മോപ്പസാങിന്റെ സാഹിത്യ സംസ്‌കാരം

മോപ്പസാങിന്റെ സാഹിത്യ സംസ്‌കാരം
October 27 06:56 2017 Print This Article

കാരൂര്‍ സോമന്‍
ഓരോ വ്യക്തിക്കും ദേശത്തിനും രാജ്യത്തിനും ഓരോരോ സംസ്‌കാരങ്ങളുണ്ട്. ഭാരതീയ സംസ്‌കാരം പുരാണ ഇതിഹാസങ്ങളില്‍നിന്നും നമ്മുടെ പൂര്‍വ്വപിതാക്കളില്‍നിന്നും ലഭിച്ചിട്ടുള്ള വൈവിധ്യമാര്‍ന്ന സംസ്‌കാരമാണ്. ആത്മാഭിമാനമുളള ദേശസ്‌നേഹികള്‍ അതെന്നും ഒരു സമ്പത്തായി സൂക്ഷിക്കുന്നു. നമ്മുടെ സംസ്‌കാരധാരയില്‍ പ്രധാനമായും കടന്നുവരുന്നത് പരസ്പര സ്‌നേഹം, സത്യം, അഹിംസ, വിവേകം, ബഹുമാനം, അച്ചടക്കം, സ്വാതന്ത്ര്യം മുതലായവയാണ്. ഈ സംസ്‌കാരമിന്ന് ഓരോരുത്തരുടെ സുഖസൗകര്യങ്ങള്‍ക്കായി മാറ്റപ്പെടുന്നു. ഈ സംസ്‌കാരം സാഹിത്യത്തിലുമുണ്ട്. ചരിത്രത്തില്‍ സാഹിത്യകാരന്മാര്‍, കവികള്‍ എന്നും പീഡിതര്‍ക്കൊപ്പമാണ് ജീവിച്ചിട്ടുള്ളത്. അതിന് ഏറ്റവും ധീരമായ ഇടപെടലുകളും സാഹിത്യസൃഷ്ടികളുമാണ് വികസിത രാജ്യത്തെ എഴുത്തുകാരില്‍നിന്നും ലഭിച്ചിട്ടുള്ളത്. അതില്‍ ചെറുകഥയുടെ ഉത്ഭവം അമേരിക്കയിലെങ്കിലും ചെറുകഥ സാഹിത്യത്തിന്റെ പിതാവായി അറിയപ്പെടുന്ന ഫ്രഞ്ച് സാഹിത്യകാരനായ മോപ്പസാങ്ങിനെയെടുക്കാം. ഫ്രാന്‍സിലെ ടോര്‍വില്‍ എന്ന തുറമുഖ നഗരത്തില്‍ അദ്ദേഹം ജനിച്ചു. ചെറുപ്പം മുതലെ ഭരണത്തിലുള്ളവരടക്കം ബൂര്‍ഷ്വ മുതലാളിമാരുടെ വാലാട്ടികളായി കൈകോര്‍ത്തു പിടിച്ചുകൊണ്ടുള്ള ഒരു രാജ്യത്തെയാണ് മോപ്പസാങ് (ഹെന്‍ട്രി റെനി ആല്‍ബര്‍ട്ട് ഗൈ, ജനനം 8 ആഗസ്റ്റ് 1850, മരണം 6 ജൂലൈ 1893) കണ്ടത്. സമ്പത്തുള്ളവര്‍ പാവപ്പെട്ട ജനങ്ങളെ ദരിദ്രരായും അടിമകളായും കണ്ടു. അദ്ദേഹം വളര്‍ന്നുവന്ന സാമൂഹ്യ ചുറ്റുപാടുകളില്‍ നിറഞ്ഞു നിന്നത് വേദനയും നൊമ്പരങ്ങളുമായിരുന്നു. വളരുന്തോറും സ്‌കൂളുകളില്‍ സമ്പന്നരുടെ മക്കളുമായി ഏറ്റുമുട്ടുക, ക്ലാസ്സില്‍നിന്ന് ശിക്ഷകള്‍ ഏറ്റുവാങ്ങുക, അതിന്റെ ഭാഗമായി മാതാപിതാക്കളെ ധിക്കരിക്കുക ഇതെല്ലാം സമൂഹത്തോടുള്ള പ്രതിഷേധങ്ങളായിരുന്നു. ഏകാന്തത, നിരാശ, വിദ്വേഷം ഇതെല്ലാം ആത്മനൊമ്പരങ്ങളായി വളര്‍ന്നു. പഠിക്കുന്ന കാലത്തും സംഗീതവും സാഹിത്യവും ഏറെ സ്വാധീനിച്ചു. പാരീസില്‍ സംഗീതവും നാടകവും കാണാന്‍ പോകുമ്പോഴൊക്കെ തനിക്ക് മുന്നേ നടന്നവരുടെ പുസ്തകങ്ങളും സ്വന്തമാക്കുമായിരുന്നു.

