ബിഷപ്പ് ഫ്രാങ്കോ രൂപീകരിച്ച സന്യാസ സഭ ലൈംഗിക കുറ്റവാളികള്‍ക്ക് ഒളിത്താവളമെന്ന് ആരോപണം

ബിഷപ്പ് ഫ്രാങ്കോ രൂപീകരിച്ച സന്യാസ സഭ ലൈംഗിക കുറ്റവാളികള്‍ക്ക് ഒളിത്താവളമെന്ന് ആരോപണം
July 17 09:56 2018 Print This Article

കോട്ടയം: കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ഒതുങ്ങുന്നതല്ല ജലന്ധര്‍ രൂപതയിലെ പ്രശ്‌നങ്ങള്‍. ഓരോ ദിവസവും മറനീക്കി പുറത്തുവരുന്നത് നിഗൂഢതകളും ദുരുഹതകളും നിറഞ്ഞ ഒട്ടേറെ കഥകള്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഏകാധിപത്യ ഭരണവും ധാര്‍മ്മികതയ്ക്ക നിരക്കാത്ത പ്രവര്‍ത്തികളുടെ കഥകളുമാണ് അവിടെനിന്നുള്ള വൈദികര്‍ പുറത്തുകൊണ്ടുവരുന്നത്.

ബിഷപ്പ് ഫ്രാങ്കോ വൈദികര്‍ക്കായി രൂപീകരിച്ച പുതിയ സന്യാസ സഭയായ ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസ് (എഫ്.എം.ജെ) ആണ് ദുരൂഹതകളുടെ ഒരു കേന്ദ്രം. പെണ്‍വിഷയങ്ങളില്‍ പെട്ട് നാടുവിട്ടവരും സാമ്പത്തിക തട്ടിപ്പ് വീരന്മാരുമാണ് ഈ സഭകളിലെ മുഖ്യസ്ഥാനങ്ങളില്‍ ഇരിക്കുന്നത്.

അടുത്തകാലത്ത് തൃശൂരില്‍ നിന്നും വീട്ടമ്മയുമായി മുങ്ങിയ വൈദികന്‍ ചെന്നെത്തിയത് ഫ്രാങ്കോയുടെ പക്കലാണ്. ഈ വൈദികനെ എഫ്.എം.ജെയില്‍ സ്വീകരിച്ചു. ഇതിനിടെ വീട്ടമ്മ നാട്ടിലേക്ക് തിരിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നുമായി പല രൂപതകളില്‍ നിന്നും സന്യാസ സഭകളില്‍ നിന്നും ഇത്തരം പ്രശ്‌നങ്ങളെ തുടര്‍ന്ന് പുറത്താക്കിയവരും നാടുവിട്ടവരുമാണ് ഫ്രാങ്കോയുടെ സഭയിലേക്ക് അഭയം തേടിയെത്തുന്നത്.

നിലവില്‍ രൂപതയ്ക്ക് സന്യാസ സഭ ഉണ്ടായിരിക്കേ പുതിയ സഭ രൂപീകരിക്കുന്നതില്‍ വൈദികര്‍ക്കിടയില്‍ കടുത്ത അമര്‍ഷം ഉയര്‍ന്നിരുന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഇത്തരമൊരു സഭ ബിഷപ്പ് ഫ്രാങ്കോ തട്ടിക്കൂട്ടിയത്. സഭയുടെ രൂപീകരണത്തിന്റെ ആവശ്യകത ചോദ്യം ചെയ്ത് ഒരു മുതിര്‍ന്ന വൈദികന്‍ സെപ്തംബര്‍ 15ന് ബിഷപ്പ് ഫ്രാങ്കോയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു. ”വെളിപാടിനെ തുടര്‍ന്നാണ് ഈ സഭ രൂപകരിച്ചതെന്നാണ്” ബിഷപ്പ് നല്‍കിയ വിശദീകരണം. സഭയിലെ ആഭ്യന്തര പ്രശ്‌നങ്ങളെയും അഭിപ്രായ ഭിന്നതകളെയും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സഭയുടെ രൂപീകരണ സമയത്ത് നാല് വൈദികര്‍ ചേരുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം ഒരാള്‍ മാത്രമാണ് ചേര്‍ന്നത്. അദ്ദേഹം വൈകാതെ സഭ വിട്ടുപോകുകയും ചെയ്തു.

