മോഹൻലാലിനോട് ഒരിക്കൽ ദേഷ്യപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് സിബി മലയിൽ. “ലാൽ സിനിമയിൽ വന്ന മുതൽ സൗഹൃദമുണ്ട്. എന്നിട്ടും, പരിഗണന ലഭിക്കാത്തപോലെ. നല്ലൊരു കഥയുമായാണ് ഞങ്ങൾ ചെന്നിരിക്കുന്നത്. അതൊന്നു കേട്ടാൽ മതി. കേട്ടാൽ ലാൽ സമ്മതിക്കുമെന്നറിയാം. പക്ഷേ അതിനൊരു വഴി തുറന്നു കിട്ടുന്നില്ല. ഞാൻ ദേഷ്യപ്പെട്ട് പുറത്തിറങ്ങി. സാധാരണ ഞാനങ്ങനെ ആരോടും ദേഷ്യപ്പെട്ട് സംസാരിക്കാത്തതാണ്. സുഹൃത്തുക്കളായിരുന്ന പലരും ലാലിനെയാണ് സപ്പോർട്ട് ചെയ്തത്. സിബി എന്തിനാ ലാലിനോട് ദേഷ്യപ്പെട്ടതെന്ന് അവരെല്ലാം കുറ്റപ്പെടുത്തി,” ഒരു​ അഭിമുഖത്തിനിടെ ‘കിരീടം’ എന്ന ചിത്രത്തിനു പിന്നിലെ കഥകൾ പങ്കുവെയ്ക്കുകയായിരുന്നു സിബി മലയിൽ.

കലാമൂല്യം കൊണ്ടും ബോക്സ് ഓഫീസ് വിജയം കൊണ്ടും മലയാളസിനിമയുടെ ചരിത്രത്തിൽ എന്നും ഒാർമ്മിക്കപ്പെടുന്ന ചിത്രമാണ് ‘കിരീടം’. മോഹൻലാലിന്റെയും സംവിധായകൻ സിബി മലയിലിന്റെയും കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നെന്ന വിശേഷണവും ‘കിരീട’ത്തിന് അവകാശപ്പെടാം. എന്നാൽ ‘കിരീടം’ അത്ര എളുപ്പത്തിൽ, പ്രതിസന്ധികളില്ലാതെ സാക്ഷാത്കരിച്ചൊരു ചിത്രമല്ലെന്ന് തുറന്നു പറയുകയാണ് സിബി മലയിൽ. മാധ്യമം ആഴ്ചപതിപ്പിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു സിബി മലയിലിന്റെ തുറന്നു പറച്ചിൽ.

‘ഉണ്ണിയും ദിനേശ് പണിക്കരുമായിരുന്നു ‘കിരീട’ത്തിന്റെ നിർമ്മാതാക്കൾ. അന്ന് തിരിച്ചുപോരുമ്പോൾ ഞാൻ ഉണ്ണിയോടും ദിനേശിനോടും പറഞ്ഞു. ഒരു പക്ഷേ ഞാനായിരിക്കും ഈ സിനിമക്ക് നിങ്ങൾക്കൊരു തടസ്സം. എന്നോടുള്ള അകൽച്ചയാവും കാരണം. ലാലും നിങ്ങളും സുഹൃത്തുക്കളാണ്. ഞാൻ ചെയ്യുന്നതാണ് ലാലിന് പ്രശ്നമെങ്കിൽ ഞാൻ മാറി നിൽക്കാം. ഈ പ്രൊജക്റ്റ് നടക്കട്ടെ. അദ്ദേഹത്തിന് താൽപര്യമുള്ള സംവിധായകരെ വെച്ച് ചെയ്യട്ടെ. ഇതിങ്ങനെ നീണ്ടു പോകുകയേ ഉള്ളൂ. ഇപ്പോൾ തന്നെ അഞ്ചെട്ട് മാസമായി,” സിബി മലയിൽ ഒാർക്കുന്നു.

പിന്നീട് തിരുവനന്തപുരത്തു വെച്ച് വീണ്ടുമൊരിക്കൽ അവസാനമായി മോഹൻലാലിനോട് കഥ പറയാം എന്നു തീരുമാനിക്കുക ആയിരുന്നെന്നും കഥ കേട്ടയുടനെ നമുക്കീ ചിത്രം ചെയ്യണം എന്ന് മോഹൻലാൽ സമ്മതം അറിയിക്കുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അഞ്ചെട്ടുമാസം ഞങ്ങൾ നടന്നതിന്റെ റിസൽറ്റ് അപ്പോഴാണ് ലഭിച്ചതെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.

മലയാളത്തിലെ കൾട്ട് ക്ലാസിക് ചിത്രങ്ങളിൽ​ ശ്രദ്ധേയമായ ‘കിരീടം’1989 ലാണ് റിലീസ് ചെയ്തത്. ലോഹിതദാസിന്റെ നാട്ടിൽ നടന്ന ഒരു കഥയാണ് ‘കിരീട’മെന്ന ചിത്രത്തിന് ആധാരമായത്. മോഹൻലാലിനൊപ്പം തിലകനും ശ്രദ്ധേയ കഥാപാത്രമായെത്തിയ ചിത്രമായിരുന്നു ‘കിരീടം’. അച്ഛന്റെ ആഗ്രഹം പോലെ പോലീസ് ഇൻസ്പെക്ടറാകണം എന്നാഗ്രഹിച്ച പൊലീസ് കോൺസ്റ്റബിളായ അച്യുതൻ നായരുടെ മകൻ സേതുമാധവൻ എന്ന ചെറുപ്പക്കാരൻ വിധിവിഹിതം പോലെ ഒരു ഗുണ്ടയായി മാറുന്നതും ഒടുവിൽ ജീവിതത്തിനു ഭീഷണിയായി മാറുന്ന തെരുവുഗുണ്ടയെ സാഹചര്യവശാൽ കൊന്ന് കൊലയാളി ആവുന്നതുമാണ് ചിത്രം പറഞ്ഞത്. ആഗ്രഹങ്ങൾക്ക് വിപരീതദിശയിലേക്ക് ജീവിതം സഞ്ചരിക്കുന്നതു കണ്ട് നൊമ്പരപ്പെടുന്ന അച്ഛനെ തിലകൻ ഹൃദ്യമായി അവതരിപ്പിച്ചപ്പോൾ, സാഹചര്യവശാൽ കൊലയാളിയായി മാറിയ ഒരു ചെറുപ്പക്കാരന്റെ ദൈന്യതകളും വേദനകളും ഹൃദയസ്പർശിയായി തന്നെ അവതരിപ്പിക്കാൻ മോഹൻലാലിനും കഴിഞ്ഞു.

പാർവ്വതി, കവിയൂർ പൊന്നമ്മ, മുരളി, ശ്രീനാഥ്, കൊച്ചിൻ ഹനീഫ, ജഗതി, ഫിലോമിന, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നു തുടങ്ങി നിരവധിയേറെ താരങ്ങളും ചിത്രത്തിൽ ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വച്ചത്. ജോൺസൺ മാഷ് സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകിച്ചും ‘കണ്ണീർ പൂവിന്റെ കവിളിൽ തലോടി’ എന്നു തുടങ്ങുന്ന ഗാനം. ഈ ഗാനം ആലപിച്ചതിന് ആ വർഷം മികച്ച പിന്നണിഗായകനുള്ള കേരള സർക്കാറിന്റെ പുരസ്കാരം എം ജി ശ്രീകുമാർ സ്വന്തമാക്കി.

ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മോഹൻലാലിന് പ്രത്യേക ജൂറി പരാമർശവും ചിത്രം നേടി കൊടുത്തിരുന്നു. ഒപ്പം, മികച്ച തിരക്കഥയ്ക്കുള്ള ആ വർഷത്തെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലോഹിതദാസും നേടി. തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി, തമിഴ് എന്നിങ്ങനെ അഞ്ചു ഇന്ത്യൻ ഭാഷകളിൽ ചിത്രത്തിന് റീമേക്കുകളും ഉണ്ടായി. ചിത്രത്തിന്റെ രണ്ടാഭാഗമെന്ന രീതിയിൽ 1993 ൽ ‘ചെങ്കോലും’ റിലീസ് ചെയ്യപ്പെട്ടിരുന്നു.