പുതിയതായിറങ്ങുന്ന പുസ്തകങ്ങള്‍ക്ക് വില കൂടുതലായതിനാല്‍ വില കുറഞ്ഞ പഴയ പുസ്തകങ്ങളാണ് കൂടുതലും വാങ്ങി വായിച്ചത്. സ്വന്തം രാജ്യത്തെ യുദ്ധക്കെടുതിയിലേക്ക് വലിച്ചെറിയുന്ന ഭരണാധിപന്മാരോടും വെറുപ്പായിരുന്നു. ജര്‍മ്മനിയും ബ്രിട്ടനുമായുള്ള പല യുദ്ധങ്ങളിലും ഫ്രാന്‍സ് പരാജയപ്പെടുക മാത്രല്ല ജനങ്ങളും കൊല്ലപ്പെട്ടു. യൗവത്തിലെത്തിയതോടെ ഒരു പുതിയ കാലത്തിന്റെ ശബ്ദമായി മാറണമെന്ന് ഫ്രഞ്ച് സംസ്‌കാരത്തിന് ആഘാതമേല്‍പ്പിക്കുന്ന സുഖലോലുപരായ ബൂര്‍ഷ്വകളെ, ഭരണാധിപന്മാരെ ചാട്ടവാറുകൊണ്ടടിക്കണമെന്നും മനഃപൂര്‍വ്വം മനസ്സും മന്ത്രിച്ചു. തലച്ചോറില്‍ കയറിക്കൂടിയത് അക്ഷരങ്ങളായിരുന്നു. രാജ്യം നേരിടുന്ന വിപത്തുകളപ്പറ്റി എഴുതിക്കൊണ്ടിരിക്കെ മനസ്സിന്റെ ഭാവം മാറി തീവ്രാനുഭൂതിയിലേക്ക് വഴുതി വീഴുക മാത്രമല്ല ഉന്നതരെ വെല്ലുവിളിക്കയും ചെയ്തു. എഴുതി കൂട്ടിയതെല്ലാം ആദ്യം കാണിക്കുന്നത് പാരിസിലുണ്ടായിരുന്ന പ്രശസ്ത നോവലിസ്റ്റ് ഗുസ്താവൂ ഫ്‌ലോബേറെയാണ്. അദ്ദേഹം ഗുരുതുല്യനായിരുന്നു. പാരീസ് നഗരത്തിന്റെ ഉന്മാദ സൗന്ദര്യത്തെക്കുറിച്ചെഴുതിയ കഥകള്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. ഫ്രാന്‍സിലെ ബൂര്‍ഷ്വകള്‍ ഉല്പാദിപ്പിക്കുന്ന ഹിംസാത്മക പ്രവര്‍ത്തങ്ങള്‍ക്കെതിരെയും അതിന് കൂട്ടു നില്‍ക്കുന്ന ഭരണത്തിനെതിരെയും മോപ്പസാങ് തുറന്നെഴുതി. സമൂഹത്തില്‍ വേട്ടയാടപ്പെടുന്ന ഇരകള്‍ക്ക് ഒരാശ്വാസമായി അദ്ദേഹത്തിന്റെ കഥകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. 1872 മുതല്‍ 1880 വരെ സര്‍ക്കാര്‍ ജോലി ചെയ്യുമ്പോഴും ആകാശംമുട്ടെ എന്ന ഭാവത്തില്‍നിന്നു അഹങ്കാരികളായ ഉന്നത ഉദ്യോഗസ്ഥന്മാരോട് കലഹിച്ച് ജോലി ഉപേക്ഷിച്ചു. അധികാരത്തിന്റെ ഈ സമ്പല്‍സമൃദ്ധിയില്‍ ആനന്ദിച്ചു കഴിഞ്ഞവരെയെല്ലാം മോപ്പസാങ്ങിന്റെ കഥകള്‍ ഒരു വാള്‍പോലെ അരിഞ്ഞു വീഴ്ത്തി. നിത്യ ദുരിതമനുഭവിച്ചുകൊണ്ടിരുന്ന ജനത്തിന്റെ ഉറ്റതോഴനായി മാറി. ആയിരങ്ങള്‍ അണി നിരക്കുന്ന സമരവീരപോരാളികളെപോലെ ഓരോ കഥകളും ജനങ്ങളില്‍ ആവേശമുണര്‍ത്തി. അധികാരസുഖത്തിന്റെ മധുരലഹരിയില്‍ ജീവിച്ചവര്‍ക്ക് ഭാവിയും ഉത്കണ്ഠയുമേറി വന്നു.


