ട്രാഫിക് സിഗ്നലില്‍ നിന്ന് നിയമലംഘനം അറിയാതെ സംഭവിക്കുന്നത് സ്വഭാവികമാണ്. എന്നാല്‍ നിരന്തരമായി ഏതാണ്ട് 11 തവണ ഒരേ സിഗ്നലില്‍ നിന്ന് നിയമം തെറ്റിക്കേണ്ടി വരുന്നു എന്ന് പറയുന്നതില്‍ ഒരു അസ്വഭാവികതയില്ലേ. 37 കാരനായ ഫൗസല്‍ അഹമ്മദിന് സംഭവിച്ചത് ഇതാണ്. ഒരേ സിഗ്നലില്‍ നിന്ന് സംഭവിച്ച പിഴവ് കാരണം 11 തവണ 65 പൗണ്ട് വീതം പിഴയൊടുക്കേണ്ടി വന്നു. അഹമ്മദ് താല്‍ക്കാലികമായി ജോലി ചെയ്യുന്ന അതേ കൗണ്‍സിലാണ് ഇത്രയധികം തുക ഫൈനായി ഈടാക്കിയിരിക്കുന്നത്. സാധാരണയായി ഒരാള്‍ക്കും 11 തവണ ഒരേ സിഗ്നലില്‍ നിന്ന് സ്ഥിരമായി തെറ്റുകള്‍ സംഭവിക്കില്ലെന്നും ഇവിടെ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ അശാസ്ത്രീയമാണെന്നും അഹമ്മദ് പറയുന്നു.

ഹെക്‌നിയിലെ ഒരു ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയില്‍ ആഴ്ച്ചയില്‍ കുടുങ്ങുന്നത് 30ലധികം പേരാണ്. പ്രസ്തുത ട്രാഫിക് ക്യാമറ സ്ഥാപിച്ചിട്ട് വെറും ഒമ്പത് ആഴ്ച്ചകള്‍ മാത്രമെ ആയിട്ടുള്ളു ഇതിനോടകം ഏതാണ്ട് 100,000 പൗണ്ട് ഫൈനായി ഒരോ ആഴ്ച്ചയിലും ലഭിക്കുന്നു. 14000 ത്തോളം പേരാണ് ആകെ പിഴ ഒടുക്കേണ്ടി വന്നിട്ടുള്ളത്. ട്രാഫിക് പോസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ വ്യക്തമല്ലെന്നും മോട്ടോറിസ്റ്റുകളെ ഇത് ആശയകുഴപ്പത്തിലാക്കുന്നതായും അഹമ്മദ് പറയുന്നു. താന്‍ താല്‍ക്കാലിക ജീവനക്കാരനായ കൗണ്‍സിലിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറയുന്നു.

നിരന്തരമായി പിഴയൊടുക്കേണ്ടി വന്നത് കാരണം മാനസികമായി വളരെയേറെ ബുദ്ധിമുട്ടുകളുണ്ടായി, ഉറക്കമില്ലാത്ത രാത്രികളാണ് ഈ പിഴ ശിക്ഷ തനിക്ക് സമ്മാനിച്ചതെന്ന് അഹമ്മദ് പറയുന്നു. അഹമ്മദിന് ലഭിച്ച സമാനരീതിയില്‍ നിരവധി പേര്‍ക്ക് ഈ ജംഗ്ഷനില്‍ നിന്ന് പിഴ ലഭിച്ചിട്ടുണ്ട്. ചിലര്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വരികയും ചെയ്തിരുന്നു. കൗണ്‍സില്‍ അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. രാവിലെ 7 മുതല്‍ 10 വരെയും വൈകീട്ട് 3 മുതല്‍ 7 വരെയും മാത്രമാണ് ഇവിടെ ഇടത്തേക്ക് തിരിയുന്നതില്‍ നിരോധനമുള്ളത്. എന്നാല്‍ ഇത് എഴുതി വെച്ചിരിക്കുന്ന ബോര്‍ഡ് ഉള്‍പ്പെടെ വ്യക്തമല്ലെന്നാണ് ആരോപണം.