കേരളത്തിൽ വിവിധ ഭാഗങ്ങളില്‍ നിലവില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ ആദ്യ വാരത്തില്‍ തന്നെ മണ്‍സൂണ്‍ ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സാധാരണയില്‍ കൂടുതല്‍ മഴ ഇത്തവണയും പ്രതീക്ഷിക്കാവുന്നതാണെന്നും അടുത്ത അഞ്ചു ദിവസവും മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കേരള തീരത്തും തെക്ക് കിഴക്കന്‍ അറബിക്കടലിലും മല്‍സ്യബന്ധനം പൂര്‍ണമായി നിരോധിച്ചിരിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനു പിന്നാലെയാണ് ഈ തീരുമാനം. നിലവില്‍ ആഴക്കടലില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള സുരക്ഷിത തീരത്തെത്തണമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

സംസ്ഥനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ കാറ്റോടുകൂടിയ മഴയെ തുടര്‍ന്ന് ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്താനും തീരുമാനിച്ചിരുന്നു. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളിലെ കളക്‌ട്ടര്‍മാര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

പശ്ചിമവാതങ്ങളുടെ ശക്തി വര്‍ധിച്ചതോടെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം, മാലദ്വീപ് – കന്യാകുമാരി ഭാഗങ്ങളിലേയ്ക്കും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കു ഭാഗത്തേയ്ക്കും ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹം എന്നിവയുടെ ശേഷിക്കുന്ന ഭാഗത്തേയ്ക്കും നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറില്‍ മാലദ്വീപ് – കന്യാകുമാരി ഭാഗങ്ങളിലേക്ക് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കൂടുതല്‍ മുന്നേറും.

അറബിക്കടലിന്റെ തെക്കു കിഴക്ക്, തെക്ക് മധ്യ ഭാഗത്തായി മെയ് 31 മുതല്‍ ജൂണ്‍ നാല് വരെയുള്ള കാലയളവില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ കേരളത്തില്‍ ജൂണ്‍ 1 മുതല്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിക്കാന്‍ സാധ്യത ഏറെയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മെയ് 29 മുതല്‍ ജൂണ്‍ ഒന്നു വരെയുള്ള കാലയളവില്‍, അറബിക്കടലിന്റെ പടിഞ്ഞാറ് മധ്യഭാഗത്ത് മീന്‍ പിടുത്തക്കാര്‍ കടലില്‍ പോകരുത്. മെയ് 31 മുതല്‍ ജൂണ്‍ നാല് വരെയുള്ള കാലയളവില്‍, അറബിക്കടലിന്റെ തെക്കു കിഴക്ക്, തെക്കു മധ്യ ഭാഗത്ത് മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം പടിഞ്ഞാറന്‍ ഹിമാലയന്‍ പ്രദേശത്തും സമീപ സമതല പ്രദേശങ്ങളിലും മെയ് 28 മുതല്‍ മെയ് 30 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. ഇതിന്റെ ഫലമായി മധ്യ ഇന്ത്യയിലും പടിഞ്ഞാറന്‍ പ്രദേശത്തും അടുത്ത 3 – 4 ദിവസത്തിനുള്ളില്‍ താപനിലയില്‍ മൂന്ന് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കുറവ് സംഭവിച്ചേക്കാം. നിലവിലെ ഉഷ്ണതരംഗം ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ അുഭവപ്പെടുമെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുറയുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ ത്രിപുര, മിസോറാം എന്നിവിടങ്ങളില്‍ വളരെ കനത്ത മഴയ്ക്കും, ആസാം, മേഘാലയ എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.