സ്വന്തം ലേഖകൻ

ലണ്ടൻ : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു. ഇതിനുപിന്നാലെ തന്നെ ആകെ മരണസംഖ്യയും അഞ്ചു ലക്ഷം പിന്നിട്ടു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 502,797 ആണ്. ആകെ രോഗബാധിതരുടെ എണ്ണം 10,169,378 ആയി ഉയർന്നു. ലോകത്തെ പകുതി കേസുകളും യുഎസിലും യൂറോപ്പിലുമാണ്. എന്നാൽ കോവിഡ് -19 ഇപ്പോൾ അമേരിക്കയിൽ അതിവേഗം വ്യാപിക്കുകയാണെന്നത് കനത്ത ആശങ്ക സൃഷ്ടിക്കുന്നു.  ലോകത്തിന്റെ പല ഭാഗങ്ങളിലും രോഗം  ഇപ്പോഴും  വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ പത്തു ലക്ഷം പുതിയ കേസുകൾ രേഖപ്പെടുത്തിയിരുന്നു. അമേരിക്കയിലെ ആകെ രോഗബാധിതരുടെ എണ്ണം 26 ലക്ഷം കടന്നു. 1,28,000 ത്തിൽ അധികം പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. രോഗവ്യാപനം കൂടിയതോടെ ടെക്സസ്, ഫ്ലോറിഡ തുടങ്ങി മറ്റു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ ബിസിനസ്സ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കിയിട്ടുണ്ട്.

വംശീയ ന്യൂനപക്ഷങ്ങൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പല രാജ്യങ്ങളിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയ രണ്ടാമത്തെ രാജ്യം ബ്രസീലാണ്. 13 ലക്ഷത്തിലധികം കേസുകളും 57,000 മരണങ്ങളും ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനത്തിനിടയിലും ജൂലൈ 10 മുതൽ ഫുട്ബോൾ സ്റ്റേഡിയങ്ങൾ ആരാധകർക്ക് വീണ്ടും തുറന്ന് കൊടുക്കുമെന്ന് റിയോ ഡി ജനീറോ സംസ്ഥാനം അറിയിച്ചു. പുതിയ പൊട്ടിത്തെറി തടയാനായി ഇന്നലെ ചൈന ബീജിംഗിന് സമീപം കർശനമായ ലോക്ക്ഡൗൺ ഏർപ്പെടുത്തി. പടിഞ്ഞാറൻ യൂറോപ്പിൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായത് ബ്രിട്ടനിലാണ്. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 311,151 ആയി ഉയർന്നു. ഇതുവരെ 43,550 മരണങ്ങളും ഉണ്ടായിക്കഴിഞ്ഞു.

ലെസ്റ്ററിൽ പുതിയ കേസുകൾ വർധിച്ചതിനെത്തുടർന്ന് പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തുവാൻ തീരുമാനിക്കുന്നു. നടപ്പിലാകുകയാണെങ്കിൽ രാജ്യത്ത് ഏർപ്പെടുത്തുന്ന ആദ്യത്തെ ‘പ്രാദേശിക ലോക്ക്ഡൗൺ’ ആവും ലെസ്റ്ററിലേത്. നഗരത്തിലെ 2,494 കേസുകളിൽ 25 ശതമാനവും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. കേസുകൾ ഉയരുന്നതിനാൽ ലെസ്റ്റർ പൂട്ടിയിടാമെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞുവെങ്കിലും വിവരങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന് ലെസ്റ്റർ മേയർ സർ പീറ്റർ സോൾസ്ബി പറഞ്ഞു. നഗരത്തിലെ കേസുകളുടെ വർദ്ധനവ് ആശങ്കാജനകമാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു. ശുചിത്വം, സാമൂഹിക അകലം, പരിശോധന എന്നിവ സംബന്ധിച്ച ഉപദേശങ്ങൾ പാലിക്കാൻ അവർ നിവാസികളോട് അഭ്യർത്ഥിച്ചു. നഗരത്തിൽ ലോക്ക്ഡൗൺ ആവശ്യമാണെന്ന് ലെസ്റ്റർ ഈസ്റ്റ് എംപി ക്ലോഡിയ വെബ്‌ബെ തുറന്നുപറയുകയുണ്ടായി. നഗരത്തിലെ സ്കൂളുകളിലും കോളേജുകളിലും അടക്കം വൈറസ് ഭീഷണി ഉയർന്നതിനാൽ പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള സാധ്യതയും ഏറെയാണ്.