ലണ്ടന്‍: ഈസ്റ്റ് സസെക്‌സിലെ തീരദേശ മേഖലയില്‍ രാസവസ്തുവിന്റെ സാന്നിധ്യമുള്ള മൂടല്‍മഞ്ഞ് മൂലം ജനങ്ങള്‍ക്ക് അസ്വസ്ഥത. ബേര്‍ലിംഗ് ഗ്യാപ്പില്‍ നിന്ന് ഇതേത്തുടര്‍ന്ന് ജനങ്ങളെ ഒഴിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 5 മണിക്കാണ് ഈ മൂടല്‍മഞ്ഞ് പ്രത്യക്ഷപ്പെട്ടത്. ജനങ്ങള്‍ക്ക് ശ്വാസതടസവും മറ്റ് അസ്വസ്ഥതകളും ഉണ്ടായതിനെത്തുടര്‍ന്ന് എമര്‍ജന്‍സ് സര്‍വീസുകള്‍ ജനങ്ങളെ ഒഴിപ്പിക്കുകയായിരുന്നു. ഈസ്റ്റ്‌ബോണ്‍ മുതല്‍ ബേര്‍ലിംഗ് ഗ്യാപ് വരെയുള്ള പ്രദേശത്ത് കടലില്‍ നിന്നെത്തിയ രാസമേഘം മൂലം ജനങ്ങള്‍ക്ക് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായെന്ന് പോലീസ് പറയുന്നു.

ഈ മേഘത്തിന്റെ ഉറവിടം അജ്ഞാതമാണെന്നാണ് റിപ്പോര്‍ട്ട്. വീടുകളുടെ ജനാലകളും വാതിലുകളും അടച്ചിടണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈസ്റ്റ്‌ബോണ്‍ ഡിസ്ട്രിക്റ്റ് ജനറല്‍ ഹോസ്പിറ്റലില്‍ 100 ഓളം ആളുകള്‍ക്ക് ചികിത്സ നല്‍കിയിട്ടുണ്ടെന്ന് ഈസ്റ്റ് സസെക്‌സ് ഹെല്‍ത്ത്‌കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റ് അറിയിച്ചു. രാസമേഘത്തിന്റെ സാന്നിധ്യം ഏറെ നേരം പ്രദേശത്ത് തുടര്‍ന്നുവെന്ന് ഇാസ്റ്റ് സസെക്‌സ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ അറിയിച്ചു.

ബീച്ചിലെ ക്ലിഫിനു മുകളില്‍ നിന്നവര്‍ക്കാണ് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായത്. കണ്ണുകള്‍ നീറുകയും ശ്വാസതടസം അനുഭവപ്പെടുകയും ചിലര്‍ ഛര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ആരെങ്കിലും ബീച്ചില്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് ആര്‍എന്‍എല്‍ഐയുടെ നേതൃത്വത്തില്‍ പരിശോധിച്ചു. ഏതെങ്കിലും രാസവസ്തുക്കള്‍ ചോര്‍ന്നതാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.