മോഹന്‍ലാലിനെ നായകനാക്കി താന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്ന വാര്‍ത്ത സംവിധായകന്‍ വിനയന്‍ പങ്കുവച്ചത് ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. മോഹന്‍ലാലുമായി നടത്തിയ ചര്‍ച്ചയില്‍ ഒന്നിച്ച് സിനിമ ചെയ്യാന്‍ ധാരണയായെന്നും കഥയെപറ്റി തീരുമാനമായില്ലെങ്കിലും മാര്‍ച്ച് അവസാനവാരം ഷൂട്ടിങ് തുടങ്ങുന്ന തന്റെ പുതിയ ചിത്രത്തിന് ശേഷം ഈ ചിത്രത്തിന്റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കുമെന്നും ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വിനയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.

എന്നാലിപ്പോള്‍ വിനയന്‍ തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച ഒരു ചിത്രമാണ് വൈറലായി മാറുന്നത്. ഇതിഹാസ കഥാപാത്രം രാവണന്റെ വേഷത്തില്‍ മോഹന്‍ലാലിനെ സങ്കല്‍പ്പിച്ചുകൊണ്ടുള്ള ചിത്രമാണിത്. ഇതിലൂടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചനയാണോ വിനയന്‍ നല്‍കുന്നതെന്ന ചര്‍ച്ചകളാണ് സജീവമാകുന്നത്. മോഹന്‍ലാല്‍-വിനയന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം രാവണന്റെ കഥായാണോ എന്ന ചോദ്യത്തിന് വിനയന്‍  പ്രതികരിക്കുന്നു.

മോഹന്‍ലാല്‍ ചിത്രത്തിന്റെ പ്രഖ്യാപനമാണോ ഇത്?

ഞാന്‍ പുതിയതായി ചെയ്യാന്‍ പോകുന്ന ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗം ആണ്. മോഹന്‍ലാലിനെ വച്ച് ചെയ്യാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ കഥയില്‍ രാവണന്‍ എന്ന കഥാപാത്രം ഉണ്ട്. അത് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ എന്റെ കൂടെയുള്ള എഴുത്തുകാരില്‍ ഒരാള്‍ വരച്ചു തന്ന ചിത്രമാണ് ഞാന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. അത് പരിഗണയില്‍ ഉള്ള ഒരു കാര്യമാണ്, അതല്ലാതെ ആ കഥാപാത്രം ഫിക്‌സ് ചെയ്തിട്ടില്ല.

മോഹന്‍ലാലിനെ ഈ മാസം ഇരുപതാം തിയതിയേ ഞാന്‍ കാണുകയുള്ളൂ. അദ്ദേഹമിപ്പോള്‍ അമേരിക്കയിലോ മറ്റോ ആണ്. ഞങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്തിട്ട് ഈ കഥ ആണ് ഒരു തീരുമാനത്തില്‍ എത്തുന്നതെങ്കില്‍ ഫൈനലൈസ് ചെയ്യും. അതുകൊണ്ടാണ് ഞാന്‍ ആ രീതിയില്‍ അനൗണ്‍സ് ചെയ്യാതിരുന്നത്.

എന്തുകൊണ്ട് രാവണന്‍?

രാവണന്‍ എന്ന കഥാപാത്രത്തെ വച്ച് ഒരു ചിത്രം ചെയ്യണമെന്ന് എന്റെ മനസ്സില്‍ പണ്ട് തൊട്ടേ ഉള്ള ആഗ്രഹമാണ്. ലാലിനെ പോലുള്ള ഒരാള്‍ അതിന് സമ്മതം അറിയിക്കുകയാണെകില്‍ ചെയ്യാന്‍ താല്പര്യമുള്ളതാണ്. കാരണം വ്യത്യസ്ത മാനങ്ങളുള്ള, നമ്മുടെ പുരാണങ്ങളില്‍ മറ്റേത് കഥാപാത്രങ്ങളെക്കാളും അത് അര്‍ജുനന്‍ ആയിക്കോട്ടെ, ഭീമന്‍ ആയിക്കോട്ടെ ആരെക്കാളും മുകളില്‍ നില്‍ക്കുന്നതായി കുഞ്ഞുനാള്‍ മുതല്‍ എന്റെ മനസില്‍ ഉള്ളത് രാവണന്‍ ആണ് .

