മൊമേ അല്ല അതിനപ്പുറമുള്ള ഭീകരർ വന്നാലും മലയാളികളുടെ അടുത്ത് ഒരു വേലയും നടക്കില്ലെന്ന് ട്രോളർമാര്‍. മോമോയെ ട്രാോളിക്കൊല്ലുന്ന തകർപ്പന്‍ തമാശകൾ നവമാധ്യമങ്ങളിൽ കറങ്ങിനടക്കുകയാണ്.

ചാറ്റ് ചെയ്യാനെത്തുന്ന മോമോയോട് ഇതു മാമന്‍റെ പുതിയ ഗൾഫ് നമ്പറാണോ എന്ന് ഒരു വിരുതന്‍റെ ചോദ്യം. നമോയെ നേരിട്ടവർ മോമോയെയും നേരിടുമെന്ന് ചിലർ. ഫോണിൽ മോമോയുടെ മെസേജ് എത്തിയപ്പോൾ നമോ ആണെന്നു കരുതി അച്ഛാ ദിൻ എപ്പോൾ എത്തുമെന്നു വരെ ചോദിച്ചവരുണ്ടത്രേ.

ഗെയിം കളിക്കാൻ ചലഞ്ച് ചെയ്യാനെത്തുന്ന മോമോയോട് ഭക്ഷണം കഴിച്ചോയെന്ന് കുശലം ചോദിക്കുന്ന വിരുതനാണ് മറ്റൊരു ട്രോൾ താരം. ഇതെന്താ ഈ പ്രൊഫൈൽ ചിത്രം ഇങ്ങനെ എന്നും ഇവന്‍ ചോദിക്കുന്നു. ഒടുവിൽ മലയാളികളുടെ പ്രതികരണം കണ്ട് അപമാനിച്ചതു മതിയെങ്കിൽ നിർത്തിക്കൂടേ എന്നു ചോദിക്കുന്ന നിസഹായനായ മോമോയെയും കാണാം.

momo-thump

momo-2

momo-1

momo3

‌മോമോ ഗെയിമുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെ കൊലയാളി ഗെയിമിനെ പൂട്ടാൻ കേരളപൊലീസും രംഗത്തെത്തിയിട്ടുണ്ട്.

”മോമ്മോ ഗെയിംനെ സംബന്ധിച്ച ചില വ്യാജ വാർത്തകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിലവിൽ ആരും പേടിക്കേണ്ട സാഹചര്യമില്ല എന്നറിയിക്കുന്നു. കേരളത്തിൽ ഇതു സംബന്ധിച്ച് ഒരു കേസ്പ്പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും ഇത്തരത്തിൽ യാതൊന്നും സംഭവിക്കാതിരിക്കുന്നതിനു രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ശ്രദ്ധിക്കണം.അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽ പ്പെട്ടാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, ജില്ലാ സൈബർസെല്ലിനേയോ, കേരള പോലീസ് സൈബർഡോമിനെയോ അറിയിക്കുക.

എന്നാൽ ഈ സാഹചര്യം മുതലെടുത്ത് ചില സാമൂഹിക വിരുദ്ധർ മറ്റുള്ളവരെ അനാവശ്യമായി ഭയപ്പെടുത്തുന്നതിലേക്കായി വ്യാജ നമ്പരുകളിൽ നിന്നും മൊമോ എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ അയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജപ്രചരണങ്ങൾ വഴി മറ്റുള്ളവരെ ഭയപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും”.

എന്താണ് മോമോ?

ബ്ലൂ വെയിൽ പോലെ തന്നെ കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഗെയിമാണ് മോമോ. വാട്സ്ആപ്പിലൂടെ അജ്ഞാതനെ പരിചയപ്പെടുക എന്നതാണ് ആദ്യപടി. അജ്ഞാതനെ പരിചയപ്പെടാന്‍ ആവശ്യപ്പെടുന്ന മെസേജിൽ നിന്നാണ് തുടക്കം. തുടർന്ന് ഈ കോണ്ടാക്ടിൽ നിന്നും പേടിപ്പെടുത്തുന്ന മെസേജുകളും വിഡിയോകളും ലഭിക്കും. തുടർന്ന് സ്വയം മുറിപ്പെടുത്താനോ ആത്മഹത്യ ചെയ്യാനോ ആവശ്യപ്പെടും.
ഭീകരരൂപിയായ സ്ത്രീയുടെ ചിത്രമാണ് മോമോയുടെ ഐക്കൺ. മോമോ ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. അജ്ഞാത നമ്പറുമായി ബന്ധം സ്ഥാപിക്കാന്‍ ചലഞ്ച് ചെയ്താണ് മോമോ ഗെയിം ആരംഭിച്ചതെന്നാണ് മെക്സിക്കോയിലെ കംപ്യൂട്ടര്‍ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ടീം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അർജൻറീനയിൽ ആത്മഹത്യ ചെയ്ത ടീനേജുകാരിയുടെ മരണത്തിനു പിന്നിൽ മോമോ ആണോ എന്ന് അന്വേഷിച്ചു വരികയാണ്.
അതേസമയം ഉപഭോതാക്കളുടെ സുരക്ഷയുടെ കാര്യത്തിൽ തങ്ങൾ അതീവ തത്പരരാണെന്നും അ‍ജ്ഞാത സന്ദേശമെത്തിയാൽ തങ്ങളുമായും ബന്ധപ്പെടാമെന്നും വാട്സ്ആപ്പ് അധികൃതർ അറിയിച്ചു കഴിഞ്ഞു.