.

അവസാന ഓവറിലെ 3, 4, 5 പന്തുകളിലായി യഥാക്രമം മുഹമ്മദ് നബി, അഫ്താബ് ആലം, മുജീബുർ റഹ്മാൻ എന്നിവരെ പുറത്താക്കിയാണ് ഷാമി ഹാട്രിക് നേട്ടം കൈവരിച്ചത്. ഇന്ത്യൻ ബോളർമാർക്കു മുന്നിൽ പതറാതെ പൊരുതി അർധസെ‍ഞ്ചുറി നേടിയ മുഹമ്മദ് നബിക്കും നൽകണം കയ്യടി. 55 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 52 റൺസെടുത്ത നബി ഒരു ഘട്ടത്തിൽ ഇന്ത്യയുടെ മനസ്സിൽ തീകോരിയിട്ടതാണ്.

അവസാന ഓവറിൽ വിജയത്തിലേക്ക് 16 റൺസ് വേണ്ടിയിരുന്നെങ്കിലും നബി ക്രീസിലുള്ളതിനാൽ അഫ്ഗാന് പ്രതീക്ഷയുണ്ടായിരുന്നു. അവസാന ഓവറിലെ ആദ്യ പന്തുതന്നെ ബൗണ്ടറിയിലെത്തിച്ച് നബി പ്രതീക്ഷ കാക്കുകയും ചെയ്തു. എന്നാൽ, മൂന്നാം പന്തിൽ നബിയെ ലോങ് ഓണിൽ ഹാർദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ച് ഷമി ഇന്ത്യ കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യന്‍ സ്കോറിങ് ഇഴഞ്ഞാണ് നീക്കിയത്. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണ് ഇന്ത്യ നേടിയത്. 67 റൺസ് നേടിയ നായകന്‍ വിരാട് കോലിയാണ് ടോപ്പ് സ്കോറർ. കൂട്ടത്തകർച്ചയ്ക്കിടയിലും ആറാം ഏകദിന അർധസെഞ്ചുറി കണ്ടെത്തിയ കേദാർ ജാദവാണ് ഇന്ത്യയെ 200 കടത്തിയത്. ജാദവ് 68 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 52 റൺസെടുത്തു.

സ്കോർ ബോർഡിൽ ഏഴു റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ രോഹിത് ശർമയെ നഷ്ടമാക്കിയ ഇന്ത്യയ്ക്ക് പിന്നീടൊരിക്കലും സമ്പൂർണ മികവിലേക്ക് ഉയരാനായില്ല. അർധസെഞ്ചുറി നേടിയ വിരാട് കോലിയും കേദാർ ജാദവും പങ്കാളികളായ മൂന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുകൾ മാത്രമുണ്ട് അഭിമാനിക്കാൻ.

രണ്ടാം വിക്കറ്റിൽ കോലി–ലോകേഷ് രാഹുൽ സഖ്യവും, നാലാം വിക്കറ്റിൽ കോലി – വിജയ് ശങ്കർ സഖ്യവും (58), അഞ്ചാം വിക്കറ്റിൽ ജാദവ് – ധോണി സഖ്യവുമാണ് (57) അർധസെഞ്ചുറി കൂട്ടുകെട്ടുമായി ഇന്ത്യയെ താങ്ങിനിർത്തിയത്.

അഫ്ഗാൻ നിരയിൽ പന്തെറിഞ്ഞവർക്കെല്ലാം വിക്കറ്റ് ലഭിച്ചു. കൂട്ടത്തിൽ കൂടുതൽ വിക്കറ്റുകൾ പങ്കിട്ടത് ക്യാപ്റ്റൻ ഗുൽബാദിൻ നായിബും മുഹമ്മദ് നബിയും. നായിബ് 9 ഓവറിൽ 51 റൺസ് വഴങ്ങിയും നബി 9 ഓവറിൽ 33 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുജീബുർ റഹ്മാൻ, അഫ്താബ് ആലം, റാഷിദ് ഖാൻ, റഹ്മത്ത് ഷാ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.