ന്യൂജഴ്‌സി: അവധിയാഘോഷിക്കാന്‍ പുറത്ത് പോയ കുടുംബത്തിലെ അമ്മയും ഒരു വയസുളള കുഞ്ഞും കാറിനുളളില്‍ മരിച്ചു. അച്ഛന്‍ കാറിന് പുറത്തുളള മഞ്ഞ് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ച് മരിച്ചത്. ഇവരുടെ മൂന്ന് വയസുളള മറ്റൊരു കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുട്ടി അതിജീവിക്കുന്ന കാര്യം സംശയമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തണുപ്പ് അസഹനീയമായതിനാലാണ് അമ്മയും കുഞ്ഞുങ്ങളും കാറില്‍ നിന്ന് പുറത്തിറങ്ങാതിരുന്നത്. പിതാവ് മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ ടെയില്‍ പൈപ്പ് അടഞ്ഞതാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണമായത്. ഇത് വഴി അപകടകാരിയായ കാര്‍ബണ്‍ മോണോക്‌സൈഡ് കാറിനുളളിലെത്തുകയും കാറിനുള്ളിലുണ്ടായിരുന്ന അമ്മയും കുഞ്ഞും മിനിറ്റുകള്‍ക്കുളളില്‍ മരിക്കുകയുമായിരുന്നു.
സാഷലിന്‍ റോസ (23) മകന്‍ മിഷയ (01) എന്നിവരാണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്.  മകള്‍ സാനിയ (03) ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആണ്. നിറവും മണവുമില്ലാത്ത കാര്‍ബണ്‍ മോണോക്‌സൈഡിനെ നിശബ്ദ കൊലയാളിയെന്നാണ് വിശേഷിപ്പിക്കുന്നത്. അതീവ വിഷവാതകമാണിത്. ഇത് ശ്വസിക്കുന്നവര്‍ക്ക് മിനിറ്റുകള്‍ക്കുളളില്‍ തന്നെ ബോധം നഷ്ടപ്പെടും. കാറിന്റെ ടെയില്‍ പൈപ്പില്‍ മഞ്ഞ് മൂടിയാല്‍ ആദ്യം പിന്നില്‍ നിന്ന് മഞ്ഞ് നീക്കം ചെയ്യണമെന്ന് പോലീസ് ബറ്റാലിയന്‍ ചീഫ് ക്രിസ് ഡി ബെല്ലാ മുന്നറിയിപ്പ് നല്‍കി. പിന്നീട് ടെയില്‍ പൈപ്പിലുളള മഞ്ഞും നീക്കണം. സെന്റേഴ്‌സ് ഫോര്‍ കാര്‍ബണ്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കുകള്‍ പ്രകാരം 1999 മുതല്‍ 2010 വരെ അമേരിക്കയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് 5100 പേരാണ് മരിച്ചിട്ടുളളത്.

carbon victim

ന്യൂജഴ്‌സിലെ പല മുനിസിപ്പാലിറ്റികളും ലോക്കല്‍ പൊലീസും ടെയില്‍ പൈപ്പില്‍ നിന്നുളള മഞ്ഞ് നീക്കം ചെയ്ത ശേഷം മാത്രമേ കാറിനുളളിലേക്ക് കടക്കാവൂ എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മഞ്ഞ് നീക്കാത്ത പക്ഷം അത് ഗുരുതരമായ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം കാറിനുള്ളില്‍ നിറയാന്‍ കാരണമാകുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ സ്റ്റാര്‍ട്ടാക്കും മുമ്പ് തന്നെ ടെയില്‍ പൈപ്പ് തുറന്ന് തന്നെ ഇരിക്കുകയാണെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.