വീട്ടില്‍ ഗ്യാസിന് തീപ്പിടിച്ചുണ്ടായ പൊട്ടിത്തെറിയില്‍ നാല് കുട്ടികള്‍ മരിച്ചു; മാതാപിതാക്കള്‍ക്കെതിരെ അശ്രദ്ധ മൂലമുള്ള നരഹത്യക്ക് കേസ്

വീട്ടില്‍ ഗ്യാസിന് തീപ്പിടിച്ചുണ്ടായ പൊട്ടിത്തെറിയില്‍ നാല് കുട്ടികള്‍ മരിച്ചു; മാതാപിതാക്കള്‍ക്കെതിരെ അശ്രദ്ധ മൂലമുള്ള നരഹത്യക്ക് കേസ്
February 09 04:41 2019 Print This Article

സ്റ്റാഫോര്‍ഡില്‍ വീട്ടിലുണ്ടായ തീപ്പിടിത്തത്തിലും പൊട്ടിത്തെറിയിലും നാലു കുട്ടികള്‍ മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്. അശ്രദ്ധ മൂലമുള്ള നരഹത്യക്കാണ് ഇവര്‍ക്കെതിരെ സ്റ്റാഫോര്‍ഡ്ഷയര്‍ പോലീസ് കേസെടുത്തത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. നതാലി യൂണിറ്റ് (24), പാര്‍ട്‌നറായ ക്രിസ് മൗള്‍ടണ്‍ (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മക്കളായ ജാക്ക് (2), ഓലി (3), കീഗന്‍ (6), എന്നിവരും നതാലിയുടെ നേരത്തേയുള്ള ബന്ധത്തിലെ മകനായ റൈലി(8)യുമാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നതാലിയും ക്രിസും ആശുപത്രിയില്‍ ചികിത്സയിലാണ്. ക്രിസിന് പൊള്ളലേറ്റിട്ടുണ്ട്, അതേസമയം നതാലിക്ക് പുക ശ്വസിച്ചതിന്റെ അസ്വസ്ഥതകളാണ് ഉള്ളത്. ഇരുവര്‍ക്കു ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് വിവരം.

തീപ്പിടിത്തത്തെ തുടര്‍ന്ന് വീടിന്റെ മുകള്‍ നിലയില്‍ നിന്ന് നതാലിയും ക്രിസും ഇളയ കുട്ടിയുമായി ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അപകടത്തിന് കാരണമെന്തെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ബോയിലര്‍ തകരാറു മൂലമുണ്ടായ ഗ്യാസ് ചോര്‍ച്ചയായിരിക്കാം കാരണമെന്നാണ് സൂചന. പുലര്‍ച്ചെ 2.40നാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. അപകടത്തില്‍ വീടിന്റെ മേല്‍ക്കൂരയും ജനലുകളും തകര്‍ന്നു. ചുമരുകള്‍ പുകയേറ്റ് കറുത്തു. സംഭവത്തില്‍ കേസെടുത്ത പോലീസ് ഇന്നലെ ഉച്ചക്ക് 1.30നാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

ഈ കുടുംബത്തിനു വേണ്ടി ആരംഭിച്ച ഫണ്ട് റെയിസിംഗ് പേജില്‍ 28,500 പൗണ്ടിലേറെ സഹായം എത്തിയിട്ടുണ്ട്. 1800ലേറെയാളുകള്‍ സംഭാവന നല്‍കി. കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധന പൂര്‍ത്തിയായിട്ടില്ലെന്ന് സ്റ്റാഫോര്‍ഡ്ഷയര്‍ കൊറോണറുടെ വക്താവ് അറിയിച്ചു. കൊറോണര്‍ക്ക് ഫയല്‍ ലഭിച്ചിട്ടുണ്ടെന്നും വക്താവ് വെളിപ്പെടുത്തി. കൊല്ലപ്പെട്ട കുട്ടികളുടെ അധ്യാപകര്‍ ഇവരെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പങ്കുവെച്ചത്.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles