പ്രധാനമന്ത്രിയായാലും ശരി, മറ്റാരായാലും ശരി രാജ്യത്ത് ഒരു നയമേ ഉള്ളൂ എന്ന നിലപാടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ സഹായിക്കുള്ളത്. തിരക്കിട്ട് നടന്നുവരുകയായിരുന്നു പ്രധാനമന്ത്രിയും സംഘവും ഇതിനിടയിലാണ് ഒരു അസിസ്റ്റന്റ് പ്രധാനമന്ത്രിക്ക് കുടിക്കാനായി കയ്യില്‍ ഒരു കപ്പ് കാപ്പി വച്ചുകൊടുത്തത്. പ്ലാസ്റ്റിക്ക് കപ്പായിരുന്നു. ഉടന്‍ മറ്റൊരു അസിസ്റ്റന്റ് ഇടപെട്ട് യാതൊരു സങ്കോചവുമില്ലാതെ പ്രധാനമന്ത്രിയുടെ കയ്യില്‍ നിന്ന് കപ്പ് പിടിച്ചുവാങ്ങി. ഡിസ്‌പോസിബിള്‍ കപ്പ് വേണ്ട എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.

ജോണ്‍സണ്‍ ഒന്ന് അമ്പരന്നു. പ്രധാനമന്ത്രിയും സംഘവും നടന്നുപോവുകയും ചെയ്തു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി. സ്ഥലത്തുണ്ടായിരുന്ന ചാനല്‍ ഫോര്‍ ന്യൂസിന്റെ കാമറാമാന്‍ നീല്‍ കോര്‍ബറ്റ് ആണ് കൗതുകകരമായ ഈ ദൃശ്യം പകര്‍ത്തിയത്. കാപ്പി കപ്പ് കയ്യില്‍ നിന്ന് പോയ പ്രധാനമന്ത്രി ട്രോളര്‍മാര്‍ക്ക് ചാകര നല്‍കി.

2023നകം എല്ലാ ഡിസ്‌പോസിബിള്‍ കപ്പുകളും റീസൈക്കിള്‍ ചെയ്ത് ഒഴിവാക്കുമെന്ന് യുകെ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇത് പ്രധാനമന്ത്രിയുടെ വെറും പബ്ലിക് റിലേഷന്‍സ് തന്ത്രമാണ് എന്ന് ആരോപിക്കുന്നവരുണ്ട്. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിരവധി ആരോപണങ്ങളും നേരിടുന്ന ബോറിസ് ജോണ്‍സണ്‍ ശ്രദ്ധ തിരിക്കാനായി നടത്തുന്ന പിആര്‍ കളിയാണ് ഇത് എന്നാണ് ആരോപണം. അതേസമയം ഇത് വലിയ ചര്‍ച്ചയായതിനെ പിന്നാലെ ജോണ്‍സണ്‍ Get Brexit Done എന്ന സന്ദേശമെഴുതിയ ഒരു ഗ്ലാസ് മഗുമായി ട്വിറ്ററില്‍ രംഗത്തെത്തി. അവസാനം എനിക്ക് കാപ്പി കിട്ടി (I got my coffee in the end.) എന്നും കുറിച്ചു.