ലണ്ടന്‍: കുട്ടികളിലെ ആത്മഹത്യാ പ്രവണത വര്‍ദ്ധിക്കുന്നു. എന്‍എസ്പിസിസി ചില്‍ഡ്രന്‍സ് ചാരിറ്റിയുടെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം പ്രതിദിനം ശരാശരി ആത്മഹത്യാ ചിന്തകളുമായി വിളിക്കുന്ന 60 കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കിയതായി ചൈല്‍ഡ്‌ലൈന്‍ അറിയിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 15 ശതമാനം കൂടുതലാണ് ഇത്. പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികളും ആത്മഹത്യാ പ്രവണത കാട്ടുന്നുവെന്നാണ് വിശദീകരിക്കപ്പെടുന്നത്.

കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും മാനസികാരോഗ്യ പരിപാലനം ലഭിക്കുന്നതിലുണ്ടാകുന്ന താമസത്തേക്കുറിച്ചും എന്‍എസ്പിസിസി സൂചന നല്‍കി. ആത്മഹത്യാപ്രവണത കൂടുന്നുണ്ടെങ്കിലും സഹായം തേടാനുള്ള സന്നദ്ധത് ഇവര്‍ക്കുണ്ടെന്ന വസ്തുതയാണ് സഹായം തേടിയുള്ള ഫോണ്‍ കോളുകള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നും ചാരിറ്റി അറിയിക്കുന്നു. ആത്മഹത്യാക്കുറിപ്പ് വരെ തയ്യാറാക്കിയ ശേഷം വിളിക്കുന്നവരാണ് പലരും.

ചാരിറ്റിയുടെ കണക്ക് അനുസരിച്ച് 2000ത്തിലേറെ കുട്ടികള്‍ ഈ വിധത്തില്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയശേഷം വിളിച്ചിട്ടുണ്ട്. അങ്ങനെ വിളിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ ഒരു 12 കാരനാണ്. ചൈല്‍ഡ്‌ലൈന്‍ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. കൂടുതല്‍ വോളന്റിയര്‍മാര്‍ രംഗത്ത് വരണമെന്നും കുട്ടികളെ ഈ വിപത്തില്‍ നിന്ന് രക്ഷിക്കാന്‍ കൈകോര്‍ക്കണമെന്നും ചാരിറ്റി ആവശ്യപ്പെടുന്നു.