ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് നിയന്ത്രണ രേഖയിലേക്ക് പ്രതിഷേധ റാലി നയിച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദ്. ജമ്മു കശ്മീരിന് വേണ്ടി വാളെടുക്കാൻ താൻ തയ്യാറാണെന്ന് റാലിയിൽ ജാവേദ് പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

വീഡിയോയിൽ, വാൾ പിടിച്ചു കൊണ്ട് ജാവേദ് ആൾക്കൂട്ടത്തെ നയിക്കുന്നത് കാണാം. ഉയർത്തിപ്പിടിച്ച വാളുമായാണ് അദ്ദേഹം റാലിയെ അഭിസംബോധന ചെയ്യുന്നത്.
“കശ്മീരി സഹോദരങ്ങളെ, ഭയക്കേണ്ട. ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. മുൻപ് ഞാൻ സിക്സറടിക്കാൻ ബാറ്റാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ എനിക്ക് വാളുപയോഗിക്കാൻ സാധിക്കും,” ജാവേദ് പറഞ്ഞു.

അതിനിടയിൽ ജനക്കൂട്ടത്തിൽ നിന്നും ഒരാൾ വിളിച്ചു പറഞ്ഞു “ആ ബാറ്റ് മൂർച്ചയുള്ളതായിരുന്നു, ഇപ്പോൾ ഈ വാളും മൂർച്ചയുള്ളതാണ്.” ഇതിന് ജാവേദിന്റെ മറുപടി ഇപ്രകാരമായിരുന്നു, “ഒരു ബാറ്റ് കൊണ്ട് സിക്സറടിക്കാൻ സാധിക്കുമെങ്കിൽ, എനിക്ക് വാളുകൊണ്ട് ഒരാളെ കൊല്ലാൻ കഴിയില്ലേ?,” ജാവേദ് മിയാൻദാദ് ചോദിച്ചു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ്, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി തിരിക്കുകയും ചെയ്തത്.

ഇന്ത്യയുടെ നടപടിക്കെതിരെ ശബ്ദമുയർത്തിയ ഏക പാക്കിസ്ഥാൻ ക്രിക്കറ്റ് താരമല്ല ജാവേദ് മിയാൻദാദ്. പാക്കിസ്ഥാൻ മുൻ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദിയും കശ്മീർ വിഷയത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു. കശ്മീരിൽ ഇപ്പോഴും നിരോധനാജ്ഞ(#KashmirStillUnderCurfew) എന്ന ഹാഷ്ടാഗിൽ നിരവധി തവണ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ കശ്മീർ അവറിനായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് നമുക്ക് പ്രതികരിക്കാം. ഞാൻ വെള്ളിയാഴ്ച 12 മണിക്ക് മസാർ ഇ ക്വെയ്ദിൽ എത്തും. നമ്മുടെ കശ്മീരി സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ എന്നോടൊപ്പം ചേരുക. സെപ്റ്റംബർ 6 ന് ഞാൻ ഒരു രക്തസാക്ഷിയുടെ വീട് സന്ദർശിക്കും. ഉടൻ തന്നെ ഞാൻ നിയന്ത്രണ രേഖയിലും സന്ദർശനം നടത്തും എന്നായിരുന്നു ഷാഹിദ് പറഞ്ഞത്.

കശ്മീരിലെ ഇന്ത്യയുടെ നീക്കത്തിൽ പ്രതിഷേധിച്ച് പാകിസ്ഥാൻ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തുകയും ഇന്ത്യൻ ഹൈക്കമ്മീഷണറെ പുറത്താക്കുകയും ചെയ്തു. അന്താരാഷ്ട്ര സമൂഹത്തിൽ കശ്മീർ വിഷയത്തിൽ ആശങ്കകൾ ഉയരവെ, ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് ആഭ്യന്തര കാര്യമാണെന്ന് ഇന്ത്യ വ്യക്തമാക്കി.