ലോകകപ്പ് ആഘോഷിക്കാനെത്തിയ ആരാധകര്‍ക്കിടയിലേക്ക് ടാക്സി കാര്‍ പാഞ്ഞു കയറി. മോസ്‌കോ റെഡ് സ്‌ക്വയറിന് സമീപമാണ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ടാക്സി കാര്‍ പാഞ്ഞുകയറിയത്. സംഭവത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ലേകകപ്പിന്റെ ആവേശത്താല്‍ ശനിയാഴ്ച വൈകുന്നേരം നഗരത്തില്‍ ആഘോഷ നടക്കുന്ന സമയത്തായിരുന്നു അപകടം.

യുക്രെയ്ന്‍, അസര്‍ബൈജാന്‍, റഷ്യ എന്നീ രാജ്യങ്ങളിലെ പൗരത്വമുള്ളവര്‍ക്കാണ് പരിക്കേറ്റത്. മഞ്ഞ നിറമുള്ള ഹ്യൂണ്ടായ് കാര്‍ നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ച് കയറിയതിന് ശേഷം നടപ്പാതയിലൂടെ മീറ്ററുകളോളം മുന്നോട്ട് പോകുകയായിരുന്നു.

എന്നാല്‍ സംഭവം ബോധപൂര്‍വ്വം നടന്നതല്ലെന്നാണ് പൊലീസിന്റെ നിഗമനം. ദൃശ്യങ്ങള്‍ ഇത്് വ്യക്തമാക്കുന്നതായും പൊലീസ് പറഞ്ഞു. ഡ്രൈവറുടെ പക്കല്‍ നിന്നും കിര്‍ഗിസ്ഥാനില്‍ നിന്നുള്ള ഡ്രൈവിംഗ് ലൈസന്‍സാണ് ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഉറക്കകുറവ് മൂലം വണ്ടി നിയന്ത്രണം വിടുകയായിരുന്നുവെന്ന് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി.