17കാരിയെ ഇരട്ടി പ്രായമുള്ള ബന്ധുവുമായി വിവാഹത്തിന് നിര്‍ബന്ധിച്ചു; വിവാഹത്തിന് പെണ്‍കുട്ടിയെ പാകിസ്ഥാനിലേക്ക് കടത്തി; മാതാവ് കുറ്റക്കാരിയെന്ന് കോടതി

17കാരിയെ ഇരട്ടി പ്രായമുള്ള ബന്ധുവുമായി വിവാഹത്തിന് നിര്‍ബന്ധിച്ചു; വിവാഹത്തിന് പെണ്‍കുട്ടിയെ പാകിസ്ഥാനിലേക്ക് കടത്തി; മാതാവ് കുറ്റക്കാരിയെന്ന് കോടതി
May 23 06:03 2018 Print This Article

17കാരിയായ മകളെ ബന്ധുവിനെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ച മാതാവ് കുറ്റക്കാരിയെന്ന് കോടതി. ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയാണ് മാതാവ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ഇരട്ടി പ്രായമുള്ള ബന്ധുവിന് കുട്ടിയെ വിവാഹം ചെയ്ത് നല്‍കാന്‍ മാതാവ് തീരുമാനിക്കുകയായിരുന്നു. ഇതിനായി വരന്റെ സ്വദേശമായ പാകിസ്ഥാനിലേക്ക് പെണ്‍കുട്ടിയെ ഇവര്‍ എത്തിക്കുകയും ചെയ്തു. ബന്ധുവീട്ടില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനാണ് പാകിസ്ഥാനിലേക്ക് പോകുന്നതെന്ന് പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച മാതാവ് പിന്നീട് വിവാഹക്കാര്യം അവതരിപ്പിക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ച പെണ്‍കുട്ടി യുകെയില്‍ തിരിച്ചെത്തിയ ഉടന്‍ അമ്മയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു. പിന്നീട് ഇവരുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം താന്‍ വിവാഹത്തിന് മകളെ നിര്‍ബന്ധിച്ചിട്ടില്ലെന്ന് അമ്മ പറഞ്ഞു. കോടതിയില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ വ്യാജമാണെന്നും അവര്‍ പറഞ്ഞു. നിര്‍ബന്ധിത വിവാഹം ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന ആദ്യത്തെ കേസാണിത്. ഇത്തരം പ്രവണതകള്‍ അതീവ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുമെന്നും ഒരുതരത്തിലും പെണ്‍കുട്ടികളുടെ അനുവാദമില്ലാതെ വിവാഹം നടത്താന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. മകളുടെയും അമ്മയുടെയും പേരുവിവരങ്ങള്‍ ലഭ്യമല്ല. ഇരയുടെ സ്വകാര്യതയെ മാനിച്ച് പേരോ ഇതര വിവരങ്ങളോ പ്രസിദ്ധീകരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. പാകിസ്ഥാനിലേക്ക് പെണ്‍കുട്ടിയെ ചതിയിലൂടെയാണ് കൊണ്ടുപോയതെന്ന് കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.

വളരെക്കാലമായി ബ്രിട്ടനില്‍ താമസിച്ചുവരുന്ന കുടുംബമാണ് ഇവരുടേത്. ബന്ധുക്കളില്‍ മിക്കവരും പാകിസ്ഥാനിലാണ്. വിവാഹക്കാര്യത്തില്‍ പെണ്‍കുട്ടിയുടെ അനുവാദത്തിനായി മാത്രമാണ് ശ്രമിച്ചതെന്ന മാതാവിന്റെ വാദം കോടതി അംഗീകരിച്ചില്ല. അമ്മ വിവാഹം ഉറപ്പിച്ചയാളെ എനിക്ക് പങ്കാളിയാക്കാന്‍ ഇഷ്ടമല്ലായിരുന്നു. അമ്മയോട് യാചിച്ച് പറഞ്ഞിട്ടും തന്റെ അഭ്യര്‍ത്ഥന സ്വീകരിക്കാന്‍ തയ്യാറായില്ല. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ച ശേഷമാണ് ഞാന്‍ ഇക്കാര്യം അറിയുന്നതെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. ഇത്തരം പ്രവൃത്തികള്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. ഇവരുടെ ശിക്ഷ പിന്നീട് വിധിക്കും.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles