ഹെഡ്ടീച്ചറുമായി വഴക്കിട്ടു; കുട്ടി പഠിക്കുന്ന സ്‌കൂള്‍ പരിസരത്ത് പ്രവേശിക്കുന്നതില്‍ നിന്ന് അമ്മയ്ക്ക് ഒരു വര്‍ഷത്തെ വിലക്ക്

ഹെഡ്ടീച്ചറുമായി വഴക്കിട്ടു; കുട്ടി പഠിക്കുന്ന സ്‌കൂള്‍ പരിസരത്ത് പ്രവേശിക്കുന്നതില്‍ നിന്ന് അമ്മയ്ക്ക് ഒരു വര്‍ഷത്തെ വിലക്ക്
November 05 05:01 2018 Print This Article

ഹെഡ്ടീച്ചറുമായി വഴക്കിട്ടതിന് കുട്ടി പഠിക്കുന്ന സ്‌കൂളില്‍ അമ്മയ്ക്ക് പ്രവേശന വിലക്ക്. സാലി വില്ലീസ് എന്ന 39കാരിക്കാണ് സ്റ്റാഫോര്‍ഡ്ഷയറിലെ ഹെറോണ്‍ ക്രോസ് പ്രൈമറി സ്‌കൂളില്‍ പ്രവേശിക്കുന്നതിന് സ്‌കൂള്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. തന്റെ സ്വകാര്യ വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നത് അനുവദിക്കാനാകില്ലെന്ന് ഹെഡ്ടീച്ചര്‍ ഡോറി ഷെന്റണോട് താന്‍ പറഞ്ഞിരുന്നുവെന്ന് സാലി വില്ലിസ് പറഞ്ഞു. ഇപ്പോള്‍ കുട്ടിയെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ വരെ കൊണ്ടു വിടാന്‍ മാത്രമേ ഇവര്‍ക്ക് കഴിയൂ. സ്‌കൂള്‍ പരിസരത്ത് പ്രവേശിക്കാനോ പേരന്റ്‌സ് ഈവനിംഗ് പോലെയുള്ള പരിപാടികളില്‍ പങ്കെടുക്കാനോ ഇവര്‍ക്ക് അനുവാദമില്ല. കുട്ടികള്‍ക്ക് അപായമുണ്ടാക്കും എന്നാണ് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഹെഡ്ടീച്ചര്‍ ആരോപണമുന്നയിച്ചിരിക്കുന്നത്.

ഒരു വര്‍ഷത്തേക്കാണ് വിലക്ക്. ഇക്കാലയളവില്‍ കുട്ടിയുടെ പഠനം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ലോക്കല്‍ അതോറിറ്റിയുടെ മധ്യസ്ഥത തേടണം. ഇത് വളരെ നിരാശാജനകമാണെന്ന് വില്ലീസ് പറയുന്നു. ഇവരുടെ എട്ടു വയസുകാരനായ മകനാണ് സ്‌കൂളില്‍ പഠിക്കുന്നത്. സ്‌കൂളില്‍ ഒരു ടീച്ചിംഗ് അസിസ്റ്റന്റായി ജോലി ലഭിക്കുമോ എന്ന് അന്വേഷിച്ചപ്പോള്‍ ഹെഡ്ടീച്ചര്‍ അനുവാദം നല്‍കിയില്ല. തനിക്ക് പോസ്റ്റ്‌നേറ്റല്‍ ഡിപ്രഷന്‍ ഉണ്ടെന്നും അതിനാല്‍ കുട്ടികളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി ഈ ജോലി നല്‍കാന്‍ കഴിയില്ലെന്നുമാണ് അവര്‍ അറിയിച്ചത്. ഇതേത്തുടര്‍ന്ന് വില്ലീസ് സ്‌കൂളിന് പരാതി നല്‍കി. സ്‌കൂള്‍ ഭരണസമിതിക്കാണ് പരാതി നല്‍കിയത്. മൂന്നര വര്‍ഷം മുമ്പ് തനിക്ക് പോസ്റ്റ് നേറ്റല്‍ ഡിപ്രഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ നിന്ന് താന്‍ മുക്തയാണെന്ന് സ്‌കൂളിനെ അറിയിച്ചുവെന്നും വില്ലീസ് പറഞ്ഞു.

തനിക്ക് ജോലി ചെയ്യാന്‍ അനുവാദം നല്‍കില്ലെന്ന് പറയുന്നതു വരെ പ്രശ്‌നമില്ല. പക്ഷേ തനിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ചര്‍ച്ച വന്നതോടെ അത് സ്വകാര്യ വിവരങ്ങള്‍ പുറത്തു വിടുന്നതിന് തുല്യമായാണ് തോന്നിയത്. ഇത് കൗണ്‍സിലില്‍ പരാതിയായി ബോധിപ്പിച്ചു. അവര്‍ അന്വേഷണം നടത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് തനിക്ക് പരാതിയുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് കൗണ്‍സിലിനോട് പറഞ്ഞിരുന്നു. എന്നാല്‍ പോസ്റ്റ്‌നേറ്റല്‍ ഡിപ്രഷന് വിധേയരായവരെ സ്‌കൂളും കൗണ്‍സിലും പരിഗണിക്കുന്ന രീതിയില്‍ താന്‍ സന്തുഷ്ടയല്ലെന്നും അവര്‍ പറഞ്ഞു.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles