പച്ചക്കറിവില കുറയ്ക്കാന്‍ കുറുക്കുവഴി അവതരിപ്പിച്ച് മോറിസണ്‍സ്. രൂപവൈകല്യമുള്ള പച്ചക്കറികള്‍ കുറഞ്ഞ വിലയ്ക്ക് വില്‍പനക്കെത്തിച്ചുകൊണ്ടാണ് മോറിസണിന്റെ പരീക്ഷണം. പച്ചക്കറികള്‍ പാഴാകുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം പുതിയ നീക്കം ഗുണം ചെയ്യും. ഇപ്പോള്‍ വിലകുറച്ചിരിക്കുന്ന പച്ചക്കറികള്‍ ഗുണമേന്‍മയുള്ളവ തന്നെയായിരിക്കുമെന്നും ചെറിയ രൂപവ്യത്യാസങ്ങളാണ് ഇവയുടെ വിലയില്‍ വ്യത്യാസം വരാന്‍ കാരണമെന്നും മോറിസണ്‍സ് പറയുന്നു. വില്‍പനക്കെത്തിച്ചിരിക്കുന്ന മുളകുകലില്‍ ചിലത് വളഞ്ഞതും ചെറുതും നിറവ്യത്യാസമുള്ളതുമായിരിക്കും പക്ഷേ ഇവയ്ക്ക് സാധാരണ മുളകിന്റെ എരിവുണ്ടാകുമെന്നും സൂപ്പര്‍മാര്‍ക്കറ്റ് വ്യക്തമാക്കി.

സാധാരണ പച്ചക്കറികളേക്കാള്‍ ഇവയ്ക്ക് 39 ശതമാനം വിലക്കുറവാണ് നല്‍കിയിരിക്കുന്നത്. ചെലവ് കുറയ്ക്കാനുദ്ദേശിക്കുന്നവര്‍ക്ക് ഈ പച്ചക്കറികള്‍ ഉപകാരപ്രദമായിരിക്കും. ഫുഡ് വെയിസ്റ്റിനെക്കുറിച്ച് ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ കേട്ടശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് മോറിസണ്‍സ് എത്തിച്ചേര്‍ന്നത്. രൂപവ്യത്യാസമുള്ള പച്ചക്കറികള്‍ക്ക് പുറമേ പഴവര്‍ഗ്ഗങ്ങളും വിപണിയിലെത്തിക്കാന്‍ മോറിസണ്‍സിന് പദ്ധതിയുണ്ട്. അവോക്കാഡോ, കിവി തുടങ്ങിയ സീസണല്‍ ഫലങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കിഴിവ് നല്‍കാന്‍ ഇതിലൂടെ കഴിയുമെന്നാണ് അവകാശവാദം.

ഫ്രോസണ്‍ ഉല്‍പ്പന്നങ്ങളിലും ഇത്തരമൊരു വിപണി മോറിസണ്‍സ് ലക്ഷ്യമിടുന്നുണ്ട്. ബെറി മിക്‌സിന്റെ ഒരു കിലോഗ്രാം പാക്കറ്റാണ് അവതരിപ്പിച്ചത്. ഇതിന് ടെലിവിഷന്‍ പരസ്യവും നല്‍കാന്‍ പദ്ധതിയുണ്ട്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ജനപ്രീതിയുണ്ടാക്കുന്നതിനായാണ് പരസ്യം നല്‍കുന്നത്. 22 രാജ്യങ്ങളില്‍ നിന്നാണ് ഈ പച്ചക്കറികളും പഴങ്ങളും എത്തിക്കുന്നതെന്നും സൂപ്പര്‍മാര്‍ക്കറ്റ് വ്യക്തമാക്കി.