ബിഗ് സ്ക്രീനിലൂടെ പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച കലാകാരിയാണ് മോളി കണ്ണമാലി. എന്നാല്‍ ഇപ്പോൾ കിടപ്പാടം നഷ്ടപ്പെട്ട മകനെയോർത്ത് കണ്ണീരൊഴുക്കാനാണ് ഈ അമ്മയുടെ വിധി. മകന്റെ ഭാര്യവീട്ടുകാർ പട്ടയഭൂമി നിഷേധിച്ചതിനെത്തുടർന്നാണ് കയറിക്കിടക്കാൻ ഒരു കൂരയില്ലാത ദുരിതത്തിൽ കഴിയുകയാണ് ഇവരുടെ മകനും ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം. പട്ടയം ലഭിക്കാനും ഭാര്യവീട്ടുകാർ പൊലീസിൽ നൽകിയ കേസുകൾ തീർക്കാനും പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങുകയാണ് മോളി കണ്ണമാലിയും കുടുംബവും. സംഭവത്തെക്കുറിച്ച് മോളി കണ്ണമാലിയുടെ വാക്കുകൾ ഇങ്ങനെ

മകൻ ജോളിയുടെ ഭാര്യയുടെ അമ്മൂമ്മയാണ് ചെല്ലാനം കണ്ടക്കടവിൽ മൂന്ന് സെന്റ് സ്ഥലം നൽകിയത്. പട്ടയമായിട്ടാണ് അത് എഴുതിയത്. മുദ്രപേപ്പറിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ മുദ്രപേപ്പറും മറ്റും മരുമകളുടെ അമ്മയുടെ സഹോദരിയുടെ കയ്യിലാണ്. അവർ ഇത് തരാൻ കൂട്ടാക്കുന്നില്ല. മകൻ വീടുവെയ്ക്കാനായി ചെന്നപ്പോൾ അവർ എതിർക്കുകയാണ്.

ഇത്രനാളും ഒരു ഷെഡിലാണ് മകനും കുടുംബവും കഴിഞ്ഞത്. അത് വെള്ളംകയറി നശിച്ചു. ഒട്ടും താമസയോഗ്യമല്ലാത്ത അവസ്ഥയിലാണ് മകന്റെ വീട്. അതുകൊണ്ടാണ് എന്റെ കയ്യിൽ നുള്ളിപ്പെറുക്കിയെടുത്തിട്ടുള്ള രണ്ടോ മൂന്നോ പവൻ വിറ്റിട്ടായാലും കുഞ്ഞിന് ഒരു വീട് കെട്ടി നൽകാമെന്ന് കരുതിയത്. അവർ പക്ഷെ സമ്മതിക്കുന്നില്ല. എതിർപ്പിനൊപ്പം മോന്റെ പേരിൽ കണ്ണമാലി പൊലീസ് സ്റ്റേഷനിൽ കള്ളപരാതിയും നൽകി. ഞാനും മോനും കഞ്ചാവാണെന്നും മദ്യപാനമാണെന്നുമൊക്കെയാണ് അവർ നൽകിയത്. പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങി സഹികെട്ടു. ഞങ്ങൾക്ക് അർഹതയില്ലാത്ത ഒരു സ്വത്തും വേണ്ട, ഇതുപക്ഷെ അവകാശപ്പെട്ടതാണ് ചോദിക്കുന്നത്.

ഇതുവരെയും ഒരാളുടെ അടുത്തും കൈനീട്ടാതെയാണ് മക്കളെ വളർത്തിയത്. എനിക്ക് ഈ അടുത്ത് ഹൃദയാഘാതംവന്ന് ആശുപത്രിയിലായിരുന്നു. അതെല്ലാം ഭേദമായി ആശുപത്രിയിൽ നിന്ന് വിട്ടതിന് പിന്നാലെയാണ് ഈ പ്രശ്നം. ആശുപത്രിയിലും നല്ലൊരു തുക ചിലവായി. എന്നാലും കുഞ്ഞിന്റെ കാര്യത്തിന് വേണ്ടിയല്ലേ എന്നുകരുതിയാണ് കിട്ടുന്ന ജോലിയ്ക്കൊക്കെ പോയി പണമുണ്ടാക്കുന്നത്. ഞങ്ങൾക്ക് നീതി കിട്ടിയാൽ മതി, അതിൽക്കൂടുതൽ ഒന്നും വേണ്ട– മോളി കണ്ണമാലി പറഞ്ഞു.