മഹാനടി ഇരുവരുടെയും ചലച്ചിത്രജീവിതത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്. മലയാളത്തിന്റെ പ്രഭ തെലുങ്കില്‍ വിജയക്കൊടി പാറിക്കുമ്പോള്‍ അഭിന്ദനപ്രവാഹമാണ് ലോകമെമ്പാടും. എസ്.എസ്. രാജമൗലിക്ക് പിന്നാലെ ഇരുവരെയും അഭിന്ദനം കൊണ്ട് മൂടിയിരിക്കുകയാണ് മോഹന്‍ലാല്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് ലാല്‍ ഇരുവരെയും അഭിനന്ദിച്ചത്. ‘മഹാനടിയെക്കുറിച്ച് എങ്ങും മികച്ച അഭിപ്രായങ്ങള്‍ കേട്ടു. എനിക്ക് അത്രമേല്‍ പ്രിയപ്പെട്ട എന്റെ കുടുംബത്തിലെ ഇൗ രണ്ടുപേര്‍, ദുല്‍ഖറും കീര്‍ത്തിയും. ഇരുവരെയും ഓര്‍ത്ത് സന്തോഷം. ഞാന്‍ എത്രയും വേഗം ചിത്രം കാണും’. പിന്നാലെ വന്നു ദുല്‍ഖറിന്റെ മറുപടി. ‘ഇൗ സ്നേഹത്തിനും പിന്തുണക്കും നന്ദി പ്രിയ ലാലേട്ടാ…’

mohanlal-dulquer-mahanati-tweet

മലയാളത്തിന് അഭിമാനനിമിഷമെന്ന് പറയത്തക്ക വിധം മികച്ച അഭിപ്രായം സ്വന്തമാക്കി മുന്നേറുകയാണ് മഹാനടി. സ്വന്തം വീട്ടിലെ കുഞ്ഞുങ്ങളാണ് മോഹന്‍ലാലിന് ഇരുവരും. അത്രത്തോളം അടുപ്പം കാത്തുസൂക്ഷിക്കുന്നവര്‍. ആ കുടുംബത്തില്‍ നിന്നുള്ള ഇളമുറക്കാരുടെ നേട്ടത്തെ മോഹല്‍ലാല്‍ അഭിനന്ദിച്ചത് ആരാധകര്‍ക്കും ഉല്‍സവമായി. മണിക്കൂറുകള്‍ക്കുള്ളില്‍ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തു. കേരളത്തില്‍ ഇന്ന് റിലീസ് ചെയ്ത് തമിഴ് പതിപ്പിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ബ്രഹ്മാണ്ഡ സംവിധായകന്‍ രാജമൗലിയും ആദ്യ ദിനം തന്നെ ഇരുവരെയും അഭിന്ദിച്ച് രംഗത്തെത്തിയിരുന്നു.

ചിത്രം കണ്ടശേഷം ഞാന്‍ ദുല്‍ഖറിന്റെ ആരാധകനായി തീര്‍ന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് സാവിത്രിയായുള്ള കീര്‍ത്തി സുരേഷിന്റെ അഭിനയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ അതുല്യപ്രതിഭയെ ജീവിതത്തിലേക്ക് കീര്‍ത്തി മടക്കി കൊണ്ടുവന്നു. രാജമൗലിയുടെ ഇൗ ട്വീറ്റിന് ദുല്‍ഖര്‍ നല്‍കിയ മറുപടിയും വൈറലായിരുന്നു. ‘ഞാന്‍ താങ്കളുടെ ഒരു ഫാന്‍ ആണ്. താങ്കളില്‍ നിന്നും ഇങ്ങനെ കേള്‍ക്കുന്നത് വളരെ വല്യ കാര്യമാണ്. താങ്കളുടെ ഈ വാക്കുകള്‍ക്ക് വളരെ നന്ദി’ എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി പോസ്റ്റ്.

തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായിരുന്ന സാവിത്രിയുടെയും ജെമിനി ഗണേശന്റെയും ജീവിതകഥ പറയുന്ന ചിത്രമാണ് മഹാനടി. ദുല്‍ഖര്‍ സല്‍മാന്റെ തെലുങ്ക് സിനിമാ പ്രവേശനത്തിന് തുടക്കം കുറിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, സാമന്ത, കാജള്‍ അഗര്‍വാള്‍ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന് ലോകമെമ്പാടും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ബുധനാഴ്ച റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം തന്നെ മികച്ച അഭിപ്രായം സ്വന്തമാക്കിയിരുന്നു. ആന്ധ്രയ്ക്കും തെലുങ്കാനയ്ക്കുമൊപ്പം ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തി. ഇതിനൊപ്പം യുഎസ്, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തു. ചിത്രത്തിന്റെ തമിഴ് പതിപ്പ് ഇന്ന് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തി.
യുഎസില്‍ നടന്ന പെയ്ഡ് പ്രിവ്യൂ പ്രദര്‍ശനങ്ങളുടെ ബോക്‌സ്ഓഫീസ് റിപ്പോര്‍ട്ട് പുറത്തുവന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ ദുല്‍ഖര്‍ വിദേശത്ത് മലര്‍ത്തിയടിച്ചത് അല്ലു അര്‍ജുന്റെ നാ പേര് സൂര്യ എന്ന ചിത്രത്തെയാണ്. റിലീസിന് തലേന്ന് മിക്ക പ്രധാന തെലുങ്ക് റിലീസുകള്‍ക്കും യുഎസില്‍ പെയ്ഡ് പ്രിവ്യൂകള്‍ നടത്താറുണ്ട്. സാധാരണ ടിക്കറ്റ് ചാര്‍ജിനേക്കാള്‍ കൂടുതലാവും ഇത്തരം പ്രദര്‍ശനങ്ങള്‍ക്ക് തീയേറ്ററുകാര്‍ ഈടാക്കുക. ഈ സീസണിലെ പ്രധാന തെലുങ്ക് റിലീസായിരുന്ന ചിത്രത്തിന് യുഎസില്‍ മാത്രം 150 സ്‌ക്രീനുകളാണ് ലഭിച്ചത്. അവിടങ്ങളിലെ പ്രിവ്യൂ പ്രദര്‍ശനങ്ങളില്‍നിന്ന് ലഭിച്ചത് 3.03 ലക്ഷം ഡോളറും (2.04 കോടി രൂപ). പ്രിവ്യൂ കളക്ഷനില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജ്ജുന്റെ ഏറ്റവും പുതിയ ചിത്രം ‘നാ പേര് സൂര്യ’യെ ‘മഹാനടി’ മറികടന്നു. 2.14 ലക്ഷം ഡോളറായിരുന്നു (1.43 കോടി രൂപ) അല്ലു അര്‍ജ്ജുന്‍ ചിത്രത്തിന്റെ യുഎസ് പ്രിവ്യൂ കളക്ഷന്‍.