രൂപത സെമിനാരികളിലും മറ്റും വൈദിക പഠനത്തിന് ചേരുന്നവരെ അതില്‍ നിന്നും മുടക്കി തന്റെ സഭയില്‍ കൊണ്ടുവരുന്ന പ്രവണതയും ബിഷപ്പിനുണ്ട്. സെമിനാരി പഠനത്തിനിടെ സ്വഭാവദൂഷ്യത്തിനും മറ്റു പല കാരണങ്ങളാലും പുറത്താക്കപ്പെടുന്നവര്‍ക്കും ഫ്രാങ്കോയുടെ സഭയിലേക്ക് സ്വാഗതം. വലിയ ഓഫറുകള്‍ നല്‍കിയാണ് ഫ്രാങ്കോ ഇവരെ കൊണ്ടുവരുന്നതെന്നും പറയപ്പെടുന്നു. രണ്ടോ മുന്നോ വര്‍ഷം കൊണ്ട് വൈദികരായി വാഴിക്കാമെന്നാണ് വാഗ്ദനം. എട്ടുപേരെ ഇത്തരത്തില്‍ കൊണ്ടുവരാന്‍ ഫ്രാങ്കോയ്ക്ക് കഴിഞ്ഞു.

എന്നാല്‍ ഇത്തരക്കാര്‍ എങ്ങനെ ഫ്രാന്‍സിസ്‌കന്‍ മിഷണറിമാരാകും എന്ന പ്രസക്തമായ ചോദ്യമാണ് ബിഷപ്പിനയച്ച കത്തില്‍ ആ വൈദികന്‍ ഉന്നയിക്കുന്നത്. ഭിക്ഷാടകരെ പോലെ ചുരുങ്ങിയ ജീവിതം നയിക്കുന്നവരാണ് ഫ്രാന്‍സിസ്‌കന്‍ മിഷണറിമാര്‍. എന്നാല്‍ ബിഷപ്പ് ഫ്രാങ്കോയുടെ എഫ്.എം.ജെ സന്യാസ സഭ സമ്പന്നതയുടെയും ധൂര്‍ത്തിന്റെയും ആഡംബരത്തിന്റെയും മധ്യേയാണ് കഴിയുന്നത്. ”സമ്പന്നരോട് സുവിശേഷം പ്രസംഗിക്കുകയെന്നതാണ്” ഈ സഭയുടെ ആപ്തവാക്യമെന്നാണ് ഈ മുതിര്‍ന്ന വൈദികന്‍ തന്റെ കത്തില്‍ പറയുന്നു. (ദരിദ്രരോട് സുവിശേഷം പ്രസംഗിക്കാനാണ് താന്‍ വന്നതെന്നാണ് ക്രിസ്തു പറഞ്ഞിരിക്കുന്നതെന്ന് ഇവര്‍ മറന്നുപോകുന്നു.)

ജലന്ധര്‍ രൂപതയുടെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന സന്യാസ സമൂഹത്തെ അപ്പാടെ തച്ചുടച്ച് തന്റെ നേതൃത്വത്തില്‍, തന്റെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന പുതിയൊരു സന്യാസ സമൂഹം കെട്ടിപ്പെടുക്കുകയാണ് ഫ്രാങ്കോയുടെ ലക്ഷ്യമെന്ന് അവിടെ നിന്നുള്ള വൈദികര്‍ ഒന്നടങ്കം പ്രതികരിച്ചു.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles