ലണ്ടന്‍: സെപ്‌സിസ് സ്ഥിരീകരിക്കാന്‍ ആശുപത്രി വൈകിയതു മൂലം 31കാരിയായ സ്ത്രീക്ക് നഷ്ടമായത് തന്റെ ഇരുകാലുകളും വലതുകയ്യും. ജീവന്‍ രക്ഷിക്കാന്‍ ഇവരുടെ വൃക്ക മാറ്റിവെക്കേണ്ടതായും ഇടതു കയ്യിലെ വിരലുകള്‍ മുറിച്ചു മാറ്റേണ്ടതായും വന്നു. മഗ്ദലേന മലേക് എന്ന സ്ത്രീക്കാണ് ഈ ദുരനുഭവമുണ്ടായത്. എക്ടോപിക്ക് പ്രഗ്നന്‍സി അഥവാ ട്യൂബുലാര്‍ പ്രെഗ്നന്‍സിയുമായി ആശുപത്രിയിലെത്തിയ ഇവരെ വേദനാ സംഹാരികളും മറ്റ് മരുന്നുകളും നല്‍കി ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റ് തിരികെ വീട്ടിലേക്ക് അയക്കുകയായിരുന്നു. കടുത്ത രക്തസ്രാവവും വയറില്‍ പേശിവലിവുമായി എത്തിയിട്ടും ആശുപത്രിയധികൃതര്‍ കാര്യമായി ശ്രദ്ധിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. ലൂട്ടന്‍ ആന്‍ഡ് ഡണ്‍സ്റ്റേബിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലാണ് ഈ വലിയ പിഴവ് വരുത്തിയത്.

2014 ഡിസംബര്‍ 25ന് വീണ്ടും ആശുപത്രിയിലെത്തിയപ്പോളാണ് ട്യൂബുലാര്‍ ഗര്‍ഭം സ്ഥിരീകരിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി ഫലോപ്പിയന്‍ ട്യൂബ് നീക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ശസ്ത്രക്രിയ നടത്തുന്നതും ആശുപത്രി വൈകിപ്പിച്ചു. ഇതിനിടയില്‍ ആശുപത്രിയില്‍ വെച്ചുതന്നെ അണുബാധയേറ്റ മഗ്ദലേനയുടെ ശരീരകോശങ്ങള്‍ മരിക്കാന്‍ ആരംഭിച്ചിരുന്നു. സെപ്‌സിസ് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കാതെ വന്നതോടെയാണ് മഗ്ദലേനയുടെ സ്ഥിതി മോശമായത്. പിന്നീട് കൈകാലുകള്‍ മുറിച്ചുമാറ്റുന്നതിനായി ഇവര്‍ക്ക് ആറു മാസം വീണ്ടും കാത്തിരിക്കേണ്ടതായി വന്നു.

അതിനിടയില്‍ ആഴ്ചയില്‍ മൂന്ന് തവണ വീതം ഡയാലിസിസിനായി ഇവര്‍ക്ക് ആശുപത്രിയില്‍ വരേണ്ടതായും വന്നിരുന്നു. നാല് മണിക്കൂറോളം നീളുന്ന സെഷനുകളായിരുന്നു ഇവ. രണ്ട് പെണ്‍കുട്ടികളുടെ മാതാവായിരുന്ന ഇവരുടെ വിവാഹബന്ധവും ഇതിനിടെ തകരാറിലായി. തനിക്ക് നഷ്ടമായതൊന്നും ആര്‍ക്കും തിരികെ നല്‍കാനാവില്ലെന്ന് മഗ്ദലേന പറയുന്നു. ഇപ്പോള്‍ തന്റെ കാര്യങ്ങള്‍ ചെയ്യാന്‍ പോലും ആദ്യം മുതല്‍ പഠിച്ചു വരികയാണെന്നും അവര്‍ പറഞ്ഞു. തന്റെ കുട്ടികള്‍ക്ക് മുടികെട്ടിക്കൊടുക്കാനോ തന്റെ നഖങ്ങള്‍ക്ക് ചായം പൂശാനോ കഴിയില്ലെന്ന് അവര്‍ സങ്കടപ്പെടുന്നു. സംഭവത്തില്‍ എന്‍എച്ച്എസും ലൂട്ടന്‍ ആന്‍ഡ് ഡണ്‍സ്റ്റേബിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലും ക്ഷമാപണവുമായി രംഗത്തെത്തിയിട്ടുണ്ട്. മഗ്ദലേനയ്ക്ക് ഇടക്കാല നഷ്ടപരിഹാരവും നല്‍കി.