നമ്മുടെ പുരാണം അദ്ദേഹത്തെ സൃഷ്ടിച്ചിട്ടുള്ളത് ഭയങ്കര ഹീറോയിക് ആയ, വല്യ മനസിന്റെ ഉടമയായ, ഒരു വില്ലന്‍ ആയിട്ടാണ്. അതെന്റെ മനസ്സില്‍ കിടപ്പുണ്ട്. അതൊരു വലിയ പ്രൊജക്റ്റ് ആണ്. ലാലിനെ പോലൊരു നടനെ വച്ച് ഒരു ചിത്രം ചെയ്യുമ്പോള്‍ അത്തരമൊരു സിനിമ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

അതൊരു വലിയ ക്യാന്‍വാസില്‍ പറയുന്ന ചിത്രമാകില്ലേ?

എല്ലാവര്‍ക്കുമറിയാം പത്തു പതിനെട്ട് വര്‍ഷം മുന്‍പ് തന്നെ വലിയ ക്യാന്‍വാസില്‍ ഗ്രാഫിക്‌സിന്റെയും മറ്റു സാങ്കേതികവിദ്യയുടെയും സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി അത്ഭുതദ്വീപ് പോലുള്ള സിനിമയെടുത്തിട്ടുള്ള ആളാണ് ഞാന്‍. ഇന്നും ഇന്നലെയൊന്നുമല്ലല്ലോ അത്. എനിക്കീ ഗ്രാഫിക്സും അതുപോലെ പത്തു മുന്നൂറ് കുഞ്ഞന്മാരെ വച്ചിട്ട് അന്ന് അങ്ങനെ ഒരു പടം ചെയ്യാമെങ്കില്‍ ഇത്തരമൊരു പ്രോജക്ട് ഒന്നും എന്റെ മനസില്‍ ഒരു വലിയ പ്രശ്‌നമായി തോന്നുന്നില്ല.

അപ്പോള്‍ രാവണന്റെ കഥ യാഥാര്‍ഥ്യമാകുമോ?

രാവണന്റെ കഥയായിരിക്കും. രാവണന്‍ തന്നെയായിരിക്കും അതിലെ ഹീറോ. അല്ലാതെ ശ്രീരാമനോ, സീതയോ ഒന്നുമായിരിക്കില്ല. അവരൊക്കെ രാവണന്റെ ജീവിതത്തില്‍ വന്നുപോകുന്ന കഥാപാത്രങ്ങള്‍ ആയിരിക്കും. ഇത് രാവണന്‍ എന്ന ഇതിഹാസത്തിന്റെ, തുടക്കം മുതല്‍ ഒടുക്കം വരെയുള്ള ഒരു കഥയായിരിക്കും.

പക്ഷെ സംഭവം എന്തെന്ന് വച്ചാല്‍ ലാലിന്റെ കൂടി അഭിപ്രായം അറിഞ്ഞിട്ടേ എനിക്കത് കണ്‍ഫോം ചെയ്യാന്‍ പറ്റുള്ളൂ. കഥയുടെ ചര്‍ച്ചകള്‍ നടക്കാന്‍ പോകുന്നതേയുള്ളൂ. ഞാന്‍ ലാലിനെ കാണാന്‍ പോകുമ്പോള്‍ ആദ്യം പറയുന്ന സബ്ജക്ടും ഈ രാവണന്റെ കഥ തന്നെയായിരിക്കും. എന്നാല്‍ ഞങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ ഒരു തീരുമാനമാകൂ.