കേരളത്തിലാദ്യമായി 1932ല്‍ എം. പി പോളിന്റെ ചെറുകഥാപ്രസ്ഥാനം പുറത്തുവരുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു സിംഹഗര്‍ജ്ജനമായി കേരളത്തിലെങ്ങും അലയടിച്ചതുപോലെയാണ് മോപ്പസാങ്ങിന്റെ അക്ഷരങ്ങള്‍ സിംഹഗര്‍ജനമായി ഫ്രാന്‍സിലെങ്ങും അലയടിച്ചത്. സമൂഹത്തിലെ ദുഷ്ടശക്തികള്‍ക്കെതിരെ ഒരെഴുത്തുകാരന്റെ സാഹിത്യസംസ്‌കാരം എന്തായിരിക്കണമെന്ന് കാണിച്ചുകൊടുക്കുക മാത്രമല്ല ആ കഥകളിലൂടെ ഒരു കഥയുടെ ആശയലോകം എങ്ങനെ ആവിഷ്‌കരിക്കണമെന്നുകൂടി അടയാളപ്പെടുത്തുന്നതായിരുന്നു. ജീവിത ദര്‍ശനമോ, അനുഭവ വിജ്ഞാനമോ ഇല്ലാത്തവര്‍ക്ക് സാഹിത്യകാരനോ കവിയോ ആകാന്‍ സാധ്യമല്ലെന്നും അങ്ങനെയുള്ളവര്‍ ആശയ ദാരിദ്ര്യമനുഭവിക്കുന്നവരെന്നും അദ്ദേഹത്തിന്റെ എഴുത്തുകളില്‍ നിന്ന് പഠിക്കാന്‍ സാധിക്കും. 1880 ലാണ് അദ്ദേഹത്തിന്റെ ആദ്യകഥ (ബാള്‍ ഓഫ് ഫാറ്റ്) പുറത്തു വരുന്നത്. ആദ്യത്തെ കഥ തന്നെ 1939-ല്‍ അമേരിക്കയിലെ സിനിമ സംവിധായകന്‍ ജോണ്‍ ഫോര്‍ഡ് ‘സ്റ്റേജ് കോച്ച്’ എന്ന പേരില്‍ സിനിമയാക്കി. സമൂഹത്തിലെ അധികാരികള്‍ക്കും സമ്പന്നര്‍ക്കും മുകളില്‍ മോപ്പസാങ് ഒരു കഴുകനെപ്പോലെ പറന്നു. അധികാരികള്‍ വെച്ചുനീട്ടിയ ആനുകൂല്യങ്ങളിലൊന്നും അദ്ദേഹം വീണില്ല. അവരുടെ ഉറ്റ തോഴനായി കഴിഞ്ഞിരുന്നെങ്കില്‍ ധാരാളം ബഹുമതികള്‍ ലഭിക്കുമായിരുന്നു. അധികാരത്തിലുള്ളവരുടെ വീട്ടുവേലക്കാരനല്ല സര്‍ഗ്ഗധനരായ സാഹിത്യകാരന്മാര്‍ എന്നദ്ദേഹം തെളിയിച്ചു. ആ സാഹിത്യ സംസ്‌കാരം അദ്ദേഹം പഠിച്ചത് മണ്‍മറഞ്ഞ മഹാന്മാരായ ബ്രിട്ടന്‍, ഗ്രീസ്, ഇറ്റലി, റഷ്യ, അമേരിക്ക, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ എഴുത്തുകാരില്‍ നിന്നാണ്. അക്ഷരം മൂലധനമായി ലഭിച്ചവന് അതിനെക്കാള്‍ വലിയ ധനം എന്താണെന്നാണ് അദ്ദേഹം ഒരിക്കല്‍ ലണ്ടനില്‍ വന്നു പോയപ്പോള്‍ പത്രക്കാരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. അദ്ദേഹത്തിന്റെ കഥകളിലും നോവലുകളിലും നിറഞ്ഞു നിന്നത് പാവങ്ങളുടെ ദിനരോധനങ്ങളും നീതി നിഷേധങ്ങളുമാണ്. അധികാരത്തിലുള്ളവര്‍ യാതൊരു അദ്ധ്വാനവുമില്ലാതെ സമ്പന്നരുടെ തിന്മകള്‍ക്ക് കൂട്ടുനിന്ന് നീതി നിഷേധങ്ങള്‍ നടത്തി സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നത് കണ്ടിരിക്കാന്‍ മോപ്പസാങിന്റെ സാഹിത്യ സംസ്‌കാരം അനുവദിച്ചില്ല. സാഹിത്യ ലോകത്ത് ഒരു വിപ്ലവ സോഷ്യലിസ്റ്റായും അദ്ദേഹത്തെ കാണുന്നവരുണ്ട്.


മലയാള സാഹിത്യത്തിലും ചുഷക വര്‍ഗ്ഗത്തിന്റെ ജീര്‍ണ്ണതയെ തുറന്നു കാട്ടിയ ഹൃദയവിശാലതയുള്ള ധാരാളം എഴുത്തുകാരുണ്ടായിരുന്നു. കേസരി ബാലകൃഷ്ണപിള്ള, എം.പി. പോള്‍, ആശാന്‍, വള്ളത്തോള്‍, ചങ്ങമ്പുഴ, മുണ്ടശ്ശേരി, തകഴി, പൊന്‍കുന്നം വര്‍ക്കി, തോപ്പില്‍ ഭാസി, വയലാര്‍, ചെറുകാട്, പുരുഷ ചൂഷക വര്‍ഗ്ഗത്തിനെതിരെ ആഞ്ഞടിച്ച ലളിതാംബിക അന്തര്‍ജനം, കെ. സരസ്വതിയമ്മ. ഇന്നത്തെ കാവ്യ സംസ്‌കാരം പലതുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. എഴുത്തുകാരന്റെ ശക്തിയും തേജസ്സും തിളക്കവും സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെയോ, അരാജകത്വത്തിനെതിരെയോ, കടന്നുവരാതെ താളത്തിനൊത്ത് ഈണം പോലെ ചില പ്രസ്ഥാനങ്ങളുടെ സേവകരായി മാറുന്നു. മറ്റൊന്നുള്ളത് ഈ കൂട്ടകരുടെ സര്‍ഗ്ഗസാമര്‍ത്ഥ്യങ്ങള്‍ സാഹിത്യസൃഷ്ടിയിലൂടെ പ്രകടമാകുന്നില്ല. ഒരാവാര്‍ഡില്‍ എല്ലാം തികഞ്ഞവരായി മാറുന്നു. ഈ കൂട്ടര്‍ക്ക് കൃത്രിമ സൗന്ദര്യം നല്കിക്കൊണ്ട് ചാനലുകളും മാധ്യമങ്ങളും അവരെ പ്രബലരാക്കുന്നു. ഇത് ‘കമ്പോള സാഹിത്യസംസ്‌കാരത്തിന്റെ ദയനീയ മുഖമാണ് വെളിപ്പെടുത്തുന്നത്. അതിനൊപ്പം ഞെട്ടിപ്പിക്കുന്ന ഒന്നാണ് എഴുത്തുകാരെ പത്രക്കാരെ കൊല്ലുക. ഈ ഫാസിസ്റ്റ് ഫ്യൂഡല്‍ ശക്തികളെ വളര്‍ത്തുന്നതില്‍ അധികാരികള്‍ക്കും അവരുടെ അപ്പ കഷണം തിന്ന് കൊഴുത്തു തടിക്കുന്ന സങ്കുചിത