മിമിക്രി കലാകാരന്‍ അബിയുടെ മരണം നാട്ടു ചികിത്സയെ തുടര്‍ന്നായിരുന്നു എന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ വലിയ പ്രചരണങ്ങള്‍ നടന്നിരുന്നു. അബിയുടെ മരണശേഷം സുഹൃത്ത് ഷെരീഫ് ചുങ്കത്ത് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിനെ കൂട്ടുപിടിച്ചായിരുന്നു പ്രചരണം. അബി മരിക്കുന്നതിന്റെ തലേദിവസം അബി തന്നെയും കൂട്ടി ചേര്‍ത്തല കായ്പുറത്തുള്ള ഒരു വൈദ്യനെ കാണാന്‍ പോയി എന്ന് ഷെരീഫ് കുറിപ്പില്‍ പങ്കുവച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഡോക്ടര്‍മാരടക്കമുള്ളവര്‍ വൈദ്യന്റെ തെറ്റായ ചികിത്സ കാരണമായിരുന്നോ അബിയുടെ മരണം ഇത്ര നേരത്തെ സംഭവിച്ചത് എന്ന സംശയമുന്നയിച്ചുകൊണ്ട് രംഗത്തെത്തുകയായിരുന്നു. ആ സംശയം പിന്നീട് നാട്ടുവൈദ്യത്തില്‍ പ്രശസ്തനായ മോഹനന്‍ വൈദ്യരിലേയ്‌ക്കെത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സത്യാവസ്ഥ വെളിപ്പെടുത്തി മോഹനന്‍ വൈദ്യര്‍ ഫേസ്ബുക്കിലൂടെ തന്നെ രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേര് ആരും പ്രചരിപ്പിക്കരുത് എന്ന് പറഞ്ഞാണ് വൈദ്യരുടെ ലൈവ്

വൈദ്യരുടെ വാക്കുകള്‍ ഇങ്ങനെ…നമ്മുടെ മലയാളത്തില്‍ അറിയപ്പെടുന്ന മിമിക്രി കലാകാരനായ ശ്രീ അബിയുടെ വാര്‍ത്തകള്‍ക്ക് അടിയില്‍ എന്റെ പേര് കമന്റ് ചെയ്യുന്ന സുഹൃത്തുക്കള്‍ ദയവായി സത്യം മനസ്സിലാക്കണം. ചേര്‍ത്തല മോഹനന്‍ വൈദ്യര്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ആണ് പല പോസ്റ്റുകളും. ദയവായി നിങ്ങള്‍ എന്റെ പേര് ആ വാര്‍ത്തയില്‍ കമന്റ് ചെയ്യരുതെന്ന് അപേക്ഷിക്കുന്നു. അബിയുടെ കൂട്ടുകാരനായ സുഹൃത്തേ ദയവായി താങ്കള്‍ ആ തെറ്റിദ്ധാരണ മാറ്റണം എന്ന് അപേക്ഷിക്കുകയാണ്. പല പോസ്റ്റുകളിലും ആളുകള്‍ എന്റെ പേര് കമന്റ് ചെയ്യുന്നു. പലരും എന്നെ വിളിക്കുന്നു. എല്ലാവരിലും ഇത് ഒന്ന് ഷെയര്‍ ചെയ്ത് എത്തിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.