കാമുകനൊപ്പം ജീവിക്കാന്‍ മക്കളെ കുളത്തിലെറിഞ്ഞ് കൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും.കല്‍പ്പകഞ്ചേരി പുത്തനത്താണി ചേറൂരാല്‍പറമ്പ് പന്തല്‍പറമ്പില്‍ റഫീഖിന്റെ ഭാര്യ ആയിഷ(43)യെയാണ് ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കില്‍ ആറുമാസത്തെ അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഇവരെ ജീവപരന്ത്യം ശിക്ഷിച്ചത്.

കേസിലെ രണ്ടാം പ്രതിയും ആയിഷയുടെ കാമുകനുമായ ഓട്ടോ ഡ്രൈവര്‍ ബാവപ്പടി പുന്നത്തല കക്കാട് ഷാഫി(35)യെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി കഴിഞ്ഞ വെറുതെ വിട്ടിരുന്നു.

2013 ഡിസംബര്‍ 18നായിരുന്നു കേസിന്നാസ്പദമായ സംഭവം. ഭര്‍ത്താവ് റഫീഖ് വിദേശത്തായിരുന്ന സമയത്ത് ഓട്ടോ ഡ്രൈവര്‍ ബാവപ്പടി പുന്നത്തല കക്കാട് ഷാഫിയുമായി വീട്ടമ്മ ബന്ധം സ്ഥാപിച്ചു. ബന്ധം പ്രണയത്തിലേക്ക് വഴിമാറിയതോടെയാണ് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും കുട്ടികള്‍ തടസ്സമാവുമെന്ന് മനസ്സിലാക്കിയാണ് കൊല്ലാന്‍ തീരുമാനിക്കുന്നത്.

അങ്ങനെയാണ് ഒമ്പതും ഏഴും പ്രായമുള്ള മക്കളെ കൊലപ്പെടുത്താന്‍ ആയിഷ തീരുമാനിക്കുന്നത്. ഒമ്പതുകാരനായ മുഹമ്മദ് ഷിബിനേയും ഏഴ് വയസുകാരിയായ ഫാത്തിമ റഫീദയേയും മദ്രസയിലേക്ക് കൊണ്ടുപോവുന്നതിനിടെ വഴിയിലുള്ള ആഴമേറിയ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു.

എന്നാല്‍ കുട്ടികളുടെ കൊലപാതക വിവരം അറിഞ്ഞതോടെ കാമുകന്‍ ഭയന്ന് പിന്മാറി. തുടര്‍ന്ന് ആയിഷ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.