മനസ്സുള്ള എഴുത്തുകാരനും പങ്കുണ്ട്. കൂടുതലും ജന്മസിദ്ധമായ സര്‍ഗ്ഗപ്രതിഭയുള്ളവരാണ് എഴുത്തുകാരാകുന്നത്. സത്യത്തില്‍ അവരാണ് ഒരു ഭാഷയുടെ പ്രതിനിധികളാകേണ്ടത്. അവരുടെ സൃഷ്ടികള്‍ അനുഭൂതിയുടെ അറിവിന്റെ അഗാധ തലങ്ങളിലാകും മനുഷ്യനെ നയിക്കുന്നു. ഈ അറിവിന്റെ ആദ്യപാഠം പഠിച്ചവരാണ് വികസിത രാജ്യങ്ങളിലെ ജനങ്ങള്‍. എത്രയോ നൂറ്റാണ്ടുകളായി അധികാര – ആള്‍ദൈവവിശ്വാസങ്ങള്‍ക്കെതിരെ അവര്‍ എഴുതുന്നു. അവരെ കൊലചെയ്യുന്നതായി അറിയുന്നില്ല. ദരിദ്രരാജ്യങ്ങളില്‍ അറിവിനായി അധികാരികള്‍ ഒന്നും ചെയ്യുന്നില്ല. അതിനാല്‍ അരാജകത്വവും അനീതിയും വളരുന്നു. അത് തുറന്നു കാണിക്കുന്ന എഴുത്തുകാര്‍ ഈ ഫാസിസ്റ്റ് ഭരണങ്ങളിലുള്ളവര്‍ക്ക് ഉപദ്രവകാരികളായി മാറുന്നു. അധികാരികള്‍ക്കൊപ്പം നില്‍ക്കുന്ന എഴുത്തുകാരന് ഒരു പോറലുമുണ്ടാകുന്നില്ല. സാഹിത്യ സംസ്‌കാരം മേലാളന്മാരുടെ സേവനത്തിനുള്ളതല്ലെന്ന് വിപ്ലവകാരിയായ സാഹിത്യകാരനറിയാം. അവര്‍ എന്നും ഇരക്കൊപ്പമാണഅ വേട്ടക്കാരനൊപ്പമല്ല. ഒരെഴുത്തുകാരന്റെ മരണം ഒരു ഭാഷയുടെ മരണമാണ്. ഒരു സംസ്‌കാരത്തിന്റെ മരണമാണ്. ഒരു മന്ത്രി മരിച്ചാല്‍ പകരത്തിന് മന്ത്രിയുണ്ടാകും. ഒരെഴുത്തുകാരന്‍ മരിച്ചാല്‍ പകരം വെക്കാനാകില്ല. ഒരു പ്രതിഭയ്ക്ക് ഒരിക്കലും മരണമില്ല. ആ സാഹിത്യ സംസ്‌കാരമാണ് ഈ വികസിത രാജ്യങ്ങളില്‍ ജീവിച്ചിട്ടുള്ള എനിക്ക് കാണാന്‍ കഴിഞ്ഞത്. അനീതിയുടെ ചൂഷണത്തിന്റെ നരകക്കുഴിയില്‍നിന്ന് മനുഷ്യനെ സംരക്ഷിക്കുന്ന എഴുത്തുകാരന്‍ എന്നുമെന്നും ജനങ്ങളുടെ നാവാണ്. അതുകൊണ്ടാണ് മോപ്പസാങ്ങിനെപ്പോലുള്ള മഹാന്മാര്‍ ജനഹൃദയങ്ങളില്‍ നൂറ്റാണ്ടുകളായി ജീവിക്കുന്നത്. ആ വൈവിധ്യമാര്‍ന്ന ഏകത്വ സാഹിത്യ സംസ്‌കാരമാണ് ഇന്നാവശ്യം. അല്ലാതെ ഇന്‍ഡ്യയുടെ ദാരിദ്ര്യം പോലെ ഒരു ദരിദ്ര സംസ്‌കാരമല്ല സാഹിത്യത്തിനാവശ്യം.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles