ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

ബ്രിട്ടൻ :- തീവ്രവാദ സംഘടനയായ അൽക്വയ്ദയുമായി ബന്ധമാരോപിച്ച് ബ്രിട്ടീഷ് വിദ്യാർത്ഥി ഇരുപത്തിയാറുകാരനായ മുഹമ്മദ് യാമിനെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. രണ്ടായിരത്തി പതിമൂന്നിൽ പുറത്തിറങ്ങിയ ഒരു യൂട്യൂബ് വീഡിയോയിൽ തീവ്രവാദ സംഘടനയ്ക്ക് വേണ്ടി മുഖംമൂടിയണിഞ്ഞു സംസാരിക്കുന്നത് മുഹമ്മദ് ആണെന്നുള്ള കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. ഈസ്റ്റ് ലണ്ടനിൽ നിന്നുള്ള മുഹമ്മദ് സാധാരണ ജീവിതം നയിക്കുകയാരുന്നു. 2017-ൽ വൈറ്റ്ഹാളിൽ വച്ച് സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് തീവ്രവാദി സംഘടനയുമായുള്ള ബന്ധം ചുരുളഴിഞ്ഞത്.

മുഹമ്മദ് യാമിനെയാണ് പത്തുവർഷത്തേക്ക് ജയിൽ ശിക്ഷയ്ക്ക് വിധിച്ചത് . അൽക്വയ്ദ പുറത്തിറക്കിയ ഒരു യൂട്യൂബ് വീഡിയോയിൽ മുഖംമൂടിയണിഞ്ഞ സംസാരിച്ചത് മുഹമ്മദ് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തി. മുഹമ്മദിൻെറ ശബ്ദവും, മുഖവുമെല്ലാം വീഡിയോയിലെ വ്യക്തിയുമായി സാമ്യമുള്ളതാണെന്ന് കണ്ടെത്തി. മുഹമ്മദ് സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു എന്ന് ശിക്ഷ വിധിച്ച ജഡ്ജി മാർക്ക് ഡെന്നിസ് അഭിപ്രായപ്പെട്ടു. എന്നാൽ അതിനുശേഷം എല്ലാത്തരം പ്രവർത്തനങ്ങളും അവസാനിപ്പിച്ച് ലണ്ടനിൽ സാധാരണ ജീവിതം നയിക്കുകയായിരുന്നു മുഹമ്മദ്.

തീവ്രവാദ ആക്രമണങ്ങൾ വർധിച്ചതിനെ തുടർന്ന് 2017- ൽ അതീവ ജാഗ്രത പുലർത്തിയ അധികൃതർ, വൈറ്റ് ഹാളിലെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുകയായിരുന്ന മുഹമ്മദിനെ സംശയാസ്പദമായി പിടികൂടി. ചോദിച്ച സാധാരണ ചോദ്യങ്ങൾക്ക് പോലും തെറ്റായ ഉത്തരങ്ങൾ നൽകിയതിനെ തുടർന്നാണ് അധികൃതരിൽ സംശയം ഉണ്ടായത്. 2014-ലും ഹെയ്ത്രോ എയർപോർട്ടിൽ വച്ച് സംശയാസ്പദമായി മുഹമ്മദിന് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. തീവ്രവാദ ബന്ധമുള്ള വ്യക്തിക്ക് വസ്ത്രങ്ങൾ കൈമാറാനായി സിറിയയിലേക്ക് യാത്ര ചെയ്തു എന്നായിരുന്നു അന്ന് കണ്ടെത്തിയത്. അതിനു ശേഷം പിന്നീട് തന്റെ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ മുഹമ്മദ്, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സിനായും ചേർന്നു.

എന്നാൽ താൻ ഏർപ്പെട്ട പ്രവർത്തനങ്ങളിൽ വളരെ കുറ്റബോധം ഉണ്ടെന്ന് മുഹമ്മദിന്റെ അഭിഭാഷകൻ കോടതിയിൽ രേഖപ്പെടുത്തി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വ്യക്തികൾ ഇനിയും ഉണ്ടാകാം എന്ന ധാരണയിൽ അധികൃതർ ജാഗ്രത വർധിപ്പിച്ചിരിക്കുകയാണ്.