ജനപ്രിയ മോര്‍ട്‌ഗേജ് പദ്ധതികളുടെ നിരക്ക് രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. അടുത്ത മാസം അടിസ്ഥാന പലിശ നിരക്കുകള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വര്‍ദ്ധിപ്പിക്കാനിടയുണ്ടെന്ന നിഗമനത്തില്‍ ലെന്‍ഡര്‍മാര്‍ നേരത്തേ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസത്തേക്കാള്‍ 0.25 ശതമാനം വര്‍ദ്ധനവാണ് നിരക്കുകളില്‍ ഉണ്ടായിട്ടുള്ളത്. നവംബറിലും ലെന്‍ഡര്‍മാര്‍ മോര്‍ട്‌ഗേജ് നിരക്കുകളില്‍ 0.25 ശതമാനം വര്‍ദ്ധന വരുത്തിയിരുന്നു. രണ്ടു വര്‍ഷത്തിനിടയിലെ ശരാശരി ഫിക്‌സഡ് മോര്‍ട്‌ഗേജ് നിരക്ക് ഇപ്പോള്‍ 2.5 ശതമാനമായി മാറിയിരിക്കുകയാണ്. 2016 ജൂലൈക്ക് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.

ആറ് മാസങ്ങള്‍ക്കുള്ളിലുണ്ടായ രണ്ട് നിരക്ക് വര്‍ദ്ധനവുകള്‍ മോര്‍ട്‌ഗേജുകള്‍ തിരിച്ചടക്കുന്നവര്‍ക്ക് ഭാരമാകും. 1,75,000 പൗണ്ടിന്റെ ലോണ്‍ തിരിച്ചടക്കുന്ന ഒരു ശരാശരി വീട്ടുടമയ്ക്ക് കഴിഞ്ഞ ഓട്ടത്തില്‍ അടക്കേണ്ടി വന്നതിനേക്കാള്‍ 44 പൗണ്ട് അധികമായി അടക്കേണ്ടി വരുമെന്നാണ് കരുതുന്നത്. 2020നുള്ളില്‍ സെന്‍ട്രല്‍ ബാങ്ക് രണ്ട് തവണ കൂടി പലിശനിരക്കില്‍ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ മോര്‍ട്‌ഗേജ് നിരക്കുകള്‍ വീണ്ടും വര്‍ദ്ധിക്കുമെന്നത് ഉറപ്പാണ്.

്അടുത്ത മാസം നടക്കുന്ന റിവ്യൂവില്‍ പലിശനിരക്കുകള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉയര്‍ത്തിയേക്കുമെന്നാണ് കരുതുന്നത്. നിലവില്‍ 0.5 ശതമാനത്തില്‍ നില്‍ക്കുന്ന അടിസ്ഥാന നിരക്ക് 0.75 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് സൂചന. അതുകൊണ്ടുതന്നെ ലെന്‍ഡര്‍മാര്‍ നിരക്കുകള്‍ നേരത്തേ വര്‍ദ്ധിപ്പിച്ചു തുടങ്ങിയിരിക്കുകയാണ്. അതേസമയം ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്നതിനു ശേഷം മോര്‍ട്‌ഗേജ് വിപണി ഇപ്പോള്‍ ഒരു കുതിപ്പിന് തയ്യാറെടുക്കുകയാണെന്ന് മണിഫാക്ട്‌സ് എന്ന ഫിനാന്‍ഷ്യല്‍ ഡേറ്റ പ്രൊവൈഡര്‍ സ്ഥാപനത്തിന്റെ പ്രതിനിധി ഷാര്‍ലറ്റ് നെല്‍സണ്‍ പറഞ്ഞു.